Follow KVARTHA on Google news Follow Us!
ad

ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കാന്‍ 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം'; കേരളത്തിന്റെ പങ്കാളിത്ത സംസ്ഥാനം ഹിമാചല്‍ പ്രദേശ്

ഇന്ത്യയുടെ വൈവിധ്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പരിപാടിയാണ് 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' New Delhi, National, News, Travel & Tourism, Kerala, Government
ന്യൂഡല്‍ഹി: (www.kvartha.com 14.11.2017) ഇന്ത്യയുടെ വൈവിധ്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പരിപാടിയാണ് 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' (ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്). സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 140-ാം ജന്മവാര്‍ഷികമായ 2015 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച പദ്ധതിയാണിത്. 2016- 17ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇത് ഉള്‍പെടുത്തിയിരുന്നു.


രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളെ/കേന്ദ്ര ഭരണപ്രദേശങ്ങളെ വീതം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പരിപാടി രൂപകല്‍പന ചെയ്തിട്ടുള്ളത്. ഓരോവര്‍ഷം ഓരോ സംസ്ഥാനത്തെ മറ്റൊരു സംസ്ഥാനമോ, കേന്ദ്ര ഭരണ പ്രദേശവുമായോ ബന്ധിപ്പിച്ച് സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ തമ്മിലുള്ള പരസ്പര വിനിമയം വര്‍ധിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട വിവിധ പരിപാടികളെക്കുറിച്ചുള്ള വിശദമായ ഒരുരേഖ തയാറാക്കി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാം.

പദ്ധതി പ്രകാരം ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ പങ്കാളിത്ത സംസ്ഥാനം. പരസ്പരം ബന്ധിപ്പിച്ച സംസ്ഥാനങ്ങളിലെ സംഗീതം, നാടകം, ഭക്ഷ്യ വിഭവങ്ങള്‍, ഭാഷ, ചരിത്രം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള മറ്റുവിനിമയങ്ങള്‍ എന്നിവ വര്‍ധിപ്പിച്ച് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കരുത്തുപകരാന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ബഹുഭാഷകളും സംസ്‌കാരങ്ങളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. നിരവധി വൈവിധ്യങ്ങളുണ്ടെങ്കിലും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും പങ്കുവയ്ക്കുകയെന്നത് ചരിത്രപരമായി തന്നെ ഇന്ത്യയിലുണ്ട്. പരസ്പര ബന്ധപ്പെടലിലൂടെ ജനങ്ങള്‍ തമ്മിലുള്ള ഐക്യംകൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഭാഷാപരവും- സാംസ്‌ക്കാരികവുമായ വൈവിധ്യങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം നടപ്പാക്കാവുന്ന ചില പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശം കേന്ദ്രം തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരസ്പര വിനിമയങ്ങളിലൂടെ ദേശീയോദ്ഗ്രഥനം ശക്തിപ്പെടും. വിവിധ സംസ്ഥാനങ്ങളിലെ സംസ്‌ക്കാരം, പാരമ്പര്യം, നടപ്പുരീതികള്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാനും അതിനെ വിലയിരുത്താനും അതിലൂടെ ഒരു പൊതുതിരിച്ചറിയല്‍ ഉണ്ടാക്കാനും കഴിയും.

പങ്കാളിത്ത സംസ്ഥാനവുമായി ആശയവിനിമയത്തിന് സാഹസികവിനോദസഞ്ചാരം ഉപയോഗിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഹിമാചല്‍ പ്രദേശില്‍ റിവര്‍ റാഫ്റ്റിംഗ്, പര്‍വതാരോഹണം, മൗണ്ടന്‍ ബൈക്കിംഗ്, എക്കോടൂറിസം, പാരാഗ്ലൈഡിംഗ്, സ്‌നോ സ്‌കൈറ്റിംഗ് എന്നിവ നടത്താം. അതുപോലെ കേരളത്തില്‍ ഡ്രാഗണ്‍ ബോട്ടിംഗ്, പാറ കയറ്റം (റോക്ക് ക്ലൈംബിംഗ്), വനയാത്ര (ഫോറസ്റ്റ് ട്രക്കിംഗ്) എന്നിവയും നടത്താമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദേശം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് അനുരൂപമായ പദ്ധതികള്‍ രൂപീകരിച്ച് നടപ്പിലാക്കാം. രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ അതു സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Travel & Tourism, Kerala, Government, Kerala and Himachal will join hands for Eka Bharatham, Shreshta Bharatham.