Follow KVARTHA on Google news Follow Us!
ad

ഐ എസ് ആര്‍ ഒ നൂറാമത് ഉപഗ്രഹവുമായി പി എസ് എല്‍ വി സി40 ബഹിരാകാശത്തേക്ക് കുതിച്ചു; കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. പിഴവുകള്‍ക്ക് ശേഷംchennai, News, Researchers, Technology, ISRO, America, World,
ചെന്നൈ: (www.kvartha.com 12.01.2018) ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. പിഴവുകള്‍ക്ക് ശേഷം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്. രണ്ടു മണിക്കൂര്‍ 22 സെക്കന്‍ഡാണ് മൊത്തം വിക്ഷേപണ സമയം.

വെള്ളിയാഴ്ച രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42-ാമതു ദൗത്യമാണിത്. കാര്‍ട്ടോസാറ്റിനെ കൂടാതെ 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവുമാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. റോക്കറ്റില്‍ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്റെ താപകവചം വിടരാതിരുന്നത് മൂലം കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

Countdown For ISRO's 100th Satellite Launch, Chennai, News, Researchers, Technology, ISRO, America, World.

കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആര്‍.എന്‍.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പി.എസ്.എല്‍.വിയുടെ ഈ വിക്ഷേപണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് ഡിസംബറില്‍ നടത്താനിരുന്ന വിക്ഷേപണം പലതവണ മാറ്റിവച്ചത്. ചെറിയ സംഗതികള്‍ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് വെള്ളിയാഴ്ചത്തെ ദൗത്യത്തിന് ഒരുങ്ങിയത്. മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി, ലോഞ്ചിംഗ് ഓതറൈസേഷന്‍ ബോര്‍ഡ് എന്നിവയുടെ ഫുള്‍ കോറം ചേര്‍ന്നാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.29 മണിക്കാണ് ആരംഭിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി40 വിക്ഷേപിച്ചത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ കാര്‍ട്ടോസാറ്റ്-2വിന്റെ പ്രത്യേകതയാണ്. ഉപഗ്രഹങ്ങളടങ്ങിയ പിഎസ്എല്‍വി-സി40 ക്ക് 1323 കിലോഗ്രാമാണ് ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ്-2 മാത്രം 710 കിലോയുണ്ട്. കഴിഞ്ഞതവണ പിഎസ്എല്‍വി സി-39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകള്‍ക്കു ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടന്നത്. പരീക്ഷണത്തിനു പിന്നാലെ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 എ, 2 ബി ഉപഗ്രഹങ്ങളുടെ തുടര്‍ച്ചയാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപണം. വിദൂര നിയന്ത്രണ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹമാണിത്. തീരദേശം, ജലശേഖരം തുടങ്ങി നഗര, ഗ്രാമവികസനം വരെയുള്ള കാര്യങ്ങളുടെ ചാര്‍ട്ടുകളും ഭൂരേഖകളും തയ്യാറാക്കാനുള്ള വിവരങ്ങള്‍ ഉപഗ്രഹം ലഭ്യമാക്കും.

ആദ്യം കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ 30 ഉപഗ്രഹങ്ങള്‍ 505 കിലോമീറ്റര്‍ മേലെയുള്ള ഭ്രമണപഥത്തില്‍ വിടും. പിന്നീട് 359 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഇറങ്ങി ഒരു മൈക്രോ ഉപഗ്രഹത്തെ സ്വതന്ത്രമാക്കും. രണ്ട് ഭ്രമണ പഥങ്ങളില്‍ എത്താനായി റോക്കറ്റിലെ നാലാം ഘട്ടം രണ്ടു തവണ നിറുത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്ന സങ്കീര്‍ണമായ പ്രക്രിയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Countdown For ISRO's 100th Satellite Launch, Chennai, News, Researchers, Technology, ISRO, America, World.