Follow KVARTHA on Google news Follow Us!
ad

മാണി ഇടത്തേക്കും ജോസഫ് വലത്തേക്കുമായി കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങുന്നു

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതോടെThiruvananthapuram, News, Politics, Trending, CPI(M), Idukki, UDF, LDF, Conspiracy, Kerala,
തിരുവനന്തപുരം: (www.kvartha.com 18.01.2018) ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് യുഡിഎഫിലും എല്‍ഡിഎഫിലുമായി നില്‍ക്കാന്‍ സാഹചര്യമൊരുങ്ങുന്നു. മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കുന്ന സിപിഐയെക്കൂടി മയപ്പെടുത്താമെന്ന് സിപിഎമ്മില്‍ നിന്ന് മാണിക്ക് ഉറപ്പ് ലഭിച്ചതായാണു സൂചന. എന്നാല്‍ പി ജെ ജോസഫ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോകാന്‍ തയ്യാറല്ല.

പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരുള്‍പ്പെടെ ഒരു വിഭാഗമാണ് യുഡിഎഫിലേക്ക് പോവുക. അവരുമായി കോണ്‍ഗ്രസ് നേതൃത്വം നിരന്തര ആശയ വിനിമയം നടത്തുന്നുമുണ്ട്. എന്നാല്‍ ഒരു എംഎല്‍എയെക്കൂടി കൂടെക്കൂട്ടി കൂറ് മാറ്റനിരോധന നിയമം മറികടക്കാനാണ് ശ്രമം. മാണിക്ക് നിലവില്‍ ആറ് എംഎല്‍എമാരാണുള്ളത്. അവരില്‍ ഇടുക്കി എംഎല്‍എയും മാണി പക്ഷക്കാരനുമായ റോഷി അഗസ്റ്റിന് ഇടത്തേക്കു പോകാന്‍ താല്‍പര്യമില്ലെന്ന പ്രചാരണമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ യുഡിഎഫിനൊപ്പമായിരുന്ന കേരള കോണ്‍ഗ്രസ് എം പിന്നീട് മുന്നണി വിട്ട് ഒരു മുന്നണിയിലുമില്ലാതെ നില്‍ക്കുകയാണ്. ബാര്‍ കോഴക്കേസിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമുണ്ടെന്നും അവര്‍ മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് യുഡിഎഫ് വിടാന്‍ കാരണമായി പറഞ്ഞത്. പിന്നീട് പരസ്പരം അകല്‍ച്ച കൂടിവരുന്നതാണ് കേരളം കണ്ടത്. എന്നാല്‍ ഇടതുമുന്നണിയിലേക്ക് മാണിയെ സ്വീകരിക്കാന്‍ സിപിഎമ്മിന് താല്‍പര്യമുണ്ടെങ്കിലും സിപിഐയുടെ എതിര്‍പ്പ് അവര്‍ ശക്തമായി പ്രകടിപ്പിച്ചു.

അഴിമതിക്കാരനായ മാണിയെ ഇടതുമുന്നണിക്ക് വേണ്ട എന്നാണ് സിപിഐ നിലപാട്. ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ സിപിഐയുടെ എതിര്‍പ്പ് ഇല്ലാതാക്കാം എന്നാണ് സിപിഎമ്മിന്റെയും മാണിയുടെയും പ്രതീക്ഷ.
വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരില്‍ പങ്കാളികളായിരുന്ന പി ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് 2010ല്‍ ആണ് മാണിയില്‍ ലയിച്ച് യുഡിഎഫിലേക്ക് പോയത്. അന്ന് അതിനു പ്രത്യേകിച്ച് ഒരു കാരണവും അവര്‍ക്ക് പറയാനുമുണ്ടായിരുന്നില്ല. ഇപ്പോള്‍ മാണിക്കു വേണ്ടി വീണ്ടും ഇടത്തേക്കു പോകാന്‍ തയ്യാറല്ല എന്നാണ് ജോസഫിന്റെ നിലപാട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസഫ് പക്ഷത്തു നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെയും ആന്റണി രാജുവിന്റെയും മറ്റും നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതുമുന്നണിയുമായി സഹകരിച്ച് മത്സരിച്ചിരുന്നു. അവര്‍ക്ക് എല്‍ഡിഎഫ് നാല് സീറ്റുകള്‍ കൊടുത്തെങ്കിലും നാലിലും വിജയിക്കാനായില്ല. സ്‌കറിയാ തോമസ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്‌കറിയാ തോമസും തോറ്റതോടെ ഇടതുമുന്നണി മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് പ്രാതിനിധ്യം ഇല്ല. ഇത് മറികടക്കാന്‍ മാണി ഉള്‍പ്പെടെ രണ്ട് പേരെ മന്ത്രിയാക്കാമെന്നാണ് സിപിഎം വാഗ്ദാനം. എന്നാല്‍ മാണി മൂന്നു മന്ത്രിസ്ഥാനങ്ങളാണ് ചോദിക്കുന്നതെന്ന് സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Congress again for a split, Joseph to UDF and Mani to  LDF, Thiruvananthapuram, News, Politics, Trending, CPI(M), Idukki, UDF, LDF, Conspiracy, Kerala.