» » » » » » » » അഡ്ജസ്റ്റ്‌മെന്റ് അറിയാത്തവര്‍ അപകടത്തില്‍ പെടും

കൂക്കാനം റഹ് മാന്‍

(www.kvartha.com 13.02.2018) ഏഴു വയസ്സുകാരിയായ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ എന്ന സുന്ദരി പെണ്‍കുട്ടിയുടെ സംസാരം മധുരമൂറുന്നതായിരുന്നു. വളരെ സ്പഷ്ടമായി ചെറിയ വാചകങ്ങളില്‍ അവള്‍ പറയാന്‍ തുടങ്ങി. 'ഉമ്മാക്ക് എന്നോട് സ്‌നേഹമില്ല. ബാപ്പയെ ഉപേക്ഷിച്ച് എന്നെയും അനിയത്തിയെയും ഒപ്പം കൂട്ടിയാണ് തിരുവനന്തപുരത്തെത്തിയത്. ഞങ്ങള്‍ക്കറിയാത്ത ഏതോ ഒരു അങ്കിളും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങള്‍ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നത്'. 'അദ്ദേഹം ജോലിക്കൊന്നും പോവില്ല. എപ്പോഴും ഉറക്കാണ്. ഞങ്ങളോട് സംസാരിക്കാറൊന്നുമില്ല. ഉമ്മ വളരെ ഫാഷനായിട്ടാണ് നടക്കാറ്. സ്ലീവ്‌ലെസ് ബ്ലൗസിടും, ലിപ്സ്റ്റിക്ക് പുരട്ടും, തലമുടിയൊക്കെ ഫാഷനായി ചീകിവെക്കും. ഇങ്ങനെയൊക്കെയാണ് നടത്തം. എന്നെയും അനിയത്തിയെയും എന്നും തല്ലും'. കൈയ്യിലെ ഉണങ്ങിയ മുറിവ് കാണിച്ചിട്ട് പറഞ്ഞു 'കണ്ടോ അടിച്ചു പൊട്ടിച്ചതാ ഇത്'. ഫാത്തിമ നിറുത്താതെ സംസാരിക്കുകയാണ്. അവള്‍ ഉമ്മയെ വെറുക്കുന്നു. ഉമ്മയുടെ കൂടെയുളള അങ്കിളിനെ ഇഷ്ടമല്ല. ഇനി തിരുവനന്തപുരത്തേക്ക് പോകുന്നേയില്ല. അവളുടെ ഉപ്പയുടെ കൂടെ ജീവിക്കാനാണിഷ്ടം...

Article, Kookanam-Rahman, Daughters, Mother, Father, Marriage, If you no compromise u will be trouble.

കൊച്ചുകുട്ടിയുടെ അളന്നു മുറിച്ചുളള വാക്കുകള്‍ ഞാന്‍ ആകാംക്ഷയോടെ കേട്ടിരിക്കുകയായിരുന്നു. അവളോട് തിരിച്ചൊന്നും പറഞ്ഞില്ല. ഫാത്തിമയുടെ കൂടെ ഉപ്പ വന്നിട്ടുണ്ട്, രണ്ടാനമ്മയുമുണ്ട് (ഉപ്പയുടെ രണ്ടാം ഭാര്യ), ഉപ്പയുടെ സഹോദരിയുമുണ്ട്. അവളുടെ ബാപ്പ അഷറഫ് (യഥാര്‍ത്ഥ പേരല്ല) പഠനത്തിന് ശേഷം ഗള്‍ഫിലെത്തി. ബാപ്പ അവിടെ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തുകയാണ്. അഷറഫും ഹോട്ടല്‍ നടത്തിപ്പിന് പാര്‍ട്ട്‌നറായി.

വിവാഹപ്രായമെത്തിയപ്പോള്‍ സാമ്പത്തികശേഷി കുറഞ്ഞ, ദയയും എളിമയും ഉളള ഒരു പെണ്‍കുട്ടിയെയാണ് ഭാര്യയായി കിട്ടേണ്ടതെന്ന് അഷറഫിന് തോന്നി. അങ്ങനെയാണ് പത്തുവര്‍ഷത്തിനപ്പുറം ഹസീനയെ(യഥാര്‍ത്ഥ പേരല്ല) നിക്കാഹ് ചെയ്തത്. മൂന്നു വര്‍ഷത്തിനിടെ രണ്ട് പെണ്‍കുട്ടികള്‍ അഷറഫ്-ഹസീന ദമ്പതികള്‍ക്കുണ്ടായി. പൂര്‍ണ്ണ മതവിശ്വാസിയും, ചിട്ടകള്‍ കൃത്യമായി പാലിക്കുന്ന സ്വഭാവക്കാരനുമാണ് അഷറഫ്. ഹസീനയ്ക്കാണെങ്കില്‍ വായനയും യാത്രയും ഹരമായിരുന്നു. പൊതു ഇടങ്ങളില്‍ ചെന്ന് ചിരിയും, കളിയും, തമാശയുമായി കഴിയുക, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുക, കിട്ടാവുന്ന മാസികകള്‍, വാരികകള്‍, ലൈബ്രറി പുസ്തകങ്ങള്‍ ശേഖരിക്കുകയും വായിക്കുകയും ചെയ്യുക തുടങ്ങിയ സ്വഭാവക്കാരിയായിരുന്നു ഹസീന. അഷറഫ് ഇത്യാദികാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്ത ആളും വിശ്വാസത്തിന്റെ പേരില്‍ ജീവിതം ക്രമപ്പെടുത്തി ജീവിച്ചുവരുന്ന വ്യക്തിയുമാണ്.

