Follow KVARTHA on Google news Follow Us!
ad

ഷുഹൈബിന്റെ കാന്തപുരം സുന്നീ ബന്ധം സിപിഎമ്മിന് പുതിയ വെല്ലുവിളി; പുകയുന്നത് രോഷത്തിന്റെ അഗ്‌നിപര്‍വതം

മട്ടന്നൂരിലെ ഷുഹൈബ് വധത്തിനു പിന്നില്‍ സിപിഎം ആണെന്ന ആരോപണം ശക്തമാകുThiruvananthapuram, News, Politics, Allegation, Murder case, Muslim, Religion, Youth Congress, CPM, Election, Kerala, Trending,
തിരുവനന്തപുരം: (www.kvartha.com 16.02.2018) മട്ടന്നൂരിലെ ഷുഹൈബ് വധത്തിനു പിന്നില്‍ സിപിഎം ആണെന്ന ആരോപണം ശക്തമാകുന്നതോടെ പാര്‍ട്ടി ഇതുവരെ അഭിമുഖീകരിക്കാത്ത പുതിയ പ്രതിസന്ധിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് കാന്തപുരം സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു എന്നതാണ് കാരണം.

മലബാറിലെ മുസ്ലിം സമുദായത്തിനിടയില്‍ സിപിഎമ്മിന് സ്വാധീനമുണ്ടാക്കാനും തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ ഉറപ്പാക്കാനും സഹായിക്കുന്നതില്‍ കാന്തപുരം വിഭാഗത്തിന്റെ പങ്ക് നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലുള്‍പ്പെടെ അത് സിപിഎമ്മിന് വന്‍തോതില്‍ ഗുണം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഷുഹൈബ് വധം കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു എന്നാണ് വ്യക്തമായ വിവരം. ടിപി ചന്ദ്രശേഖരന്‍ വധത്തേത്തുടര്‍ന്ന് സിപിഎം നേരിട്ടതിനേക്കാള്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോക്ക്.


ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ കാന്തപുരം വിഭാഗത്തിന് ഇപ്പോള്‍ ഏറ്റിരിക്കുന്ന മുറിവ് സിപിഎമ്മിന് വലിയ തിരിച്ചടിയായേക്കും. സ്ഥിതി മനസിലാക്കി മുതലെടുക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രമം തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും തല്‍ക്കാലം സുന്നീ നേതാക്കളുടെ മനസിലില്ല.

ഷുഹൈബ് എന്ന തങ്ങളുടെ പ്രവര്‍ത്തകനെ 38 തവണ വെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലും രോഷത്തിലുമാണ് അവര്‍. അതിനിടയില്‍ സാമാന്യമര്യാദയില്ലാതെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നതില്‍ നിന്ന് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ യുഡിഎഫ് നേതൃത്വത്തെ പിന്തിരിപ്പിച്ചതായും സൂചനയുണ്ട്. പുറമേക്കു പ്രകടിപ്പിക്കുന്നില്ലെങ്കിലും കാന്തപുരം വിഭാഗത്തിന്റെ രോഷം ആഴത്തിലുള്ളതാണ്.

കാന്തപുരം വിഭാഗത്തിന്റെ പോഷക സംഘടനകളായ എസ്എസ്എഫിന്റെയും എസ് വൈ എസിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു ശുഹൈബ്. രാഷ്ട്രീയമായി ഏത് പാര്‍ട്ടിയിലും നിലകൊള്ളാന്‍ കാന്തപുരം പ്രവര്‍ത്തകരെ അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നില്‍ക്കുന്ന ഷുഹൈബിനെപ്പോലെ സിപിഎമ്മില്‍ നില്‍ക്കുന്ന സുന്നീ സംഘടനാ പ്രവര്‍ത്തകരും മട്ടന്നൂരില്‍ത്തന്നെയുണ്ട്.

അവരൊക്കെ ഷുഹൈബ് വധത്തിനു ശേഷം എങ്ങനെ ചിന്തിക്കുന്നു എന്നതിനേക്കുറിച്ച് സിപിഎം നേതൃത്വത്തിന് ചെറുതല്ലാത്ത ആശങ്കയുമുണ്ട്. പയ്യന്നൂരിലെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയിട്ട് മൂന്നാഴ്ച ആയപ്പോഴാണ് ഷുഹൈബ് വധം. കണ്ണൂരില്‍ രാഷ്ട്രീയക്കൊലകള്‍ അവസാനിക്കരുതെന്നും അതിന്റെ പേരില്‍ സിപിഎം എപ്പോഴും പ്രതിസ്ഥാനത്തായിരിക്കണം എന്നും ആഗ്രഹിക്കുന്ന ചിലര്‍ സിപിഎമ്മില്‍ത്തന്നെയുണ്ട് എന്ന് മറ്റു പാര്‍ട്ടികളിലുള്ളവര്‍ മുമ്പേ ആരോപിക്കുന്ന കാര്യമാണ്.

സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനയുടെ പ്രവര്‍ത്തകനായിട്ടും ഷുഹൈബിനെ കൊന്നത് സിപിഎം തന്നെയാണ് എന്ന് തെളിഞ്ഞാല്‍ മലബാറിലെ മുസ്ലിം സമുദായത്തിനിടയിലെ സ്വാധീനം പിടിച്ചു നിര്‍ത്താന്‍ സിപിഎം പാടുപെടേണ്ടി വന്നേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM in a dilemma on Mattannur murder, This is the reason, Thiruvananthapuram, News, Politics, Allegation, Murder case, Muslim, Religion, Youth Congress, CPM, Election, Kerala, Trending.