Follow KVARTHA on Google news Follow Us!
ad

കെ.പി രാമനുണ്ണി, അങ്ങ് വ്യത്യസ്തനാണ്

ഒഴുക്കിനെതിരെ നീന്തുന്നവരെയാണ് ജനങ്ങള്‍ എന്നും ധീരന്മാരായി കാണുക. ലോകം ബഹുമാനപൂര്‍വ്വം ഉച്ചരിക്കുന്ന ഭൂരിഭാഗം നാമങ്ങളും അങ്ങനെയുള്ളവരുടെതാണ്. ഭരണകൂടത്തിന്റെയുംKerala, Article, Writer, Killed, Junaid, Akhlakh, Ramanunni, K.P Ramanunni... You are Different, article
മുബീന്‍ ആനപ്പാറ

(www.kvartha.com 19.02.2018) ഒഴുക്കിനെതിരെ നീന്തുന്നവരെയാണ് ജനങ്ങള്‍ എന്നും ധീരന്മാരായി കാണുക. ലോകം ബഹുമാനപൂര്‍വ്വം ഉച്ചരിക്കുന്ന ഭൂരിഭാഗം നാമങ്ങളും അങ്ങനെയുള്ളവരുടെതാണ്. ഭരണകൂടത്തിന്റെയും ഭൂരിപക്ഷത്തിന്റെയും തെറ്റിനെതിരെയും കൊള്ളരുതായ്മകള്‍ക്കെതിരെയും ശബ്ദിക്കുന്നവരാണ് യഥാര്‍ത്ഥ ധീരന്മാര്‍. ഭാരതം വര്‍ഗീയ ശക്തികളുടെ കൈകളില്‍ ഞെരിഞ്ഞമരുമ്പോള്‍ ശക്തമായി പ്രതിഷേധിച്ചവരാണ് ഭൂരിഭാഗം പേരും. തൂലികകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും വരകള്‍ കൊണ്ടും വോട്ട് കൊണ്ടും മൊബൈല്‍ ഫോണിലെ കീപാഡുകള്‍ കൊണ്ട് വരെ പ്രതിഷേധ സ്വരം മുഴക്കപ്പെട്ടു.

പക്ഷെ വര്‍ഗീയ ശക്തികള്‍ക്കെതിരെ തൂലിക ചലിപ്പിച്ചതിന്റെ കാരണത്താല്‍ കല്‍ബുര്‍ഗ്ഗിയേയും ദബോല്‍ക്കറേയും ഭഗവാനെയും ഗൗരി ലങ്കേഷിനെയും യമപുരിയിലേക്ക് യാത്രയയപ്പ് നല്‍കി. വര്‍ഗീയ ചിന്തകളെയും രീതികളെയും നഖശിഖാന്തം എതിര്‍ത്ത അനന്തമൂര്‍ത്തിയുടെ മൃതദേഹത്തോട് പോലും അപമര്യാദയായി പെരുമാറി. ഗോമാംസം കഴിച്ചുവെന്നാരോപിച്ച് അഖ്‌ലാക്കിനെയും സൂക്ഷിച്ചുവെന്നാരോപിച്ച് ജുനൈദിനെയും മരണത്തിലേക്ക് തള്ളിവിട്ടു. ജാതി മേല്‍ക്കോയ്മക്കെതിരെ ശബ്ദിച്ചതിനാല്‍ ഉനെയിലെ ദളിതരെയും ക്രൂരമായി മര്‍ദിച്ചു. ഭാരതം ഏറെ കൊട്ടിഘോഷിച്ച നാനാത്വത്തില്‍ ഏകത്വം തകര്‍ന്ന് തരിപ്പണമായി വീണു. എവിടെയും എപ്പോഴും വര്‍ഗീയ കലാപമുണ്ടാകാമെന്ന സ്ഥിതി. ഏതൊരു ഇന്ത്യന്‍ പൗരനും ഏത് നിമിഷവും കൊല്ലപ്പെടാം, അക്രമിക്കപ്പെടാം. കൂടെ നില്‍ക്കേണ്ട ഭരണകൂടമോ നിയമപാലകരോ തിരിഞ്ഞു നോക്കിയേക്കില്ല.

