Follow KVARTHA on Google news Follow Us!
ad

ഗൗരി ലങ്കേഷ് രക്തസാക്ഷിയാകും മുമ്പ് എഴുതിയത് ഹാദിയയുടെ പൗരാവകാശത്തേക്കുറിച്ച്

നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് അന്ന പോളിറ്റ് കോവ്‌സ്‌കയ അവാര്‍ഡ് മരണാനന്തര ബഹുമതിയായി ലഭിച്ച കന്നട പത്രപവര്‍ത്തക ഗൗരി ലങ്കേഷ് അവസാനമായി എഴുതിയത് 'കണ്ടതു പോലെ' Article, Trending, Supreme Court of India, Media, Hadiya, Gauri Lankesh's Last words
(www.kvartha.com 07.12.2017) നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് അന്ന പോളിറ്റ് കോവ്‌സ്‌കയ അവാര്‍ഡ് മരണാനന്തര ബഹുമതിയായി ലഭിച്ച കന്നട പത്രപവര്‍ത്തക ഗൗരി ലങ്കേഷ് അവസാനമായി എഴുതിയത് 'കണ്ടതു പോലെ' എന്ന കോളമായിരുന്നു. എന്ത് കൊണ്ട് വലത് പക്ഷ തീവ്രവാദികള്‍ അവരെ വെടിവെച്ച് കൊന്നു എന്നതിനുള്ള ഉത്തരം ആരെയും കൂസാതെ സത്യം തുറന്നെഴുതുന്ന അവരുടെ പ്രകൃതം എന്ന് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു.

നിസാര്‍ പെര്‍വാഡിന്റെ പരിഭാഷ ചുവടെ:

കണ്ടതുപോലെ

ഗൗരി ലങ്കേഷ്

ഹാദിയയുടെ വിവാഹം, മുത്തലാഖ്: സമീപനങ്ങളിലെ വൈരുധ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു

ഈ കോളം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ പരമോന്നത നീതിപീഠത്തെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഇന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് വ്യവസ്ഥ റദ്ദ് ചെയ്തു ഉത്തരവിറക്കിക്കഴിഞ്ഞു. ഇസ്ലാമിലില്ലാത്ത മുത്തലാഖ് സമുദായത്തിലെ പുരുഷന്മാര്‍ സ്ത്രീകളെ ഒതുക്കുവാന്‍ ഒരുക്കിയ അസ്ത്രമാണ്. ഒറ്റ ശ്വാസത്തിലോ എസ്.എം.എസ് മുഖേനയോ ചുളുവില്‍ മൂന്നു പ്രാവശ്യം ത്വലാഖ് ചൊല്ലിയാല്‍ മതി, തന്റെ പത്‌നിയില്‍ നിന്ന് പുരുഷന് വിവാഹ മോചനമായി. മൊഴി ചൊല്ലപ്പെട്ട സ്ത്രീക്ക് നീതി എന്നത് മരീചികയായി തുടരും. ഈ മുത്തലാഖിനെതിരെ നീതി തേടി എത്രയോ സ്ത്രീകളും സ്ത്രീ സംഘടനകളും കോടതി കയറി. അവരുടെ ആവലാതികള്‍ കേട്ട നീതിപീഠം ഇന്ന് സ്വാഗതാര്‍ഹമായ ന്യായവിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ജെ എസ് ഖോഹാര്‍ തന്നെ ഈ വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ ഉണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച ഇതേ ജ. ഖേഹാര്‍ അംഗമായിരുന്ന മറ്റൊരു ബെഞ്ച് സ്ത്രീകള്‍ക്ക് ആഘാതമേല്‍പ്പിക്കുന്ന ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ഹിന്ദുത്വവാദികളുടെ ഭാവനാസൃഷ്ടിയായ ലവ് ജിഹാദ് എന്ന പ്രചരണത്തിന് വളം വെച്ചുകൊണ്ട് ലവ് ജിഹാദ് പദ്ധതി നടക്കുണ്ടോ ഇല്ലേ എന്ന് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വിഷയവുമായി സി പി ഐ (എം എല്‍)യുടെ മുതിര്‍ന്ന നേതാവായ കവിതാ കൃഷ്ണന്‍ സുദീര്‍ഘമായ ലേഖനം എഴുതിയിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇവിടെ ചേര്‍ക്കുന്നു.

കേരളത്തില്‍ 24 വയസുള്ള അഖില എന്ന ഹിന്ദു യുവതി ജസീന എന്ന മുസ്ലിം യുവതിയുമായി നല്ല സൗഹൃദത്തിലായിരുന്നു. ക്രമേണ ജസീനയുടെ കുടുംബവുമായും അവള്‍ അടുത്തു. അവരുമായുള്ള ചങ്ങാത്തത്തിലൂടെ അവള്‍ ഇസ്ലാം മതം സ്വീകരിച്ച് പേര് ഹാദിയ എന്ന് മാറ്റി. അതോടെ അവളുടെ അച്ഛന്‍ മകളെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്ന് ആരോപിച്ച് രണ്ടു പ്രാവശ്യം കോടതിയെ സമീപിച്ചു. എന്നാല്‍ രണ്ടു പ്രാവശ്യവും, പ്രായപൂര്‍ത്തിയായ അവള്‍ ആരോഗ്യകരമായ മനസ്സില്‍ നിര്‍ദ്ധാരണം ചെയ്തു സ്വന്തമായി എടുത്ത തീരുമാനമാണെന്ന് കോടതി കണ്ടെത്തി വിധിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ പരാതി തള്ളിപ്പോവുകയായിരുന്നു. പക്ഷെ അവളുടെ അച്ഛന്‍ മൂന്നാം പ്രാവശ്യം ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിനു മുമ്പാകെ പരാതിയുമായി ചെന്നു.

ഈ പരാതി കോടതി പരിഗണിക്കുന്നതിനിടയില്‍ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ അനുയോജ്യനായ ഇണയെ തേടി ഹാദിയ പരസ്യം നല്‍കി. ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്ന്, അന്ന് മസ്‌കത്തില്‍ ജോലിയുണ്ടായിരുന്ന എസ് ഡി പി ഐ അംഗം ശഫീന്‍ ജഹാനെ അവള്‍  തെരഞ്ഞെടുത്തു വിവാഹം കഴിച്ചു. എന്നാല്‍ കോടതി അച്ഛന്റെ പരാതി കണക്കിലെടുത്ത് വിവാഹം റദ്ദുചെയ്യുക മാത്രമല്ല 24 വയസ്സുകാരിയെ അവളുടെ അച്ഛന്റെ കൈവശം വിട്ടുകൊടുക്കുകയും ചെയ്തു. കൂടാതെ മാതാപിതാക്കളുടെ നിലപാടിന് വിരുദ്ധമായി ഹിന്ദു യുവതി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നും അനന്തരം അവളെ സിറിയയിലേക്ക് കൊണ്ടുപോകും എന്നും അവിടെ ഭീകരവാദി സംഘടനകളില്‍ ചേര്‍ക്കപ്പെടും എന്നും ഹൈക്കോടതി വിധിയില്‍ സ്വയം നിരീക്ഷിക്കുന്നുണ്ട്.

ഈ വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ശെഫിന്‍ സുപ്രീം കോടതിയെ സമീപിച്ച് തന്റെ വിവാഹം റദ്ദ് ചെയ്ത നടപടി അസാധുവാക്കണമെന്ന് അപേക്ഷിച്ചു. അച്ഛന്റെ ആരോപണം, ഭര്‍ത്താവിന്റെ പരാതി എന്നിവയുടെ വെളിച്ചത്തില്‍ സത്യാവസ്ഥ മനസ്സിലാക്കാന്‍ ഹാദിയയെ നേരിട്ട് കേള്‍ക്കുന്നതിനു പകരം ജ: ഖേഹര്‍ ഉള്‍പ്പെട്ട ബെഞ്ച് 'ഹിന്ദു യുവതിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു, അവളെ ഭീകരവാദിയാക്കി മാറ്റിയോ എന്ന് അന്വേഷണം നടത്തണം' എന്ന് ദേശീയ സുരക്ഷാ ഏജന്‍സിയോട് ഉത്തരവിടുകയാണ് ചെയ്തത്. അങ്ങിനെ ചെയ്തതിലൂടെ പ്രായപൂര്‍ത്തിയായ സ്ത്രീയുടെ സ്വയം തെരഞ്ഞെടുപ്പിനുള്ള ഭരണഘടനാദത്തമായ അവകാശത്തിന്മേല്‍  കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കത്തി വെച്ചിരിക്കുകയാണ്.

കേരള ഹൈക്കോടതി വിധിയില്‍ 'മകള്‍ക്ക് അനുയോജ്യനായ വരനെ കണ്ടുപിടിച്ചു കെട്ടിച്ചു കൊടുക്കേണ്ട അവകാശം അച്ഛനുണ്ട്' എന്ന് പ്രസ്താവിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായ യുവതിക്കു താന്‍ ആരെ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പവകാശത്തെപ്പറ്റി പരാമര്‍ശമേ ഇല്ല. ഹാദിയയുടെ വക്കീല്‍ തന്റെ ജീവിതം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ അവള്‍ക്കു അവകാശം ഉണ്ട് എന്ന് എത്ര വാദിച്ചിട്ടും കോടതി 'അവള്‍ ഇനിയും 20 വയസിന്റെ  മാനസിക പക്വത കൈവരിക്കാത്ത പെണ്‍കുട്ടിയാണ്. ഭാരതീയ സംസ്‌കാരമനുസരിച്ചു വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ കല്യാണം കഴിയുന്നത് വരെ മാതാപിതാക്കളോടൊപ്പം കഴിയണം. അതുകൊണ്ട് ഇങ്ങനെയുള്ള വ്യക്തി കൂടുതല്‍ അപകടത്തില്‍ ചെന്നു ചാടാതിരിക്കാന്‍ അവളെ അവളുടെ മാതാപിതാക്കളുടെ കൂടെ അയക്കുന്നത് എന്റെ ഉത്തരവാദിത്തമായി കരുതുന്നു' എന്ന് പറയുന്നു. അത് മാത്രമല്ല 24 വയസ് പ്രായമുള്ള ഹാദിയയെ ന്യായാധിപന്മാര്‍  യുവതിയെന്നു പറയുന്നതിനു പകരം വിധിയില്‍ പെണ്‍കുട്ടി എന്നാണു പരാമര്‍ശിക്കുന്നത്. കൂടാതെ അവള്‍ തെരഞ്ഞെടുത്ത ഹാദിയ എന്ന പേരിനു പകരം അഖില എന്നാണു കോടതി അവളെ പരാമര്‍ശിച്ചത്.

വേറെ ജാതി അല്ലെങ്കില്‍ മതത്തില്‍പെട്ട യുവാവിനെ സ്‌നേഹിച്ച് വിവാഹം ചെയ്തതിന്, ഖാപ് പഞ്ചായത്തുകളും അച്ഛന്മാരും സഹോദരങ്ങളും ബന്ധുക്കളും, പെണ്‍മക്കളെ കിരാതമായി കൊന്നു തള്ളിയതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ഹാദിയ എന്ന പ്രായപൂര്‍ത്തിയായ യുവതി തനിക്ക് ഇഷ്ടപ്പെട്ടവനെ വിവാഹം കഴിച്ചത് ഭാരതീയ സംസ്‌കാരപ്രകാരം ശരിയല്ല എന്ന് പറഞ്ഞു. ഒരു ന്യായാലയം അവളുടെ മാതാപിതാക്കളെ തിരിച്ചേല്‍പ്പിച്ചത് എത്ര മാത്രം ശരിയാണ്.

ഹൈക്കോടതി അതിന്റെ വിധിയില്‍ 'പ്രകൃതിയില്‍ എത്രയോ ജീവികള്‍ തങ്ങളുടെ മക്കളെ രക്ഷിക്കുന്നു. അവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും കൊടുക്കുന്നു. മനുഷ്യരും ഇതിനു അപവാദമല്ല.' എന്ന് പറയുന്നു. മത, ജാതി, ലിംഗ അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്തതിനു സന്തതികളെ കൊല ചെയ്യുന്നവര്‍ മനുഷ്യര്‍ മാത്രമാണെന്ന് ഈ ന്യായാധിപന്മാരെ അറിയിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. ഉദാഹരണത്തിന് 2010 ല്‍ ബ്രാഹ്മണ ജാതിയില്‍ ജനിച്ച നിരുപമ എന്ന യുവ പത്രപ്രവര്‍ത്തക അബ്രാഹ്മണ ജാതിയില്‍ പെട്ടവനെ സ്‌നേഹിച്ചു എന്ന കാരണത്താല്‍ അവളുടെ അച്ഛനമ്മമാര്‍ തന്നെ അവളെ ദില്ലിയില്‍ വെച്ചു കൊന്നുകളഞ്ഞു.

ഹാദിയ എന്ന പ്രായപൂര്‍ത്തിയായ യുവതിയെ കോടതി അവളുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് മാതാപിതാക്കളെ ഏല്‍പിച്ചത്. ഇപ്പോള്‍ അവള്‍ അച്ഛന്റെ വീട്ടില്‍ ബന്ദിയായി കഴിഞ്ഞുകൂടുകയാണ്. പോലീസുകാര്‍ക്കു പുറമേ, ആര്‍ എസ് എസ് അംഗങ്ങളും കൂടെ ചേര്‍ന്ന് വീട് വളഞ്ഞു ആര്‍ക്കും ഹാദിയയെ കണ്ടു സംസാരിക്കാനുള്ള അവസരം നല്‍കുന്നില്ല. ഇത് പ്രായപൂര്‍ത്തിയായ യുവതിയുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുകയല്ലെങ്കില്‍ മറ്റെന്താണ്?

ഇതെല്ലാം മീററ്റ് നഗരത്തില്‍ 2014ല്‍ നടന്ന 'ലവ് ജിഹാദ്' നെ ഓര്‍മിപ്പിക്കുന്നു. ശാലു എന്ന 20 വയസുകാരി ഹിന്ദു യുവതി ഒരു മദ്രസയില്‍ അധ്യാപിക ആയിരുന്നു. തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്നും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയെന്നും തന്നെ നിര്‍ബന്ധിപ്പിച്ചു ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിച്ചു എന്നും അവള്‍ ക്യാമറ മുമ്പാകെ വെളിപ്പെടുത്തി. ഒപ്പം തന്നെപ്പോലുള്ള മറ്റു ഹിന്ദു സ്ത്രീകളും വലിയ ഗൂഡാലോചനയുടെ ഭാഗമായി പീഡിപ്പിക്കപ്പെട്ടു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കപ്പെടുന്നു എന്നും പറഞ്ഞു. പ്രസ്തുത പരാതി കണക്കിലെടുത്ത് പോലീസ് കലീം എന്ന മുസ്ലിമിനെയും അയാളുടെ ബന്ധുക്കളെയും അറസ്റ്റ് ചെയ്തു. അവളുടെ വെളിപ്പെടുത്തല്‍ വൈറല്‍ ആകുന്നത് സംഘികള്‍ സസന്തോഷം നോക്കിക്കൊണ്ടിരുന്നു.

