Follow KVARTHA on Google news Follow Us!
ad

ഇടത് മുസ്ലിം വിരുദ്ധതയുടെ ഐഎന്‍എല്‍ കാഴ്ചകളും ഭാവിയും

കാല്‍നൂറ്റാണ്ടുകാലം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമേഖലയില്‍ സ്വാധീനം ചെലുത്തിയ മുസ്ലിം ന്യൂനപക്ഷ കക്ഷികളില്‍ ഒരു വിഭാഗമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്.Article, INL, Muslim, Trending, Politics, LDF, Muslim Contradiction in INL view
സഫ് വാന്‍ തുരുത്തി

(www.kvartha.com 14.02.2018) കാല്‍നൂറ്റാണ്ടുകാലം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമേഖലയില്‍ സ്വാധീനം ചെലുത്തിയ മുസ്ലിം ന്യൂനപക്ഷ കക്ഷികളില്‍ ഒരു വിഭാഗമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്. ഒരു കാലത്ത് ഇടത് വിരുദ്ധത പ്രകടിപ്പിച്ചിരുന്ന മലപ്പുറത്തടക്കം പല മുസ്ലിം മേഖലകളിലും ഇടതുപക്ഷം തങ്ങളുടെ സ്വാധീനം ഉറപ്പിച്ചത് ഐ എന്‍ എല്ലിന്റെ പിന്‍ബലത്തോടുകൂടിയാണെന്ന കാര്യം മറച്ചുവെക്കാനാവാത്ത വസ്തുതയാണ്. സി.പി.എമ്മിന് ബാലികേറാമലയായിരുന്ന മലപ്പുറത്തെ മിക്ക പഞ്ചായത്ത് ഭരണവും സി.പി.എം പിടിച്ചെടുത്തത് ഐ.എന്‍.എല്ലിന്റെയും മറ്റും സഹായത്തോടെയായിരുന്നു.

ഐ എന്‍ എല്ലിനെ കൂടാതെ ഇടതുപക്ഷത്തിന് മുസ്ലിം ന്യൂനപക്ഷ മേഖലയില്‍നിന്ന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ ലഭിച്ച മറ്റൊരു വിഭാഗമാണ് കേരളത്തിലെ പ്രബല സുന്നിസംഘടനയായ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന എസ്എസ്എഫിന്റേത്.
പക്ഷെ ഇന്നതിന്റെ മാറ്റുകുറഞ്ഞുവരികയാണ്. എപി വിഭാഗത്തിന്റെ മീറ്റുകളിലും സമ്മേളനങ്ങളിലും മറ്റും ഇടതിന്റെ കപട മതേതരത്വവും, ന്യൂനപക്ഷ പ്രീണനവും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വേറൊരുകാര്യമാണ് ഐ എന്‍ എല്ലിന്റെ മുന്നണി പ്രവേശനം. കാല്‍നൂറ്റാണ്ടുകാലമായി ഇടതുപക്ഷത്തിന്റെ സഹയാത്രികരായി നിന്ന് കേരളത്തില്‍ പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍
സിപിഎമ്മിന് കരുത്ത് പകര്‍ന്ന രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്.

നിര്‍ഭാഗ്യകരം അല്ലെങ്കില്‍ രാഷ്ട്രീയവഞ്ചന എന്നുപറയട്ടെ 25 വര്‍ഷത്തിനിടയില്‍ പലതവണ മുന്നണി പ്രവേശനം ആവശ്യപ്പെട്ടിട്ടും എല്‍ഡിഎഫ് നേതൃത്വം മുഖംതിരിക്കുകയാണ് ചെയ്തത്. നേരെ മറിച്ച് ഭരണ മാറ്റത്തിനനുസരിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന കക്ഷികളെ യാതൊരു വിലക്കുകളുമില്ലാതെ ചുവന്ന പരവതാനിവിരിച്ച് സ്വാഗതം ചെയ്യുകയാണ് എല്‍ഡിഎഫിന്റെ നേതാക്കള്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വീരേന്ദ്രകുമാറിന്റെ മുന്നണിമാറ്റം.

ഐ എന്‍ എല്ലിന്റെ രാഷ്ട്രീയ എതിരാളികള്‍ പറയുന്നതുപോലെ ഇടതിന്റെ വര്‍ഗീയ കാഴ്ചപ്പാടാണ് മുന്നണിപ്രവേശനം നടക്കാത്തതെന്ന ആരോപണം നീണ്ടവര്‍ഷങ്ങക്കു ശേഷം ഐ എന്‍ എല്‍ ശരിവെക്കുകയാണ്. ഇതിന് വ്യക്തമായ കാരണവുമുണ്ട്. മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐ എന്‍ എല്‍ രൂപീകരിച്ചതുമുതല്‍ മുന്നണിപ്രവേശനമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. അന്നൊക്കെ വര്‍ഗീയനിലപാട് സ്വീകരിച്ച പാര്‍ട്ടിയാണെന്ന് പറഞ്ഞ് എല്‍ഡിഎഫ് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയായിരുന്നു.

പിന്നീട് കാലക്രമേണ ഇടതുപക്ഷം ന്യൂനപക്ഷമേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഐ എന്‍ എല്ലെന്ന് മനസ്സിലാക്കി അവരുടെ നയം മയപ്പെടുത്തി ഐ എന്‍ എല്ലിന്റെ പരിപാടികളിലൊക്കെ പരസ്പരം വേദി പങ്കിടുകയാണുണ്ടായത്. അത് ഇപ്പോഴും തുടരുന്നു. അപ്പോഴും മുന്നണി പ്രവേശനം ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുന്നു. അവസാനമായി ഐ എന്‍ എല്ലിനെ ചൊടിപ്പിച്ചത് മുന്നണിക്കകത്തില്ലെങ്കിലും ഒരു ഘടകകക്ഷി കാണിക്കേണ്ട എല്ലാ മര്യാദകളും, ആത്മാര്‍ത്ഥതയും തെരെഞ്ഞെടുപ്പ് കാലത്തും അല്ലാതെയും പുലര്‍ത്തിക്കൊണ്ട് എല്‍ഡിഎഫ് നേതൃത്വത്തിന്റെ അവസാനമായി ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മുന്നണിപ്രവേശനം കാത്തുനില്‍ക്കേ മറുകണ്ടം ചാടിവന്ന വീരേന്ദ്രകുമാറിന് പച്ചക്കൊടികാണിച്ചതാണ്.

ഇത് പ്രകടമാകുന്നത് ഇടതുപക്ഷത്തിന്റെ വര്‍ഗീയ കാഴ്ചപ്പാടാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസംചേര്‍ന്ന ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ഇനിയും കാത്തിരിക്കാന്‍ വയ്യ രണ്ടിലൊന്ന് അറിയണമെന്ന ശക്തമായ നിലപാട് നേതൃത്വം അറിയിച്ചത്. ഐ എന്‍ എല്ലിനോടൊപ്പം എപി വിഭാഗവും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധത ചൂണ്ടിക്കാട്ടിക്കുമ്പോള്‍ അത് ഇടതിന് വിനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

(ഐ എം സി സി തുരുത്തി ശാഖ സെക്രട്ടറിയാണ് ലേഖകൻ)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, INL, Muslim, Trending, Politics, LDF, Muslim Contradiction in INL view
< !- START disable copy paste -->