Follow KVARTHA on Google news Follow Us!
ad

പിണറായിയുടെ ആറാംനാള്‍ പ്രതികരണത്തിനു പിന്നില്‍ കാന്തപുരം; കോണ്‍ഗ്രസിനും ലീഗിനും വടി കൊടുക്കാതിരിക്കാന്‍ കാന്തപുരത്തിന്റെ സഹായം തേടി

ഷുഹൈബ് വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവസാനിപ്പിക്കാന്‍ തയ്യാറായതിനുThiruvananthapuram, News, Politics, Religion, Murder case, Crime, Criminal Case, CPM, Congress, Facebook, post, Kerala, Pinarayi vijayan,
തിരുവനന്തപുരം: (www.kvartha.com 19.02.2018) ഷുഹൈബ് വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവസാനിപ്പിക്കാന്‍ തയ്യാറായതിനു പിന്നില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സമ്മര്‍ദം. കാന്തപുരം സന്ദര്‍ശിച്ച പിന്നാലെയാണ് മുഖ്യമന്ത്രി ആദ്യമായി ഷുഹൈബ് വധത്തില്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിയെയോ ആഭ്യന്തര വകുപ്പിനെയോ വിമര്‍ശിക്കാതെയും പ്രതിപക്ഷത്തിനു വടി കൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചും കാന്തപുരവും മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കി. രണ്ടു പ്രതികരണങ്ങളും പരസ്പരം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചതാണെന്ന് സൂചനയുണ്ട്. ഷുഹൈബ് രാഷ്ട്രീയമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെങ്കിലും സാമുദായികമായി സജീവ എ പി സുന്നിയായിരുന്നു. അതുകൊണ്ടുതന്നെ ഷുഹൈബ് വധം സിപിഎമ്മും കാന്തപുരം വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന അടുപ്പത്തെ ബാധിക്കാന്‍ ഇടയാക്കും എന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ടായി.


കാന്തപുരം വിഭാഗത്തിനുള്ളിലാകട്ടെ ഈ വിഷയം വലിയ രോഷമായി മാറിക്കൊണ്ടിരിക്കുകയുമായിരുന്നു. അതിനിടെയാണ് കാന്തപുരവും പിണറായിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം കാന്തപുരം മുഖ്യമന്ത്രിയെ കാണുകയായിരുന്നുവെന്നാണ് വിവരം. മുസ്ലീം ലീഗും കോണ്‍ഗ്രസും ഷുഹൈബ് വധത്തെ സിപിഎമ്മിനും സര്‍ക്കാരിനും എതിരാക്കി മാറ്റുന്നത് തടയാന്‍ കാന്തപുരത്തിന്റെ പരസ്യ പ്രസ്താവനയ്ക്കു സാധിക്കും എന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു.

മുഖ്യമന്ത്രി ഇതുവരെ ഷുഹൈബ് വധത്തെ അപലപിക്കാത്തത് ആളുകള്‍ക്കിടയില്‍ വലിയ രോഷത്തിനു കാരണമായതായി കാന്തപുരവും ചൂണ്ടിക്കാട്ടി. അതോടെയാണ് രണ്ടു പ്രസ്താവനകള്‍ക്കും തീരുമാനമായത്. ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്നും സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്.

അത് അദ്ദേഹത്തിന്റെ ഫേസ് ബുക് പേജിലും വാട്‌സാപ്പ് ഗ്രൂപ്പിലും പോസ്റ്റും ചെയ്തു. 'പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' എന്നായിരുന്നു പ്രസ്താവനയുടെ ബാക്കി ഭാഗം.

ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നു തുടങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയില്‍, നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടതായും അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ രക്ഷപ്പെടാതിരിക്കാനാണ് തെളിവുകള്‍ പുറത്ത് വിടാത്തതെന്നും അദ്ദേഹം പറയുകയും ചെയ്തു.

'രാഷ്ട്രീയ ജാതി മത പരിഗണനകളില്ലാതെ നിഷ്പക്ഷമായി അന്വേഷണം നടക്കുമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളും രക്ഷപ്പെടരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനൊപ്പം അവര്‍ക്ക് കടുത്ത ശിക്ഷയും ഉറപ്പ് വരുത്തണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യത്തിന് തന്നെ ആപത്താണ്. പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം വന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തും. കൊലപാതകങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കൊലക്കേസ് പ്രതികള്‍ക്ക് ഇസ്ലാം മതം കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തത്.'

കാന്തപുരത്തിന്റെ പ്രസ്താവനയുടെ ബാക്കി ഇങ്ങനെ. കാന്തപുരം നേരിട്ട് മുഖ്യമന്ത്രിയെ കാണുകയും മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളേക്കുറിച്ച് പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തതോടെ കാന്തപുരം വിഭാഗത്തിലെ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനുള്ള ലീഗ് , കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടക്കില്ലെന്നുറപ്പായി. അതുതന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ഉന്നം. മുഖ്യമന്ത്രിയെക്കൊണ്ട് പരസ്യപ്രതികരണം നടത്തിക്കാനായത് കാന്തപുരത്തിന്റെയും വിജയമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanthapuram is behind the CM's response on Shuhaib murder, Thiruvananthapuram, News, Politics, Religion, Murder case, Crime, Criminal Case, CPM, Congress, Facebook, Post, Kerala, Pinarayi vijayan.