Follow KVARTHA on Google news Follow Us!
ad

പാലാ ജനറല്‍ ആശുപത്രിയിലെ പേപ്പര്‍, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിന് ഇനി 'ലിറ്റര്‍ ബര്‍ണര്‍'

ഇതുവരെ പരിഹരിക്കുവാന്‍ കഴിയാതിരുന്ന മാലിന്യ സംസ്‌കരണ വിഷയത്തില്‍ പരിഹാരം കണ്ടെത്തിയതിന്റെ News, Kerala, Hospital, Waste, Litter burner, MLA fund, Plastic, Papper,
പാലാ:(www.kvartha.com 24/11/2017) ഇതുവരെ പരിഹരിക്കുവാന്‍ കഴിയാതിരുന്ന മാലിന്യ സംസ്‌കരണ വിഷയത്തില്‍ പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പാലാ ജനറല്‍ ആശുപത്രി അധികൃതര്‍. ആശുപത്രിയില്‍ ദിനംപ്രതി കുന്നുകൂടിക്കൊണ്ടിരുന്ന പേപ്പര്‍, തുണി, പഞ്ഞി മാലിന്യങ്ങള്‍ പൂര്‍ണ്ണമായി സംസ്‌കരിക്കുവാന്‍ ക്രമീകരണം ഇല്ലാത്തതിനാല്‍ വലഞ്ഞ ആശുപത്രിയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിനി ഇന്‍സിനിറേറ്റര്‍ 'ലിറ്റര്‍ ബര്‍ണര്‍' ഉപയോഗിച്ച് മാലിന്യങ്ങള്‍ സംസ്‌കരിച്ച സംതൃപ്തിയിലാണ് അധികൃതരും ജീവനക്കാരും.

ആശുപത്രി മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്കും നഗരമദ്ധ്യത്തിലുള്ള സ്ഥാപനങ്ങള്‍ക്കും സമീപത്തുള്ള വീടുകള്‍ക്കും ബുദ്ധിമുട്ടാകുകയും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ശ്വാസതടസ്സത്തിന് കാരണമാകുകയും ചെയ്തുകൊണ്ടിരുന്നു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കരിയുന്നത് രൂക്ഷഗന്ധവും ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും പരിഹാരം കണ്ടെത്താനാവാതെ ആശുപത്രി അധികൃതര്‍ വിഷമിക്കുകയായിരുന്നു.

 News, Kerala, Hospital, Waste, Litter burner, MLA fund, Plastic, Papper, 'liter burner' for paper and plastic waste management at Pala General Hospital


മഴക്കാലത്ത് പേപ്പര്‍ മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്നതും സ്ഥിരം കാഴ്ചയായിരുന്നു. ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയവും കാര്യക്ഷമവുമായ ഉപകരണ സജ്ജീകരണം ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കപ്പെട്ടതിനാല്‍ കെ.എം. മാണി എം.എല്‍.എ. പതിനാല് ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്നും ആരോഗ്യവകുപ്പിന് നല്‍കിയെങ്കിലും വകുപ്പില്‍ നിന്നും തുടര്‍നടപടികള്‍ വൈകുന്നതിനാല്‍ മാലിന്യപ്രശ്നത്തില്‍ പരിഹാരം നീണ്ടുപോവുകയായിരുന്നു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാവണമെന്ന് കെ.എം. മാണി മന്ത്രിയെ നേരില്‍കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പണം ലഭ്യമായിട്ടും പദ്ധതി വൈകിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി വരുന്നതിന് കാലതാമസം ഇനിയും ഉണ്ടാകുമെന്ന് തീര്‍ച്ചപ്പെടുത്തിയതിനാലാണ് മറ്റ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചത്. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ ഉപസമിതിയോഗത്തില്‍ കുര്യാക്കോസ് പടവന്‍, ബിജി ജോജോ, ഫിലിപ്പ് കുഴികുളം, ഷാര്‍ളി മാത്യു എന്നിവരടങ്ങുന്ന സമിതി മാലിന്യപ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യമായ തുക വികസന സമിതിയില്‍ നിന്നും ലഭ്യമാക്കണമെന്നും തീരുമാനിക്കുകയായിരുന്നു.

ഇതിനാവശ്യമായ ഉപകരണം വളരെവേഗം കണ്ടെത്തി സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനും ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി അംഗവുമായ ജയ്സണ്‍ മാന്തോട്ടത്തിനെ ചുമതലപ്പെടുത്തുകയും ആവശ്യമായ ഔദ്യോഗിക സഹകരണം ഉറപ്പാക്കുവാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മാലിന്യ പ്രശ്ന പരിഹാരത്തിന് ഉപകരണത്തിനായുള്ള അന്വേഷണം ജയ്സണ്‍ മാന്തോട്ടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.

