Follow KVARTHA on Google news Follow Us!
ad

റിപബ്ലിക് ദിനത്തില്‍ ഈ മഹാനെ മറക്കല്ലേ!

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി ഇ മൊയ്ദു മൗലവിയുടെ മകനുംArticle, Republic Day, Freedom, E Moidu Moulavi remembrance, Shaheen Shoukathali
ഷൈന്‍ ഷൗക്കത്തലി

(www.kvartha.com 26.01.2018) വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി ഇ മൊയ്ദു മൗലവിയുടെ മകനും എഴുത്തുകാരനുമായ എം റഷീദിനെ അവരുടെ ബന്ധുവായ വിവര്‍ത്തകന്‍ എന്‍ മൂസക്കുട്ടി പരിചയപ്പെടുത്തി തന്ന പ്രകാരം വീട്ടില്‍ പോയി കാണുന്നത്.

അബ്ദുര്‍ റഹ് മാന്‍ സാഹിബിനെ നേരില്‍ കണ്ട അനുഭവം അദ്ദേഹം വിവരിച്ചത് സാഹിബ് ഫാനായ ഞാന്‍ ആവേശത്തോടെ കേട്ടിരുന്നു. സാഹിബിനെ പറ്റി ഒരുപാട് വായിക്കുകയും ചരിത്രകാരനായ ഡോ. എം ജി എസ് നാരായണനെ പോലുള്ളവരില്‍ നിന്ന് കൂടുതല്‍ അറിയുകയും ചെയ്തിരുന്നു. മംഗളം, ജനയുഗം, വീക്ഷണം, നാരദ ന്യൂസ് തുടങ്ങിയവയില്‍ എന്റെ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ സാഹിബിന്റെ ഉറ്റസുഹൃത്തായ മൗലവിയെ കുറിച്ച് അധികമൊന്നും അറിഞ്ഞിരുന്നില്ല.



വാപ്പയെ കുറിച്ച് പുസ്തകം രചിച്ച മനോരമ എഡിറ്റര്‍ ഫ്രാന്‍സിസ് സാറിനെ വിളിച്ചാല്‍ നന്നാകുമെന്ന് റഷീദിക്ക പറഞ്ഞു. ഫ്രാന്‍സിസ് സാറിനെ ഫോണില്‍ വിളിച്ച് കുറെ നേരം സംസാരിച്ചു. ഇത്രയും നല്ല മനുഷ്യര്‍ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകൂ എന്നാണ് ഫ്രാന്‍സിസ് സാര്‍ പറഞ്ഞത്.

സ്വാതന്ത്രസമരകാലത്തെ രസകരമായ ഒരു സംഭവമുണ്ട്. പള്ളിയില്‍ വെച്ച് മൗലവി ഗാന്ധിയുടെ പേര് പറഞ്ഞപ്പോള്‍ അവിടെയുള്ള ഒരു അല്പജ്ഞാനിയായ മുസ്ലിയാര്‍ അതിനെ എതിര്‍ത്തു. ഗാന്ധി കാഫിര്‍ ആയതാണത്രെ കാരണം! പിന്നീട് ഈ മുസ്ലിയാര്‍ നമസ്‌കാരത്തില്‍ മസദ് എന്ന ഖുര്‍ആന്‍ അധ്യായം ഓതിയപ്പോള്‍ മൗലവി മുസ്ലിയാരെ ചോദ്യം ചെയ്തു. ഈ അധ്യായത്തില്‍ പ്രവാചകന്റെ കടുത്തശത്രുവായ അബൂ ലഹബിനെ പറ്റി പറയുന്നുണ്ട്! മുസ്ലിയാര്‍ക്ക് ഉത്തരം മുട്ടി.

അന്നത്തെ പൗരോഹിത്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായിരുന്നു. മൗലവിയുടെ സ്വാധീനം മൂലമാണ് പല മാപ്പിളാരും ദേശീയതയിലേക്ക് കടന്ന് വന്നത്. 1921ലെ ഒറ്റപ്പാലം കോണ്ഗ്രസ്സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉലമാ കോണ്‍ഫറന്‍സില്‍ സെക്രട്ടറിയായ മൗലവി വെള്ളക്കാര്‍ക്കെതിരെ മുഖ്യപ്രഭാഷണം നടത്തി. ജനങ്ങള്‍ ആവേശം കൊണ്ടു.

മലബാര്‍ കലാപം അക്രമാസക്തമാകുന്നതിനെ മൗലവി എതിര്‍ത്തു. പക്ഷെ വൈരുദ്ധ്യമെന്ന് പറയാം ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിലിട്ടു. ക്രൂരമായ മര്‍ദ്ദനങ്ങളാണവിടെ ലഭിച്ചത്. വിസ്താരമുള്ള മുതുകായതിനാല്‍ പോലീസുകാര്‍ അദ്ദേഹത്തെ ലാത്തി കൊണ്ട് കൂടുതല്‍ പെരുമാറി.

പാക്കിസ്ഥാന്‍ വാദത്തെ മൗലവി ശക്തമായി എതിര്‍ത്തു. ലീഗുമായി പലപ്പോഴും കൊമ്പുകോര്‍ത്തു. മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസവും അനാചാരവും എതിര്‍ത്തു. ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ കാന്തപുരത്തിന്റെ മുടിപ്പള്ളിയെ എതിര്‍ക്കാന്‍ അദ്ദേഹം മുമ്പില്‍ തന്നെ ഉണ്ടായേനെ.

ഒരു നൂറ്റാണ്ടോളം മൗലവി ജീവിച്ചു. സ്വാതന്ത്രം കിട്ടിയതിന് ശേഷം പല സ്ഥാനങ്ങളും ലഭിക്കാമായിരുന്നെങ്കിലും എല്ലാവരെയും വിസ്മയിപ്പിച്ച മൗലവി അതില്‍ നിന്നെല്ലാം നിസ്വാര്‍ത്ഥമായി മാറി നിന്നു. കോഴിക്കോട് മൊയ്ദു മൗലവിയുടെ പേരിലുള്ള മ്യൂസിയം വര്‍ഷങ്ങള്‍ക്ക് മുമ്പ് എം ടി വാസുദേവന്‍ നായരാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് റിപബ്ലിക് ദിനത്തില്‍ നമുക്ക് മൗലവിയെ പറ്റി ഓര്‍ക്കാം. അഭിമാനിക്കാം. ജയ് ഹിന്ദ്!

Keywords: Article, Republic Day, Freedom, E Moidu Moulavi remembrance, Shine Shoukkathali.