Follow KVARTHA on Google news Follow Us!
ad

ജൂതശേഷിപ്പുകളുടെ വാച്യാനുഭവമായി സഹാപീഡിയ അഭിമുഖം

കൊച്ചിയുടെ ജൂതപാരമ്പര്യത്തെക്കുറിച്ച് അതിന്റെ ശേഷിപ്പുകാരനില്‍ നിന്നു തന്നെ കേട്ടതിന്റെ സന്തോഷത്തിലായിരുന്നു സഹാപീഡിയ സംഘടിപ്പിച്ച അഭിമുഖം പരിപാടിയില്‍ പങ്കെടുത്തവKerala, Kochi, News, India Heritage Walk Festival 2018: Exploring the history of Jews in Kochi.
കൊച്ചി: (www.kvartha.com 23.02.2018) കൊച്ചിയുടെ ജൂതപാരമ്പര്യത്തെക്കുറിച്ച് അതിന്റെ ശേഷിപ്പുകാരനില്‍ നിന്നു തന്നെ കേട്ടതിന്റെ സന്തോഷത്തിലായിരുന്നു സഹാപീഡിയ സംഘടിപ്പിച്ച അഭിമുഖം പരിപാടിയില്‍ പങ്കെടുത്തവര്‍. എറണാകുളം മാര്‍ക്കറ്റ് റോഡിലെ കടവുംഭാഗം ജൂതപ്പള്ളിയിലാണ് എറണാകുളത്തെ അവശേഷിക്കുന്ന ജൂതരില്‍ ഒരാളായ ഏലിയാസ് ജോസഫായിയുമായി അഭിമുഖം പരിപാടി നടന്നത്.

രാജ്യത്തെ കലാസാംസ്‌കാരിക പാരമ്പര്യത്തെക്കറിച്ചുള്ള ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയാണ് സഹാപീഡിയ. കേരളത്തിലെ പാരമ്പര്യത്തിനെക്കുറിച്ചും ചരിത്ര ശേഷിപ്പുകളെക്കുറിച്ചും അറിവ് പകരുന്ന ചര്‍ച്ചകള്‍, പദയാത്രകള്‍ തുടങ്ങിയവയുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ അഭിമുഖ പരിപാടിയായിരുന്നു ഇത്. സഹാപീഡിയയും യെസ് ബാങ്കിന്റെ വിജ്ഞാനവിഭാഗമായ യെസ് കള്‍ച്ചറും  അന്താരാഷ്ട്ര പൈതൃക പദയാത്രയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.


മലബാര്‍ തീരവും ജൂതസമൂഹവുമായുള്ള ബന്ധത്തിന് 5000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഏലിയാസ് വ്യക്തമാക്കി. എന്നാല്‍ വംശഹത്യയെ തുടര്‍ന്നുള്ള കുടിയേറ്റം തുടങ്ങിയത് ബിസി 72 ലാണ്. ആദ്യം മുസിരിസിലും പിന്നീട്, കൊച്ചി, ചേന്ദമംഗലം എന്നിവടങ്ങളിലുമാണ് ജൂതസമൂഹങ്ങള്‍ വളര്‍ന്നു വന്നത്. 12ാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിലെ രാജാവ് നടത്തിയ ആക്രമണത്തിനു ശേഷമാണ് ജൂത സമൂഹം കൊച്ചിയ്ക്കടുത്ത് താമസമുറപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ജൂതസമൂഹം ഇസ്രായേലിലേക്ക് തിരികെ പോയിത്തുടങ്ങി. എന്നാല്‍ കൊച്ചിയിലെ ജൂതപ്പള്ളി സംരക്ഷിക്കുന്നതിനു വേണ്ടി ജോസഫായി കൊച്ചിയില്‍ തങ്ങുകയായിരുന്നു.

കേരളത്തിന്റെ സംസ്‌കാരവുമായി ഏറെ ഇഴുകി ചേര്‍ന്നാണ് ജൂതസമൂഹം വളര്‍ന്നു വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നും ഇസ്രായേലിലെ ജനങ്ങള്‍ കൊച്ചിയിലെ ജനസമൂഹത്തോട് കടപ്പെട്ടിരിക്കുന്നവരാണ്. കൊച്ചിയെ മറന്നാല്‍ നാക്ക് അണ്ണാക്കിലൊട്ടിപ്പോകുമെന്ന് ഇസ്രായേലിലെ നെവാതീമിലുള്ള കൊച്ചി മ്യൂസിയത്തില്‍ എഴുതി വച്ചിട്ടുള്ളത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികൂലമായ സാഹചര്യങ്ങളില്‍ തുടര്‍ന്ന് കൊണ്ടു പോകാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ജൂതമത നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ട 650 നിയമങ്ങള്‍ ഈ മതത്തിലുണ്ട്. അതിനാല്‍ തന്നെ മതശോഷണത്തിന് ഏറെ സാധ്യത ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ലോകത്തെ ജൂതസമൂഹത്തിന്റെ അഭയകേന്ദ്രമായിരുന്ന ഈ സ്ഥലത്ത് അതിന്റെ തിരുശേഷിപ്പുകള്‍ മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹമാണ് ഏലിയാസ് ജോസഫായിക്കുള്ളത്. അമൂല്യമായ ലോഹങ്ങളടക്കം പലതവണ മോഷണം പോയി. ജൂതപ്പള്ളികള്‍ സംരക്ഷിച്ചു പോരാന്‍ മികച്ച സംവിധാനമുണ്ടായതിനു ശേഷം മാത്രമേ താന്‍ ഇസ്രായേലിലേക്ക് പോകൂ എന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Kochi, News, India Heritage Walk Festival 2018: Exploring the history of Jews in Kochi.