» » » » » » » » » » » » » » കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി; മരിച്ചവരില്‍ അഞ്ചുമലയാളികള്‍, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

കൊച്ചി: (www.kvartha.com 13.02.2018) കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു മലയാളികളും കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതില്‍ വീട്ടില്‍ ജിവിന്‍ റെജി, വൈപ്പിന്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ എം.എം.റംഷാദ്, തൃപ്പൂണിത്തുറ എരൂര്‍ ചെമ്പനേഴത്തു വീട്ടില്‍ സി.എസ്. ഉണ്ണികൃഷ്ണന്‍, എരൂര്‍ മഠത്തിപ്പറമ്പില്‍ വെളിയില്‍ വീട്ടില്‍ എം.വി.കണ്ണന്‍, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ കെ.ബി.ജയന്‍ എന്നിവരാണു മരിച്ചത്.

അഭിലാഷ്, സച്ചു, ജയ്‌സണ്‍, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവര്‍ക്കും പരിക്കേറ്റു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരില്‍ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്. അതേസമയം കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.പി.ദിനേശ് അറിയിച്ചു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരും മലയാളികളാണെന്നാണ് ലഭ്യമാകുന്ന വിവരം. പൊള്ളലേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

5 killed, 11 injured in blast at Cochin shipyard, Gadkari orders probe, Kochi, News, Accidental Death, Obituary, Hospital, Injured, Treatment, Malayalees, Police, Kerala

മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ എന്ന ഒഎന്‍ജിസി കപ്പലില്‍ ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ പത്തുമണിക്ക് ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് തൊഴിലാളികള്‍ പോകുന്നതിനു തൊട്ടുമുന്‍പായിരുന്നു അപകടം. കപ്പല്‍ശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

തൊഴിലാളികളുടെ മരണത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. കപ്പല്‍ശാല സിഎംഡിയുമായി ഗഡ്കരി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തിനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സയ്ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മാനേജ്‌മെന്റ് നേരിട്ട് രണ്ടു വര്‍ഷത്തേക്കെടുക്കുന്ന ഓണ്‍ കോണ്‍ട്രാക്ട് തൊഴിലാളിയാണ്. മറ്റൊരാള്‍ കരാര്‍ തൊഴിലാളിയും.

കപ്പലിന്റെ 'സ്ഥിരത' നിലനിര്‍ത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളില്‍ വെള്ളം നിറയ്ക്കാറുണ്ട്. അതില്‍ മുന്നിലെ ടാങ്കില്‍ വെല്‍ഡിങ്ങിനിടെയായിരുന്നു അപകടമെന്നാണു സൂചന. വെല്‍ഡിങ്ങിനുള്ള അസറ്റലൈന്‍ വാതകം പൊട്ടിത്തെറിച്ചതാണെന്നും വിവരമുണ്ട്. ടാങ്കില്‍ തീപിടിക്കാന്‍ സഹായിക്കുന്ന വാതകം രൂപപ്പെട്ടാണോ പൊട്ടിത്തെറി എന്നതുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പോലീസ് കമ്മിഷണര്‍ പറഞ്ഞു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരാണു മരിച്ചത്. രണ്ടു പേര്‍ കപ്പലില്‍ കുടുങ്ങിയതായി പ്രാഥമിക വിവരമുണ്ടായിരുന്നു. ഇവരെ രക്ഷിച്ചതായും കമ്മിഷണര്‍ അറിയിച്ചു. തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണര്‍ വ്യക്തമാക്കി. അപകടം സംബന്ധിച്ച് കപ്പല്‍ശാലയില്‍ നിന്നുള്ള ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

Keywords: 5 killed, 11 injured in blast at Cochin shipyard, Gadkari orders probe, Kochi, News, Accidental Death, Obituary, Hospital, Injured, Treatment, Malayalees, Police, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal