Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് പ്രസിദ്ധീകരണങ്ങളുടെ രജിസ്‌ട്രേഷനില്‍ 3.58 ശതമാനം വളര്‍ച്ച; 4007 പുതിയ പ്രസിദ്ധീകരണങ്ങള്‍, വനിത ഏറ്റവും സര്‍ക്കുലേഷനുള്ള ആനുകാലികം

2016- 17 ല്‍ രാജ്യത്ത് പുതുതായി 4007 പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങി. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത പ്രസിദ്ധീകരണങ്ങളില്‍ 3.58 ശതമാനം വളര്‍ച്ച രേഖപ്പെ Kerala, News, New Delhi, Book, Vanitha is largest circulated periodical in India
ന്യൂഡല്‍ഹി: (www.kvartha.com 15.12.2017) 2016- 17 ല്‍ രാജ്യത്ത് പുതുതായി 4007 പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങി. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത പ്രസിദ്ധീകരണങ്ങളില്‍ 3.58 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രജിസ്ര്ടാര്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യ പുറത്തിറക്കിയ 'പ്രസ്സ് ഇന്‍ ഇന്ത്യ 2016-17' റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് ആര്‍.എന്‍.ഐ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ. ഗണേശന്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി സുബിന്‍ ഇറാനിക്ക് സമര്‍പ്പിച്ചു.

ആര്‍.എന്‍.ഐയില്‍ ലഭ്യമായ വിവരങ്ങളുടെയും രാജ്യത്തൊട്ടാകെയുള്ള പ്രസാധകര്‍ ആര്‍.എന്‍.ഐക്ക് സമര്‍പ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് 'പ്രസ്സ് ഇന്‍ ഇന്ത്യ 2016-17' ക്രോഡീകരിച്ചിട്ടുള്ളത്. ആകെ 1,14,820 പ്രസിദ്ധീകരണങ്ങളാണ് രാജ്യത്ത് പുറത്തിറങ്ങുന്നത്. വര്‍ത്തമാന പത്രങ്ങളുടെ വിഭാഗത്തില്‍ 16,993 പ്രസിദ്ധീകരണങ്ങളും ആനുകാലിക വിഭാഗത്തില്‍ 97,827 പ്രസിദ്ധീകരണങ്ങളുമുള്‍പ്പെടെയാണിത്്. ഹിന്ദി ഭാഷയിലാണ് ഏറവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്- 46,587 എണ്ണം. രണ്ടാം സ്ഥാനം ഇംഗ്ലീഷിനാണ്- 14,365.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. 17,736 പ്രസിദ്ധീകരണങ്ങളാണ് ഇവിടെനിന്ന് പുറത്തിറങ്ങുന്നത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് - 15,673 പ്രസിദ്ധീകരണങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും സര്‍ക്കുലേഷനുള്ള വര്‍ത്തമാന പത്രം കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബംഗാളി ഭാഷയിലുള്ള 'ആനന്ദ ബസാര്‍ പത്രിക'-യാണ്. സര്‍ക്കുലേഷന്‍- 11,16,428. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയില്‍നിന്നുള്ള 'ടൈംസ് ഓഫ് ഇന്ത്യ'-യാണ്-(ഇംഗ്ലീഷ്) 9,56054 കോപ്പികള്‍.

കോട്ടയത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന 'വനിത' ദ്വൈവാരികയാണ് ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള ആനുകാലികം. 6,47,104 കോപ്പികളാണ് വനിതക്കുള്ളത്. ജലന്ധറില്‍നിന്നുള്ള പഞ്ചാബ് കേസരിയാണ് ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള ഹിന്ദി ദിനപ്പത്രം.-7,14,888 കോപ്പികളാണ് ഈ ദിനപ്പത്രത്തിനുള്ളത്.

ആകെ 31,028 പ്രസിദ്ധീകരണങ്ങളാണ് വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചത്. ഇതില്‍ 15,596 എണ്ണവും ഹിന്ദി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നവയാണ്. 2016-17 ല്‍ എല്ലാ പ്രസിദ്ധീകരണങ്ങളും കൂടി അവകാശപ്പെട്ടിട്ടുള്ള സര്‍ക്കുലേഷന്‍ 48,80,89,490 ആണ്. ആകെ 20,555 ടൈറ്റിലിനുള്ള അപേക്ഷകള്‍ ലഭിച്ചതില്‍ 9,278 എണ്ണം അംഗീകരിച്ചു. 6,506 ടൈറ്റിലുകള്‍ നിരസിച്ചു.

രാജ്യത്ത് ദിനപ്പത്ര വ്യവസായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമുണ്ടായ പുരോഗതി വരച്ചു കാട്ടുന്ന സുപ്രധാന രേഖയാണ്് 'പ്രസ്സ് ഇന്‍ ഇന്ത്യ 2016-17' എന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രാദേശിക ഭാഷയിലുള്ള പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വളര്‍ച്ചയുടെ സമഗ്രമായ അവലോകനം ഈ റിപ്പോര്‍ട്ടിലുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, New Delhi, Book, Vanitha is largest circulated periodical in India
< !- START disable copy paste -->