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്റെ വീട്ടില്‍ നിന്നു രക്ഷപ്പെട്ട ശാലു താന്‍ കലീമിനെ സ്‌നേഹിക്കുന്നുവെന്നും തന്നെ മാതാപിതാക്കള്‍ ബലമായി പിടിച്ചു വെച്ചതാണെന്നും കരീം വിരുദ്ധ പ്രസ്താവനകള്‍ സമ്മര്‍ദ്ദം ചെലുത്തി നടത്തിച്ചതാണെന്നും പോലീസിന്  മൊഴി നല്‍കി. താന്‍ അങ്ങനെ ഒരു പ്രസ്താവന കൊടുത്തില്ലെങ്കില്‍ തന്നെ ദുരഭിമാനക്കൊലക്ക് ഇരയാക്കപ്പെടുമെന്ന ഭീഷണി മൂലമാണ് നേരത്തെ ക്യാമറക്ക് മുമ്പാകെ മറിച്ചു ഒരു പ്രസ്താവന കൊടുത്തതെന്ന സത്യവും അവള്‍ പുറത്തുവിട്ടു. ഇപ്പോള്‍ ശാലി വിവാഹിതരായി കലീമിന്റെ കൂടെത്താമസിക്കുകയാണ്.

അടുത്ത വര്‍ഷം മറ്റൊരു സത്യവും പുറത്ത് വന്നു. കോബ്രപോസ്റ്റ് എന്ന അന്വേഷണസംഘം നടത്തിയ സ്റ്റിംഗ് ഓപറേഷനില്‍ ബി ജെ പി /ആര്‍ എസ് എസ് നേതാക്കള്‍ 'ഇതുവരെ ഒറ്റ ലവ് ജിഹാദ് സംഭവം പോലും നടന്നിട്ടില്ല' എന്നു പറഞ്ഞതിന് ശേഷം 'എങ്കിലും ഈ അസ്ത്രം പ്രയോഗിച്ചു ഹിന്ദു സ്ത്രീകള്‍ മറ്റു മതസ്ഥരാല്‍ വിവാഹിതരാകുന്നത് ബലം പ്രയോഗിച്ചു തടയുവാന്‍ സാധിക്കുന്നുണ്ട്' എന്നു മേനി പറഞ്ഞത് ക്യാമറ പകര്‍ത്തിയിട്ടുണ്ട്.

മുസഫര്‍ നഗറില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സഞ്ജയ് അഗര്‍വാള്‍ 'ലവ് ജിഹാദ്, ഗോഹത്യ' എന്നീ വിഷയങ്ങള്‍ എടുത്തു കൊണ്ട് മോഡിയുടെ ജനപ്രീതി കൂട്ടുന്നതിനെപ്പറ്റി പറയുന്നുണ്ട്. 'ഹിന്ദു സ്ത്രീകള്‍ നമ്മുടെ വാക്ക് കേട്ടില്ലെങ്കില്‍ അവരെ അടിക്കണം, അപമാനിക്കണം' എന്നും അയാള്‍ പറയുന്നുണ്ട്. ഒംകാര്‍ സിംഗ് എന്ന ആര്‍ എസ് എസ് നേതാവ് മുസ്ലിംകളുടെ കയ്യില്‍ നിന്നു 125 ഹിന്ദു സ്ത്രീകളെ രക്ഷിച്ചതായി അവകാശപ്പെട്ടു. 'ആദ്യം സ്ത്രീകളുടെ മതപരിവര്‍ത്തനത്തിനു ശ്രമിക്കും, അതില്‍ വിജയിച്ചില്ലെങ്കില്‍ അവള്‍ കല്യാണം കഴിച്ച മുസ്ലിം പുരുഷന്റെ മേല്‍ തികച്ചും അസത്യമായ ദുരാരോപണങ്ങള്‍ ചാര്‍ത്തിക്കൊടുത്തു അതിക്രമത്തിനു കേസാക്കും' എന്ന് പറഞ്ഞു വെച്ചു അയാള്‍. ബി ജെ പി എം എല്‍ എ സുരേഷ് റാണ താന്‍ ഒരു പെണ്‍കുട്ടിയെക്കൊണ്ട് മൂന്ന് മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ അതിക്രമസംഭവം റിക്കാര്‍ഡ് ചെയ്യിപ്പിച്ചത് വിവരിക്കുന്നു. 'ഞാനിപ്പോള്‍ സത്യം പറയാം. ഞാന്‍ അവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് കൊടുപ്പിച്ചു. എന്നാലത് ബലാല്‍സംഗം ആയിരുന്നില്ല. നേരെ മറിച്ചു ഉഭയസമ്മതത്തോടെയുള്ള ബന്ധപ്പെടലായിരുന്നു അത്. അവര്‍ക്ക് മേല്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. അപ്പോള്‍ അവരെല്ലാവരെയും പാഠം പഠിപ്പിക്കാന്‍ ഞാനത് ബലാല്‍സംഗ കേസാക്കി മാറ്റിച്ചു' എന്നും അയാള്‍ ക്യാമാര്‍ക്ക് മുമ്പില്‍ സമ്മതിക്കുന്നുണ്ട്.

ഇങ്ങനെയുള്ള കൃത്യങ്ങളില്‍ എങ്ങനെ കോടതിയും വക്കീലന്മാരും പോലീസും തങ്ങളെ സഹായിക്കുന്നു എന്ന് സഞ്ജയ് അഗര്‍വാള്‍ വിവരിക്കുന്നു. ധാരാളം വക്കീലന്മാര്‍ ഞങ്ങളുടെ സ്വയം സേവകരാണ്. മജിസ്‌ട്രേറ്റ് കോടതിയിലോ മറ്റു കോടതികളിലോ ഏതെങ്കിലും ഹിന്ദു യുവതി മുസ്ലിം യുവാവിനെ വിവാഹം ചെയ്യാന്‍ തന്റെ പേര് നല്‍കുന്നുണ്ടോ എന്ന് അവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. അത്തരം സംഭവങ്ങള്‍ ഉടന്‍ അവര്‍ നമ്മെ അറിയിക്കും. ഞാനത് താമസം വിനാ വലിയ ഗ്രൂപ്പില്‍ എത്തിക്കും. ആ യുവതി വിവാഹത്തിനായി കോടതി മുമ്പാകെ ഹാജരാകാത്ത തരത്തില്‍ ഞങ്ങള്‍ കാര്യങ്ങള്‍ നീക്കും. ഇതില്‍ ജഡ്ജിമാരും പോലീസും ഞങ്ങളുമായി സഹകരിക്കും. നമ്മുടെ ആളെ, കോടതി, അവളുടെ മാതാപിതാക്കളുടെ കൈവശം ഏല്‍പിച്ചാല്‍ പിന്നെ മൂന്നു ദിവസത്തിനുള്ളില്‍ അവളെ സ്വസമുദായത്തിലെ വെറൊരുത്തനു കെട്ടിച്ചു കൊടുക്കാനുള്ള ഏര്‍പ്പാട് നമ്മള്‍ ചെയ്തിരിക്കും' അഗര്‍വാള്‍ ഉറപ്പോടെ വിവരിക്കുന്നു.

