Follow KVARTHA on Google news Follow Us!
ad

മുന്നണി രാഷ്ട്രീയം കലങ്ങുന്നു: വീരന്‍ ഇടത്തേക്കു തന്നെ; കേരള കോണ്‍ഗ്രസ് എമ്മില്‍ രണ്ടു പക്ഷം; സിപിഐ നിലപാട് നിര്‍ണായകം

യുഡിഎഫില്‍ നിന്ന് പരമാവധി കക്ഷികളെ അടര്‍ത്തിയെടുക്കാനും കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് പോകുന്നത് ഒഴിവാക്കാനും ആഞ്ഞു ശ്രമിക്കുന്ന സിപിഎമ്മിന് സിപിഐ അKerala, Thiruvananthapuram, News, Kerala Congress (m), K.M.Mani, CPM, Politics, CPI to UDF? What's next for K M Mani?
തിരുവനന്തപുരം: (www.kvartha.com 16.12.2017) യുഡിഎഫില്‍ നിന്ന് പരമാവധി കക്ഷികളെ അടര്‍ത്തിയെടുക്കാനും കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് പോകുന്നത് ഒഴിവാക്കാനും ആഞ്ഞു ശ്രമിക്കുന്ന സിപിഎമ്മിന് സിപിഐ അധിക കാലം ഇടതുമുന്നണിയില്‍ തുടരുമെന്നതില്‍ ഉറപ്പില്ല. ദേശീയ തലത്തില്‍ സംഘപരിവാറിന്റെ ഫാസിസ്റ്റ് വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസുമായി സഹകരിക്കാനുറച്ച് നീങ്ങുന്ന സിപിഐ കേരളത്തിലും യുഡിഎഫിന്റെ ഭാഗമാകും എന്നാണ് സിപിഎമ്മിന് ലഭിച്ചിരിക്കുന്ന സൂചന.



ദേശീയ തലത്തിലെ സഖ്യ കാര്യത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ കാര്യത്തില്‍ മനസ്സു തുറന്നിട്ടില്ല. പക്ഷേ, കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കി ഒരു മുഴം മുമ്പേ എറിയുകയാണ് സിപിഎം. വീരേന്ദ്ര കുമാറിനും ആര്‍എസ്പിക്കും വേണ്ടി മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നതും മാണിയുമായി വിലപേശല്‍ നടത്തുന്നതും ഇതിന്റെ ഭാഗമാണ്. വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചോ ജെഡിയു എസില്‍ ലയിച്ചോ ഇടതുമുന്നണിയിലേക്ക് പോകും. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് വീരേന്ദ്രകുമാര്‍ വിട്ടുനിന്നത് ഇതിന്റെ ഭാഗമായിത്തന്നെയാണ്.

എന്നാല്‍ ആര്‍എസ്പി തല്‍ക്കാലം മുന്നണി മാറ്റത്തേക്കുറിച്ച് ആലോചിക്കുന്നില്ല. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ ബാര്‍ കോഴക്കേസിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കി നിര്‍ത്തിയിരിക്കുന്ന സിപിഎമ്മിന് കേരള കോണ്‍ഗ്രസ് എം ഇപ്പോഴത്തെ അതേവിധം എല്‍ഡിഎഫിലേക്ക് വരണമെന്നാണ് ആഗ്രഹം. എന്നാല്‍ പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ പഴയ ജോസഫ് ഗ്രൂപ്പുകാര്‍ യുഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായക്കാരാണ്. അതുകൊണ്ടാണ് മാണി നിലപാട് വ്യക്തമാക്കാത്തതും വീരേന്ദ്രകുമാറിനെ ക്ഷണിക്കുന്നതു പോലെ സിപിഎം പരസ്യമായി മാണിയെ ക്ഷണിക്കാത്തതും.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം പിളരാതെ വന്നാല്‍ പിണറായി മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാരെ കൊടുക്കാമെന്നും 2019ലെ തെരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി ലോക്സഭാ സീറ്റുകള്‍ നല്‍കാമെന്നും സിപിഎം വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. ആ വാഗ്ദാനത്തിലാണ് മാണി പിടിച്ചിരിക്കുന്നത്. എന്നാല്‍ ജോസഫ് പക്ഷം യുഡിഎഫിലേക്ക് പോയാല്‍ അവര്‍ ഇതേ ലോക്സഭാ സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നതായുമുണ്ട് സൂചന. കോട്ടയം നിലവില്‍ മാണി ഗ്രൂപ്പ് ജയിച്ച സീറ്റാണെന്നതും ഇടുക്കി കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റല്ലെന്നതും മൂലം ആ വാഗ്ദാനം നടപ്പാക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുമില്ല. ഇടതു സ്വതന്ത്രനായി ജയിച്ച ജോയിസ് ജോര്‍ജ്ജാണ് ഇടുക്കി എംപി.

അതിനിടെ, മാണി പിളര്‍ന്ന് ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് പോയാല്‍ ജോസഫ് പക്ഷത്തെ കിട്ടുന്നതിനു പുറമേ സിപിഐയെക്കൂടി കിട്ടിയാല്‍ വീരേന്ദ്രകുമാര്‍ പോകുന്നതിന്റെ ക്ഷീണത്തെ മറികടക്കുന്ന രാഷ്ട്രീയ നേട്ടം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

Keywords: Kerala, Thiruvananthapuram, News, Kerala Congress (m), K.M.Mani, CPM, Politics, CPI to UDF? What's next for K M Mani?