ഇന്ത്യന്‍ സംസ്‌ക്കാരം അന്ധകാരത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് ഊളിയിടുകയായിരുന്നു. അഭിപ്രായം, സഞ്ചാരം, ഭക്ഷണം, താമസം, വസ്ത്രം, മതവിശ്വാസം, തൊഴില്‍ തുടങ്ങിയുള്ള എല്ലാ വിധ സ്വാതന്ത്രങ്ങളും നിഷേധിക്കുന്നതിന്റെ ശൈശവത്തിലായിരുന്നു ഇന്ത്യ. പ്രതിഷേധിക്കേണ്ടതും തിരുത്തേണ്ടതും ഇന്ത്യന്‍ സമൂഹത്തിലെ സാംസ്‌കാരിക നായകന്മാരായിരുന്നു. ഒരു വേളയിലെ നിദ്ര കഴിഞ്ഞ് അതിശക്തന്മാരായി തന്നെ അവര്‍ ഉയര്‍ത്തെഴുന്നേറ്റു. വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ശബ്ദിക്കാനോ നടപടിയെടുക്കാനോ മുതിരാത്ത സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ചും സഹപ്രവര്‍ത്തകരായ എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൊലപാതകങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

കന്നട എഴുത്തുകാരന്‍ ജി. രാജശേഖര്‍ പ്രശസ്ത എഴുത്തുകാരി ദലീപ് കൗര്‍, ദായ് ബല്‍ദീപ് സിംഗ്, പ്രത്യദയ് പവാര്‍, സാറാ ജോസഫ് തുടങ്ങിയ നീണ്ടനിര വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാറുകള്‍ നല്‍കിയ പുരസ്്കാരങ്ങള്‍ നിഷേധിച്ചു. മലയാളി സാഹിത്യകാരായ സച്ചിദാനന്ദനും പി.കെ പാറക്കടവും കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്നും രാജിവെച്ചു. ഭാരതത്തിന്റെ പുനരുദ്ധാരണത്തിനായി വ്യാപകമായ തോതില്‍ സാഹിത്യകാരുടെ തൂലികകള്‍ ചലിക്കപ്പെട്ടു. അരുന്ധതി റോയിയെ പോലുള്ള സാഹിത്യകാരും പ്രകാശ് രാജിനെ പോലെയുള്ള സിനിമാ പ്രവര്‍ത്തകരും പീഡിതര്‍ക്ക് താങ്ങായി നില കൊണ്ടു. പക്ഷെ എന്നും വ്യത്യസ്തത കൊണ്ട് അത്ഭുതം സൃഷ്ടിച്ചു പൊന്നാനിക്കാരന്‍ കെ.പി രാമനുണ്ണി. ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്തകം എന്നീ രണ്ട് കൃതികള്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇരിപ്പിടമുറപ്പിച്ച സാഹിത്യകാരന്‍. അദ്ദേഹത്തിന്റെ 'ദൈവത്തിന്റെ പുസ്തകം' 2017ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹത നേടി. പുരസ്‌ക്കാര നിഷേധം കൊണ്ട് സമ്പന്നമായ സമര മുഖത്തെ മാറ്റിയെഴുതാനാണ് കെ.പി രാമനുണ്ണി ഈ പുരസ്‌കാരത്തെ വിനിയോഗിച്ചത്.

ഡല്‍ഹിയില്‍ പോയി പുരസ്‌ക്കാരം സ്വീകരിച്ച രാമനുണ്ണി, സര്‍ക്കാര്‍ നല്‍കിയ പുരസ്‌ക്കാരത്തെയും അവര്‍ നല്‍കിയ തുകയെയും മറ്റൊരു കുടുംബത്തിന് സമര്‍പ്പിക്കുകയായിരുന്നു. ചെറിയ പെരുന്നാളിന്റെ തലേ ദിവസം ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്നും പുതുവസ്ത്രം വാങ്ങി ഹരിയാനയിലെ ഫരീദാബാദിനോടടുത്ത് ഖണ്ഡാവാലിയിലേക്ക് വരികയായിരുന്ന ഹാഫിസ് ജുനൈദെന്ന ചെറുപ്പക്കാരനെ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് വര്‍ഗീയ ഗുണ്ടകള്‍ കൊലപ്പെടുത്തി. ആ ജുനൈദിന്റെ കുടുംബത്തിന് രാമനുണ്ണി തനിക്ക് ലഭിച്ച പുരസ്‌ക്കാരം സമര്‍പ്പിക്കുകയായിരുന്നു. പുരസ്‌ക്കാര നിഷേധത്തേക്കാളും രാജിയേക്കാളും മൂര്‍ച്ച കൂടിയ സമരായുധം. ''കെ.പി രാമനുണ്ണി, തീര്‍ച്ചയായും അങ്ങ് വ്യത്യസ്തനാണ്. ഞാനൊരു പൊന്നാനിക്കാരന്‍ ഹിന്ദുവാണെന്ന് ആവര്‍ത്തിച്ചു പറയുന്ന അങ്ങ് മതസൗഹാര്‍ദ്ദത്തിന്റെ പുതുപാഠങ്ങളാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അങ്ങെയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍''...


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Writer, Killed, Junaid, Akhlakh, Ramanunni, K.P Ramanunni... You are Different, article, Mubeen Anappara.
< !- START disable copy paste -->