Follow KVARTHA on Google news Follow Us!
ad

കെ എം മാണിക്കെതിരെ കേസുമായി മുന്നോട്ട് പോയാല്‍ പൂട്ടിയ ബാറുകളെല്ലാം അധികാരത്തില്‍ വരുമ്പോള്‍ തുറന്നു നല്‍കാമെന്ന് സി പി എം വാഗ്ദാനം നല്‍കിയിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്

ബാര്‍കോഴക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്.Kochi, News, Politics, CPM, UDF, Trending, Pinarayi vijayan, V.S Achuthanandan, Criticism, Kerala,
കൊച്ചി: (www.kvartha.com 13.02.2018) ബാര്‍കോഴക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറന്നുനല്‍കാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജു രമേശ് വെളിപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് തനിക്ക് ഈ ഉറപ്പുനല്‍കിയത്. വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചതോടെ എല്‍ഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു.


ത്രീസ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറന്നാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍, തുറക്കാവുന്ന ബാറുകളും നിലവില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ബിജു രമേശ് കുറ്റപ്പെടുത്തി. ബാര്‍കോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാന്‍ തയാറായാല്‍ എല്‍ഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്ന് ബിജു രമേശ് പറഞ്ഞു. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണം.

സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താന്‍ തന്നെ പ്രോത്സാഹിപ്പിച്ചവര്‍ മറുവശത്തുകൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നുവെന്നും ബിജു പറയുന്നു.

തെളിവു ലഭിച്ചില്ലെന്ന് പറഞ്ഞ് ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തില്‍ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. രാഷ്ട്രീയ പിന്തുണ കൊടുത്താല്‍ മാണിക്കെതിരെ തെളിവു നല്‍കാന്‍ ബാറുടമകള്‍ തയാറാകും. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചതു പോലെ ഇപ്പോള്‍ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎം തയാറായാല്‍ മതിയെന്നും ബിജു രമേശ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM promised to open all bars if I sued Mani, says Biju Ramesh, Kochi, News, Politics, CPM, UDF, Trending, Pinarayi vijayan, V.S Achuthanandan, Criticism, Kerala.