» » » » » » » കേരളമേ... ലജ്ജിച്ച് തലതാഴ്ത്തൂ; അട്ടപ്പാടിയിലെ മധുവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍മയിലെത്തുന്നത് 'ബഗ്ദാദിലെ ഇബ്‌നു സാബിത്തിനെ', ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

ശുഐബ് അമാനി കയരളം

(www.kvartha.com 23.02.2018) പ്രബുദ്ധരായ മ(കൊ)ലയാളികളാല്‍ അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവ് കൊലചെയ്യപ്പെട്ടപ്പോള്‍..'ബഗ്ദാദിലെ പേക്കിനാവ്' എന്ന പുസ്തകത്തിലെ ഇബ്‌നു സാബിതിനെ ഓര്‍ത്തു പോവുകയാണ്. ബഗ്ദാദിന്റെ ഉറക്കം കെടുത്തിയ മോഷണ പരമ്പരയിലെ കുറ്റക്കാരനായി നിയമ പാലകര്‍ പിടികൂടിയത് ഉറ്റവരില്ലാതെ, കിടന്നുറങ്ങാനൊരു വീടില്ലാതെ അലഞ്ഞു തിരിയുന്ന ഇബ്‌നു സാബിതിനെയാണ്. അന്ന് ഇബ്‌നു സാബിതിനോടുള്ള പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് ആ ചെറുപ്പക്കാരന്‍ നല്‍കിയ മറുപടി അട്ടപ്പാടിയിലെ മധുവിനെ പോലുള്ള ആയിരക്കണക്കിന് പാവങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെടുകയാണ്.

''എവിടെയാണ് നിന്റെ താമസം?
അടഞ്ഞു കിടക്കുന്ന പീടികകളുടെ ഓരങ്ങളില്‍.
എന്താണ് നിന്റെ തൊഴില്‍?
എനിക്ക് തൊഴിലൊന്നുമില്ല.
പിന്നെങ്ങനെ നീ ഭക്ഷണം കഴിക്കുന്നു?
ഒരനാഥ ബാലന്‍ തെരുവോരങ്ങളില്‍ അലഞ്ഞു നടന്നപ്പോള്‍ ഒരധികാരിയും അന്നെന്നോട് ചോദിച്ചിരുന്നില്ല, മോനേ നീ എങ്ങനെയാ ഭക്ഷണം കഴിക്കുകയെന്ന്. പിന്നെന്താ ഇപ്പോഴിങ്ങനെയൊരു ചോദ്യം?. അതും ഉറങ്ങിക്കിടന്ന എന്നെ തട്ടിയുണര്‍ത്തി പിടിച്ചു കൊണ്ടു വന്നിട്ട്.
ദേഷ്യം വന്ന പോലീസുകാരന്‍ ഒരടി വെച്ച് കൊടുത്തിട്ട് വീണ്ടും ചോദിച്ചു.
പറയെടാ നീയല്ലേ ഈ മോഷണമൊക്കെ നടത്തിയത്...രാത്രി മോഷണം പകലുറക്കം അല്ലേടാ..?
പകലുറങ്ങുന്നവരൊക്കെ രാത്രി മോഷ്ടിക്കുന്നവരാണോ.?''
അവന്റെ ചോദ്യത്തില്‍ അസഹിഷ്ണുത പൂണ്ട ആ പോലീസുകാര്‍ അവനെ തല്ലിച്ചതക്കാന്‍ തുടങ്ങി.
സഹിക്കാനാവാതെ ഇബ്‌നു സാബിത് പറഞ്ഞു...
കൊല്ലാനാണെങ്കില്‍ വേഗം കൊല്ലണം...കഷ്ടപ്പെടേണ്ടല്ലോ പിന്നെ...
ചിലപ്പോള്‍ അതും ചെയ്‌തെന്നു വരും.
നിരപരാധികളെ പിടിച്ചു കൊണ്ടു വന്ന് തച്ചുകൊല്ലുന്നതാണോ ബഗ്ദാദിലെ നീതി''

ഇബ്‌നു സാബിതിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു പോയ നിയമപാലകര്‍ അവനെ പൊതിരെ തല്ലിയപ്പോള്‍ അവന്‍ കുറ്റം സമ്മതിച്ചു...
'അതെ ഞാനാണ് മോഷ്ടിച്ചത്.
''എന്തിന്''?
''എനിക്ക് ജീവിക്കാനും, കഷ്ടപ്പെടുന്നവരെ സഹായിക്കാനും.
എന്താ ഞങ്ങളും മനുഷ്യരല്ലേ?
ശേഷം ഇബ്‌നു സാബിത്ത് പറഞ്ഞ വാക്കുകള്‍ നമ്മുടെയൊക്കെ നെഞ്ചില്‍ തറക്കുന്ന മൂര്‍ച്ചയുള്ള ശരങ്ങളാണ്..
'ആരാരും തുണയില്ലാതെ തെരുവില്‍ വളര്‍ന്ന ഞാന്‍ കുപ്പത്തൊട്ടിയിലെ എച്ചില്‍ കഴിച്ചു വളര്‍ന്നതാണ്. അറിവു വെച്ചപ്പോള്‍ കുപ്പത്തൊട്ടി കണ്ട് ഓക്കാനം വരാന്‍ തുടങ്ങി. വിശന്നു തളര്‍ന്നു വീഴാറായപ്പോള്‍ റൊട്ടിക്കാരന്റെ മുന്നില്‍ കൈനീട്ടി. അയാളെന്നെ വിരട്ടിയോടിച്ചു. ശേഷം പഴക്കാരന്റെ മുന്നില്‍ ചെന്നു. വിശപ്പ് സഹിക്കവയ്യാതെ കരഞ്ഞ് യാചിച്ചു. പക്ഷെ അയാളെന്നെ ആട്ടിയോടിച്ചു. റബ്ബ് ഔദാര്യമായി നല്‍കിയ അവന്റെ കനിവുകളുടെ മുന്നില്‍ നിന്ന്, പടച്ചുണ്ടാക്കിയ അവന്റെ മണ്ണില്‍ നിന്ന്, എന്താ ഞാനും അല്ലാഹുവിന്റെ സൃഷ്ടിയല്ലേ..? എനിക്കുമില്ലേ ഈ ഭൂമിയിലവകാശം...നിസ്‌കാര പള്ളികളിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ നിന്നും ഘോര ഘോരം പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. കുതിരപ്പുറത്താണ് ആരെങ്കിലും വന്ന് ചോദിച്ചതെങ്കില്‍ പോലും അയാളെ വെറുതെ മടക്കരുതെന്നാണ് അന്ത്യപ്രവാചകന്‍ പഠിപ്പിക്കുന്നതെന്ന്. എന്തേ ഇബ്‌നു സാബിത് കൈനീട്ടിയപ്പോള്‍ നികൃഷ്ട ജീവിയെപ്പോലെ ആട്ടിയോടിച്ചത്?. അനാഥനായിപ്പോയതു കൊണ്ടോ അതോ മനുഷ്യനല്ലാഞ്ഞിട്ടോ? അതോ ഇബ്‌നു സാബിതിന് കുതിരയില്ലാഞ്ഞിട്ടോ? പാവപ്പെട്ടവനാണെങ്കില്‍ പാടേ നികൃഷ്ടനാണെന്നാണല്ലോ പണ്ടേ മുതലുള്ള ചിന്ത. പണക്കാരും ഭരണാധികരികളും ഇന്നും ആ പല്ലവി മറന്നിട്ടില്ല. ഇബ്‌നു സാബിതിനും ജീവിക്കണം. അതു കൊണ്ട് മോഷ്ടിച്ചു. ബാക്കി വന്നതൊക്കെ ഇല്ലാത്തവര്‍ക്ക് കൊടുത്തു.''

ഇവിടെ നിഷ്‌കളങ്ക മനസുകള്‍ മോഷ്ടാക്കളാകുന്നതിന്റെ പ്രധാന കാരണം നാമൊക്കെ അടങ്ങുന്ന ഈ സമൂഹമാണെന്നാണ് ഇബ്‌നു സാബിതിന്റെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഈ സത്യം നിനക്ക് നേരത്തെ പറഞ്ഞു കൂടായിരുന്നോ എന്ന് ചോദിച്ച നിയമപാലകരോട് ഇബ്‌നു സാബിത് അവസാനമായി ചോദിക്കുന്നുണ്ട്. ''നീതി പുസ്തകത്തില്‍മാത്രം സൂക്ഷിക്കുന്ന നിങ്ങളോട് ഞാനെന്തിന് സത്യം പറയണം..?.
ഇത്തരത്തിലുള്ളവരെ നേര്‍വ്വഴിയിലെത്തിക്കാനോ.., സഹായിക്കാനോ തയ്യാറാവാതെ അവരുടെ ചെറിയ തെറ്റുകളെപ്പോലും ഭീമമായി അവതരിപ്പിച്ച് തല്ലിക്കൊല്ലാനുള്ള പഴുതുകള്‍ അന്വേഷിക്കുകയാണ് നാം. ശേഷം 'ബഗ്ദാദിന്റെ പേക്കിനാവിലെ' ഇബ്‌നു സാബിതിനെ നേര്‍വഴിയിലെത്തിക്കാന്‍ പ്രയത്‌നിക്കുന്ന ജുനൈദുല്‍ ബഗ്ദാദി എന്ന സൂഫീ ഗുരുവിനെയും നമുക്കീ ചരിത്രത്തില്‍ വായിക്കാന്‍ കഴിയും.

ഇനിയെങ്കിലും നമുക്കൊരു മാറ്റം അനിവാര്യമാണ്. മധുവിനെപ്പോലെയുള്ള പാവങ്ങളുടെ കണ്ണീരും നിണവും പതിഞ്ഞ് ഇനിയും പ്രബുദ്ധ കേരളം ലജ്ജിച്ച് തലതാഴ്ത്തരുത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Trending, Kerala, Crime, Murder, Article About Tribal Madhu, Shuhaib Amani Kayaralam.
< !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal