Follow KVARTHA on Google news Follow Us!
ad

കപടസൗന്ദര്യം അപകടമാണെന്ന് സ്ത്രീകള്‍ മനസ്സിലാക്കുക

'സൗന്ദര്യം' ആരും കൊതിക്കുന്ന വാക്ക്. മനുഷ്യന്‍ ഉണ്ടായതു മുതല്‍ സൗന്ദര്യം എന്ന ചിന്താഗതി ഉടലെടുത്തിരുന്നു. നമ്മുടെ മനുഷ്യതലമുറകളെ എന്നും Article, Kookanam-Rahman, Woman., Lifestyle & Fashion, Beauty, Market,
കൂക്കാനം റഹ്മാന്‍

(www.kvartha.com 18/01/2018) 'സൗന്ദര്യം' ആരും കൊതിക്കുന്ന വാക്ക്. മനുഷ്യന്‍ ഉണ്ടായതു മുതല്‍ സൗന്ദര്യം എന്ന ചിന്താഗതി ഉടലെടുത്തിരുന്നു. നമ്മുടെ മനുഷ്യതലമുറകളെ എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വിസ്മയം തന്നെയാണ് സൗന്ദര്യം. അതുകൊണ്ട് തന്നെ സൗന്ദര്യവര്‍ദ്ധനവിനു വേണ്ടി വ്യക്തിഭേദമില്ലാതെ സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ പിറകെ ഓടുന്ന കാഴ്ചയാണ് നാം ദിനം പ്രതി കണ്ടുവരുന്നത്. ഏത് തരത്തില്‍ വേണ്ട സൗന്ദര്യ വര്‍ദ്ധകവസ്തുക്കളും വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ലോകത്തിലെ വിപണിയില്‍ ലഭ്യമാണ്. കറുത്ത ഒരാള്‍ ഒരു ദിവസം കൊണ്ട് വെളുക്കുന്ന അവസ്ഥ വരെ നാം കാണുന്നു. നമ്മുടെ പണ്ടത്തെ തലമുറയ്ക്ക് ആഹാരം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ശരീരഭംഗികളാണ് പെണ്ണിന്റെ മേന്മയെന്ന ധാരണ പുരുഷപ്രകൃതിയുടെ ദൗര്‍ബല്യത്തിന്റെയും കച്ചവടശക്തികളുടെ ചൂഷണ സാമര്‍ത്ഥ്യം നിറഞ്ഞ പ്രചരണ വേലയുടെയും വികല സന്തതിയത്രെ. ചിന്തിക്കുന്ന യുവതീയുവാക്കള്‍ക്ക് ഈ മിഥ്യ തിരിച്ചറിയുവാനാകും. അറിവുണ്ടായാല്‍ പിന്നെ അടിതെറ്റുകയില്ല.

സ്ത്രീകള്‍ മനസ്സും, ബുദ്ധിയുമുളള മനുഷ്യവ്യക്തികളാണ് എന്ന ലളിതമായ സത്യം നാം അംഗീകരിക്കണം. കാഴ്ചവസ്തുവായി സ്ത്രീ സ്വയം മാറാതിരിക്കണം. വാണിജ്യശക്തികളാല്‍ മലിനീകരിക്കപ്പെട്ട കണ്ണുളളവനായി പുരുഷന്‍ മാറാതിരിക്കണം. സ്ത്രീ അവളുടെ ശരീരഭംഗികളിലേക്ക് പുരുഷന്റെ കണ്ണുകളെ കൊളുത്തിവലിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Article, Kookanam-Rahman, Woman., Lifestyle & Fashion, Beauty, Market, Effects of fairness cream

ഇന്ത്യയിലെ സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ വില്‍പന 1990ല്‍ 2311 കോടി രൂപയ്ക്കായിരുന്നുവെങ്കില്‍ (പ്രധാനമായും ടെലിവിഷന്‍ പരസ്യങ്ങളിലൂടെ) 2000-ആണ്ടില്‍ 18950 കോടി രൂപയുടെതായി ഉയര്‍ന്നു.

1980 വരെ ബ്യൂട്ടിപാര്‍ലറുകള്‍ ഈ നാട്ടില്‍ അപൂര്‍വ്വതകളായിരുന്നുവെങ്കില്‍ ഇന്ന് കവലകളിലെല്ലാം ബ്യൂട്ടിപാര്‍ലറുകളുണ്ട്. സമൂഹത്തെയും സ്ത്രീവ്യക്തികളെയും പക്ഷെ ഇക്കാര്യത്തില്‍ മുഴുവനായി കുറ്റപ്പെടുത്താനാവുകയില്ല. കാരണം, കച്ചവട ശക്തികള്‍ സമൂഹത്തിന്റെ ബോധമണ്ഡലത്തിലേക്ക് ഈയൊരു ദിശയില്‍ കടന്നുകയറിയത് അത്രമാത്രം ശക്തിയോടെയായിരുന്നു. ക്രയശക്തിയുളള ജനം ദശകോടിക്കണക്കില്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍നിന്നും തുടരെ വിശ്വ സുന്ദരിമാരെ കണ്ടെത്തിയതു തന്നെ വാണിജ്യശക്തികളുടെ വിദേശ തന്ത്രങ്ങളുടെ ഒരു ഭാഗമായിരുന്നു. സമ്പന്ന വിഭാഗത്തിലെ മാത്രമല്ല ദരിദ്രകുടുംബങ്ങളിലെ യുവതികളെയും നിങ്ങള്‍ക്കും സൗന്ദര്യറാണിമാരാകാമെന്ന് പ്രലോഭിപ്പിക്കുവാന്‍ അതുവഴി അവര്‍ക്ക് കഴിഞ്ഞു. ചേരി പ്രദേശങ്ങളില്‍ പോലും 'ഫേര്‍ ആന്‍ഡ് ലൗവ്‌ലി'ക്ക് വന്‍ പ്രചാരണമാണെന്ന് ഈയിടെ ഒരു സര്‍വ്വെ കണ്ടെത്തുകയുണ്ടായി.

രാവിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ രണ്ട് ശരീരങ്ങളും വെറും ശരീരങ്ങള്‍. ഉടുത്ത് ഒരുങ്ങി പുറത്തിറങ്ങുമ്പോഴേക്കും സ്ത്രീ പൊടുന്നനെ സുന്ദരിയായി മാറുന്നു. കാര്യമാത്ര പ്രസക്തമായി വസ്ത്രധാരണം ചെയ്ത് പുറത്തിറങ്ങുന്ന പുരുഷനെ ഏതാണ്ടൊരു വണ്ടിനോടുപമിക്കാമെങ്കില്‍ സ്ത്രീ ഒരു ചിത്രശലഭത്തിനെപ്പോലെ വര്‍ണ്ണാഭമായ് ചിറകുകള്‍ നിവര്‍ത്തി അരങ്ങത്തിറങ്ങുകയാണ്. ആണും പെണ്ണും കണ്ണാടിക്കുമുന്നില്‍ ചെലവിടുന്ന സമയത്തിന്റെ നീളം ആ നാളുകളില്‍ കൂടിവന്നേക്കാം.

മുഖക്കുരു തുടങ്ങിയ ചെറിയകാര്യങ്ങള്‍ വലിയ ആകുലതകളായി മാറിയേക്കും. പത്തിരുപത് വയസാകുമ്പോള്‍ മുഖക്കുരു താനേ അരങ്ങൊഴിഞ്ഞ് പോവുകയാണ് പതിവ്. മനസ്സിന്റെ കണ്ണാടിയാണ് മുഖം. മുഖക്കുരുക്കളേക്കാള്‍ മുഖ കാന്തിയെ സ്വാധീനിക്കുക. മാനസീക ഭാവങ്ങളായിരിക്കുമെന്നുമറിയുക. സ്‌നേഹിക്കുന്നവര്‍ സുന്ദരന്മാര്‍ എന്നാണല്ലോ ചൊല്ല്. അഥവാ മനസ്സിന്റെ തെളിച്ചവും നന്മയുമായിരിക്കണം ചര്‍മ പരിചരണത്തിലുമേറെ മുഖപ്രസാദമേറ്റുക. പെണ്ണിന്റെ സൗന്ദര്യം പുരുഷന്റെ വലിയ ബലഹീനത തന്നെയാണ്. ഭൂമിയിലെ പ്രേമഗാനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീയുടെ ബാഹ്യസൗന്ദര്യവും അംഗലാവണ്യവും എന്തിന് ഉടയാടകളുടെ ചേലും ചന്തവും വരെ അവസാനിക്കാത്ത വര്‍ണ്ണനകള്‍ക്കും, ഉപമകള്‍ക്കും, ഉല്‍പ്രേക്ഷകള്‍ക്കും വിഷയമാകുന്നു. എന്നാല്‍ ഗാനങ്ങളും, ഭാവനകളും വേറെ. യാഥാര്‍ത്ഥ്യം വേറെ. ജീവിതം പങ്കുവയ്ക്കുന്ന വ്യക്തിയുടെ ബാഹ്യ സൗന്ദര്യമാണോ പ്രധാനം, അല്ല മനസ്സിന്റെ സൗന്ദര്യമാണോ?. പ്രണയിച്ച് സ്വന്തമാക്കിയ സുന്ദരി ജീവിച്ചിടപഴകാന്‍ തുടങ്ങുമ്പോള്‍ സ്വഭാവപ്പൊരുത്തമില്ലാത്തവളും തന്‍കാര്യവും അഹങ്കാരവും നിറഞ്ഞവളുമാണെന്ന് നിസ്സഹായതയോടെ തിരിച്ചറിയേണ്ടി വന്നേക്കാം.

വ്യക്തിത്വ ഘടകങ്ങളുടെ പൊരുത്തമില്ലെങ്കില്‍ സൗന്ദര്യവും വാക്ചാതുര്യവും വിലകെട്ട പുറം മോടികളായി ശേഷിക്കും.

നമ്മുടെ നാട്ടില്‍ വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എല്ലാം തന്നെ കെമിക്കല്‍ അടങ്ങിയിട്ടുളളവയാണ്. അത് ഒരു നിമിഷത്തേക്ക് നമുക്ക് സൗന്ദര്യം നല്‍കുന്നുവെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കുന്നില്ല. മാത്രമല്ല ഒരുപാട് രോഗങ്ങളും ഉണ്ടാക്കുന്നു. ഇവയെല്ലാം തന്നെ യൗവനത്തില്‍ വാര്‍ദ്ധക്യം വിളിച്ചുവരുത്തുന്നവയാണ്. താല്‍ക്കാലികമായ സൗന്ദര്യത്തിനുവേണ്ടി സ്ഥിരമായി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകളുടെ പ്രവര്‍ത്തനഫലമായി ത്വക്ക് രോഗങ്ങള്‍ക്കും അത് വഴി മാരകമായ കാന്‍സര്‍ മുതലായ രോഗങ്ങളിലേക്കുംവഴി തുറക്കുന്നു. ഓരോ മനുഷ്യനും പ്രകൃതിയായിട്ട് തന്നെ ഒരു സൗന്ദര്യം നല്‍കിയിട്ടുണ്ട്. അത് മെച്ചപ്പെടുത്താന്‍ രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാതെ പ്രകൃതി തന്നെ കനിഞ്ഞുനല്‍കിയ ഒരുപാട് സൗന്ദര്യവസ്തുക്കള്‍ നമുക്ക് ചുറ്റുപാടുമുണ്ട്. അതുകൊണ്ട് രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ പിറെ ഓടാതെ പ്രകൃതി ഉല്‍പന്നങ്ങളിലേക്ക് മടങ്ങുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Woman., Lifestyle & Fashion, Beauty, Market, Effects of fairness cream