ഡല്‍ഹി ജില്ലാ കോടതിയില്‍ 2013 ലെ ആറു മാസത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അതിക്രമ സംഭവങ്ങള്‍ പരിശോധിച്ചപ്പോള്‍ 40 ശതമാനം കേസുകളിലും ബലാത്സംഗം നടന്നിട്ടല്ല, മറിച്ചു അന്യ ജാതി/ മതത്തില്‍പെട്ട യുവാവിനെ സ്‌നേഹിച്ചു/ കല്യാണം കഴിച്ചു എന്നതിന് ആ യുവതികളുടെ മാതാപിതാക്കള്‍ യുവാക്കള്‍ക്കെതിരെ കൊടുപ്പിച്ച കള്ളപ്പരാതികളാണ് എന്ന് മനസ്സിലായി. സാഹചര്യം ഇങ്ങനെയിരിക്കെ, കേരള ഹൈക്കോടതി വിധി തിരസ്‌കരിക്കേണ്ടിയിരുന്ന സുപ്രീം കോടതി അത് ചെയ്യാതെ 'ലവ് ജിഹാദ്' സംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ ഏല്‍പിച്ചത് മൂലം പ്രായപൂര്‍ത്തിയായ യുവതിയുടെ അവകാശങ്ങള്‍ക്കു കത്തി വെച്ചിരിക്കുകയാണ്.

ഇരിക്കട്ടെ, ഇന്ന് മുതലാഖിനെക്കുറിച്ചു ട്വിറ്ററില്‍ വന്ന ചില പ്രതികരണങ്ങള്‍ പങ്കു വെക്കുകയാണ്.
സാഗരിക ഘോഷ്: മുത്തലാഖ് വിഷയത്തില്‍ പോരാടിയ മുസ്ലിം സ്ത്രീകളെ പിന്തുടര്‍ന്ന് ഹിന്ദു സ്ത്രീകളും പരമ്പരാഗത പുരുഷ മേധാവിത്ത അടിച്ചമര്‍ത്തലില്‍ നിന്ന് മോചിതരാകണം. പ്രേരണാ ബക്ഷി: എപ്പോഴും സ്ത്രീകളെ ബലാല്‍സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന 'ഭക്തര്‍' തന്നെ ഇന്ന് മുത്തലാഖുമായി ബന്ധപ്പെട്ടു 'സ്ത്രീശാക്തീകരണ' മന്ത്രം ഉരുവിടുന്നത് കേള്‍ക്കാന്‍ രസമുണ്ട്. ശഹസാദ് പൂനാവാല: മുത്തലാഖ് സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം. മോഡി ഖാപ് പഞ്ചായത്തുകള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുമോ?. ശഹല റഷീദ്: മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിക്ക് അഭിവാദ്യങ്ങള്‍. ഇനി 377 ആം വകുപ്പ്, ദാമ്പത്യത്തിലെ അതിക്രമങ്ങള്‍, ആധാര്‍ കാര്‍ഡ്, ബീഫ് നിരോധനം എന്നിവയും എടുത്തു മാറ്റപ്പെടട്ടെ.

അംബേദ്കര്‍ കാരവന്‍: എത്രയോ ഹിന്ദു പെണ്‍കുട്ടികളെ മരങ്ങള്‍ക്കും, നായകള്‍ക്കും, പൂച്ചകള്‍ക്കും നിര്‍ബന്ധിച്ച് കല്യാണം കഴിച്ചു കൊടുക്കുന്നു. അത്തരം ബ്രാഹ്മണീയ ആചാരങ്ങളും മാനുഷികവിരുദ്ധമല്ലേ?. അവസാനമായി 'യേ ലോഗ്' എന്നയാളുടെ കമന്റ്: ഇന്ന് കോടതി, അനിയന്ത്രിതമായി വിവാഹമോചനം നടത്തുന്നത് തെറ്റാണെന് പറയുന്നു. ശരി. എന്നാല്‍ ഇതേ കോടതി കഴിഞ്ഞയാഴ്ച്ച ഹാദിയയുടെ വിവാഹം  'അവള്‍ക്കു തനിക്കു വേണ്ടതെന്താണ് എന്നറിയില്ല' എന്ന് പറഞ്ഞു റദ്ദു ചെയ്തു ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Trending, Supreme Court of India, Media, Hadiya, Gauri Lankesh's Last words