വൈദ്യുതി ബോര്‍ഡിന്റെ എനര്‍ജി കണ്‍സര്‍വേഷന്‍ റിസോഴ്സ്പേഴ്സണും മുന്‍ വൈദ്യുതി ബോര്‍ഡ് എന്‍ജിനീയറുമായ മരങ്ങാട്ടുപിള്ളി ഇല്ലിക്കല്‍ സ്വദേശി സി.കെ. ഉണ്ണികൃഷ്ണന്‍ നായരാണ് ജയ്സണ്‍ മാന്തോട്ടത്തിന്റെ ആവശ്യപ്രകാരം പുക ഉയരാത്തതും ഗന്ധവിമുക്തവുമായ മാലിന്യസംസ്‌കരണ ഉപകരണം പ്രത്യേകമായി രൂപകല്പന ചെയ്തത്. യാതൊരുവിധ ഇന്ധനവും ഇതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ല എന്നതും കൊണ്ടുനടക്കാവുന്നതും വളരെ കുറഞ്ഞ നിര്‍മ്മാണ ചിലവുള്ളതുമായ ഉപകരണമാണെന്നുള്ളതുമാണ് ഇതിന്റെ പ്രത്യേകത.

എവിടെ വച്ചും പ്രവര്‍ത്തിപ്പിക്കാം. ഇക്കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് ഉപകരണം ഉപയോഗിച്ച് മാലിന്യങ്ങള്‍ സംസ്‌കരിച്ച് അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അന്നേ ദിവസം ആശുപത്രിയില്‍ ഉണ്ടായ പേപ്പര്‍, പ്ലാസ്റ്റിക്, പഞ്ഞി, ഡയപ്പര്‍ മാലിന്യങ്ങള്‍ മുഴുവനും അരമണിക്കൂര്‍ കൊണ്ട് സംസ്‌കരിച്ചു. ആശുപത്രിയിലെ ശുചീകരണവിഭാഗം ജീവനക്കാരും വളരെ സന്തോഷത്തിലാണ്.

മാലിന്യങ്ങള്‍ ചുമന്നുകൊണ്ട് ഇനി അലയേണ്ടതില്ല. അന്നന്നത്തെ മാലിന്യം മുഴുവന്‍ അന്നുതന്നെ സംസ്‌കരിക്കുന്നതിനായി ടൈംടേബിള്‍ ഉണ്ടാക്കുവാനാണ് ജീവനക്കാരുടെ തീരുമാനം. മുന്‍ പാലാ മുനിസിപ്പല്‍ കമ്മീഷണറും സാമൂഹിക പ്രവര്‍ത്തകനുമായ രവി പാലായുടെ നേതൃത്വത്തിലാണ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഈ ഉപകരണം നിര്‍മ്മിച്ച് ലഭ്യമാക്കിയത്. ഉപകരണത്തിന്റെ പ്രയോജനവും ഉറവിട മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള പദ്ധതികള്‍ക്ക് എത്രയുംവേഗം കൂടുതല്‍ സ്ഥാപനങ്ങളെയും വീടുകളെയും പരിചയപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് രവിയും സഹപ്രവര്‍ത്തകരും.

ലളിതമായ രൂപകല്പനയോടു കൂടിയ ഈ ഉപകരണത്തിന് 'ലിറ്റര്‍ ബര്‍ണര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. പുകയും മണവും ഉണ്ടാകുന്നില്ല എന്നതിനാല്‍ എവിടെയും ഇത് ഉപയോഗിക്കാം. വലിയ ഒരു മുതല്‍മുടക്ക് ഉണ്ടാകുന്നുമില്ല. ജനറല്‍ ആശുപത്രിയില്‍ വിജയിച്ചതോടെ ഈ ഉപകരണത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചിരിക്കുകയാണ്. ഊര്‍ജ്ജസംരക്ഷണങ്ങള്‍ക്കായുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ ഗൈഡ് ബുക്കിലെ ബയോമാസ് ജൈവ ഇന്ധനവസ്തുക്കള്‍ കത്തിക്കുന്നതിന് വായുവിന്റെ ചുഴലി രൂപത്തിലുള്ള മിശ്രണം അത്യന്താപേക്ഷിതമാണെന്നുള്ള തത്വം അനുസരിച്ചാണ് പുകയും മണവും ഉണ്ടാവാത്ത ഈ ലഘു ഉപകരണം രൂപകല്പന ചെയ്തിട്ടുള്ളതെന്ന് സി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

കത്തിക്കുമ്പോള്‍ ജൈവ വസ്തുക്കള്‍ വിഘടിച്ച് അന്തരീക്ഷത്തില്‍ കലരില്ല എന്നതാണ് ഈ തത്വത്തിന്റെ പ്രത്യേകത. ജൈവവസ്തുക്കള്‍ വിഘടിച്ച് ഉണ്ടാകുന്ന വാതകങ്ങള്‍ ഉന്നത ഊഷ്മാവില്‍ ഉപകരണ ചേമ്പറില്‍ ഓക്സിഡീകരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വിവരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Hospital, Waste, Litter burner, MLA fund, Plastic, Papper, 'liter burner' for paper and plastic waste management at Pala General Hospital