അഷറഫിന്റെ മുരടന്‍ സ്വഭാവത്തില്‍ പരിഭവിക്കാനെ ഹസീനയ്ക്കായുളളു. ബോറടി മാറാന്‍ ഹസീന പഴയകാല ആണ്‍ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തി. ചിലരുമായി കൂടുതല്‍ അടുപ്പം കാണിക്കാന്‍ തുടങ്ങി. ഹസീന പുറത്തിറങ്ങി സുഹൃത്തുക്കളുമായി ഒത്തുകൂടി സൗഹൃദം പങ്കിടുന്ന വിവരങ്ങള്‍ അഷറഫിന്റെ ചെവിയിലെത്തി. യഥാര്‍ത്ഥത്തില്‍ ഹസീന തെറ്റു ചെയ്തിട്ടില്ല. സ്വന്തം ഭര്‍ത്താവില്‍ നിന്നു ലഭ്യമല്ലാത്ത മാനസികോല്ലാസം അനുഭവിക്കാന്‍ സുഹൃത്തുക്കളെ കൂട്ടുപിടിച്ചു എന്നേയുളളു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കേണ്ടത്. വിവാഹിതരാവുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തി സ്വഭാവങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഒരു വര്‍ഷത്തിനുളളിലെങ്കിലും പരസ്പരം തിരിച്ചറിയാന്‍ കഴിയും. അതോടെ വ്യക്തിഗതമായ സ്വഭാവ വിശേഷങ്ങള്‍ പരസ്പരം പങ്കുവെയ്ക്കണം. അതിലുളള ഗുണവും ദോഷവും ഇരുവര്‍ക്കും ഉള്‍ക്കൊളളാന്‍ കഴിയണം. അങ്ങനെ ചെയ്താല്‍ ഒത്തു പോകാന്‍ കഴിയുന്നതേയുളളു. പരസ്പരം വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ തൊടുത്തുവിട്ടാല്‍ രണ്ടുപേര്‍ക്കും അപകടം സംഭവിക്കുകയേയുളളൂ.

അഷറഫിന്റെയും ഹസീനയുടെയും കാര്യത്തില്‍ സംഭവിച്ചതിതാണ്. പുറത്തിറങ്ങി മറ്റുളളവരുമായി ഇടപഴകാനും, കാര്യങ്ങള്‍ അറിയാനും താല്‍പര്യമുളള ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവായ അഷറഫ്് അഡ്ജസ്റ്റ് ചെയ്ത് ഭാര്യയോട് സഹകരിക്കണമായിരുന്നു. ഭാര്യ ഹസീനയും ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ആഗ്രഹത്തോട് അഡ്ജസ്റ്റ് ചെയ്ത് നീങ്ങണമായിരുന്നു. സംശയങ്ങളും, പ്രശ്‌നങ്ങളും വളര്‍ന്ന് വളര്‍ന്ന് വഷളായിത്തീരാന്‍ ഇടവരുത്തരുതായിരുന്നു. ഇങ്ങനെയുളള ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് ഭാര്യയും, ഇത്തരക്കാരിയായ ഭാര്യയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവും തീരുമാനിക്കേണ്ട അവസ്ഥ സംജാതമായത് അഡ്ജസ്റ്റ്‌മെന്റ് ഇല്ലാത്തതുകൊണ്ടാണ്.

തുടര്‍ന്ന് ഹസീന ആഗ്രഹിച്ചതുപോലെ അവളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യനായ ഒരു പുരുഷനെ സ്വയം കണ്ടെത്തുന്നു. അയാളുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കുന്നു. തനിക്കുണ്ടായ രണ്ടു പെണ്‍കുട്ടികളെയും കൂടെ കൊണ്ടുപോവുകയും ചെയ്തു. ആദ്യ ഭര്‍ത്താവില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. അവരെ കൂടെ താമസിപ്പിക്കണമെന്നാണ് ഹസീനയുടെ ആഗ്രഹം. രണ്ടാം ഭര്‍ത്താവിനൊപ്പം കഴിയുന്ന ഉമ്മയുടെ കൂടെ താമസിക്കാന്‍ കുട്ടികള്‍ക്കിഷ്ടമല്ല. പെണ്‍മക്കള്‍ വളരുമ്പോള്‍ ഉപ്പ അഷ്‌റഫിന്റെ മനസ്സ് പിടക്കുകയാണ്. ഹസീന ഫേഷന്‍ ഭ്രമക്കാരിയാണ്. മക്കളെ ശ്രദ്ധിക്കുന്നതിനേക്കാള്‍ സ്വയം സുന്ദരി ചമയാനാണ് അവള്‍ക്ക് കൂടുതല്‍ ശ്രദ്ധ. പക്ഷേ രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുവന്ന സ്ത്രീയാണ് താനെന്ന് സമൂഹം കുറ്റപ്പെടുത്തരുതെന്ന ചിന്തയും ഹസീനയ്ക്കുണ്ട്. ഫാത്തിമ എന്ന കൊച്ചു പെണ്‍കുട്ടി അവളെയും അനിയത്തിയെയും ഉമ്മ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലായെന്ന സൂചന നല്‍കുന്നുണ്ട്.

ഉമ്മയും ഭര്‍ത്താവും എ.സി മുറിയില്‍ കിടക്കും. ഞങ്ങളുടെ മുറിയില്‍ ഫാന്‍ മാത്രമേയുളളു. ഞങ്ങള്‍ക്ക് രാവിലെ നൂഡില്‍സ് മാത്രമേ ഉണ്ടാക്കിത്തരൂ. ദോശയോ ഇഡലിയോ വേണമെന്ന് പറഞ്ഞാല്‍ വഴക്കു പറയും. ചെറിയ കുറ്റം ചെയ്താല്‍ പോലും വലിങ്ങനെ അടി തരും. ഞങ്ങളെ അവര്‍ക്ക് രണ്ടുപേര്‍ക്കും തീരെ ഇഷ്ടമല്ല. അഷറഫ് ആദ്യ ഭാര്യയെ തലാഖ് ചൊല്ലിയ ശേഷം വേറൊരു വിവാഹം കഴിച്ചു. അതിലൊരു കുട്ടിയുണ്ട്. രണ്ടാനമ്മ ഇയാളുടെ ആദ്യ ഭാര്യയിലുണ്ടായ കുഞ്ഞുങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കുമോ എന്ന് പറയാനാവില്ല. സ്വന്തം കുഞ്ഞുങ്ങളുടെ സുഖസൗകര്യങ്ങള്‍ നോക്കിയിട്ടേ മറ്റേ കുട്ടികളെ പരിഗണിക്കൂ. രണ്ടാം ഭാര്യയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആദ്യം ആവശ്യപ്പെട്ട കാര്യം എന്റെ കുട്ടികളെ പോറ്റിവളര്‍ത്തുമെന്ന ഉറപ്പുതന്നാലെ വിവാഹത്തിലേര്‍പ്പെടു എന്നാണ് പോലും. അവള്‍ അത് സമ്മതിച്ച് ഉറപ്പുതന്നിട്ടുണ്ടെന്നും പറയുന്നു. പക്ഷേ അതെത്രത്തോളം ശരിയാകുമെന്ന് പറയാന്‍ പറ്റില്ലല്ലോ?.

ഭാര്യാ ഭര്‍ത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കംമൂലം വഴിയാധാരമാകാന്‍ പോകുന്നത് അവരിലുണ്ടായ രണ്ട് പെണ്‍കുഞ്ഞുങ്ങളാണ്. കുട്ടികളെ എനിക്ക് വേണമെന്ന് ഉപ്പയും, എനിക്ക് വേണമെന്ന് ഉമ്മയും പറയും. കേസാവും, കോടതി കയറും. രണ്ട് പേരുടെ കേസ് തീരുന്നതുവരെ കുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ ഹോമുകളില്‍ താമസിക്കേണ്ടിവരും. ഉപ്പയുടെയും ഉമ്മയുടെയും സ്‌നേഹപരിലാളനങ്ങളേറ്റുവാങ്ങി വളരേണ്ട മക്കള്‍ അനാഥ കുട്ടികളെപോലെ ജീവിക്കേണ്ട അവസ്ഥ വരുന്നു. ഭാര്യാ ഭര്‍തൃബന്ധത്തിലുണ്ടാകുന്ന ചെറിയ ചെറിയ പടല പിണക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ത്തന്നെ പരിഹരിക്കാന്‍ ഇരുവരും തയ്യാറാകണം. രണ്ടു പേരുടെയും ചിന്തയും പ്രവൃത്തിയും ഇരുധ്രുവങ്ങളിലേക്കാണെങ്കില്‍ ആദ്യമേ തന്നെ തിരശ്ശീല വീഴ്ത്തുന്നതാണ് നല്ലത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Daughters, Mother, Father, Marriage, If you no compromise u will be trouble.

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal