Follow KVARTHA on Google news Follow Us!
ad

ഐഎസ്എല്‍ പോരാട്ടച്ചൂട്; ബംഗളൂരു-ബ്ലാസ്‌റ്റേര്‍സ് ആരാധകര്‍ കൊമ്പുകോര്‍ക്കുന്നു. പിറവിയെടുക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ റിവാല്‍റി

ആരാധകര്‍ ചിലപ്പോള്‍ ടീമുകളുടെ ചാലകശക്തിയായി വര്‍ത്തിക്കും. കടംകയറിമുടിഞ്ഞ് ഊര്‍ധശ്വാസം Article, Kerala, India, Sports, Football, Kerala Blasters, ISL, Manjappada, rivalry, West Block Blues, Borussia Dortmund, Lazio, AS Roma, SERI A, Stadium, Match
നിഷ്ത്തര്‍ മുഹമ്മദ്

(www.kvartha.com 22/11/2017) ആരാധകര്‍ ചിലപ്പോള്‍ ടീമുകളുടെ ചാലകശക്തിയായി വര്‍ത്തിക്കും. കടംകയറിമുടിഞ്ഞ് ഊര്‍ധശ്വാസം വലിച്ച ഇംഗ്ലണ്ടിലെ പോര്‍ട്ട്‌സ്മൗത്ത് ക്ലബ്ബിനെ പുനരുജ്ജൂവിപ്പിച്ച ആരാധകരുടെ കഥ കാല്പ്പന്തുചരിത്രത്തില്‍ പകരം വെക്കാനില്ലാത്തതാണ്. 1929 കടംകയറി പ്രതിസന്ധിയിലായ ജര്‍മ്മന്‍ വമ്പന്മാരായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ സ്വന്തം കീശയില്‍ നിന്ന് പണം ചിലവാക്കി പിടിച്ചുനിര്‍ത്തിയത് അവരുടെ ആരാധകരായിരുന്നു.

ആരാധകരെ ഏകോപിപ്പിക്കുന്നതിനുവേണ്ടി ലോകത്തുടനീളം പലകരങ്ങളാലെ ആരാധകക്കൂട്ടങ്ങള്‍ രൂപീകരിക്കപ്പെടുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്കിലെ 'മഞ്ഞപ്പടയെ' പോലെ വെസറ്റ്ഫാലണ്‍സ്‌റ്റേഡിയണിലെ സൗത്ത് ബാങ്ക് സ്റ്റാന്‍ഡിലെ 'ദി യെല്ലോ വാള്‍' ആരാധകക്കൂട്ടം ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെ അഭിമാനമാണ്. ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ ലീഗുകളില്‍ ആരാധകസംഘങ്ങള്‍ തമ്മിലുള്ള പോര്‍വിളികള്‍ പതിവാണ്. ഇറ്റാലിയന്‍ സീരി എ യിലെ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ 'കമാന്‍ഡോ അള്‍ട്രാ കര്‍വാ സഡ്‌' എന്ന എഎസ് റോമയുടെ ആരാധകക്കൂട്ടവും 'ഇറിഡൂസിബിലി' എന്ന ലാസിയോയുടെ ആരാധകക്കൂട്ടവും തമ്മിലുള്ള പോര്‍വിളികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

ഇന്ന് ലോകത്താകമാനം ശ്രദ്ധ പിടിച്ചുപറ്റിയ ആരാധവൃന്ദമാണ് കേരളാബ്ലാസ്‌റ്റേര്‍സിന്റേത്. ബ്ലാസ്‌റ്റേര്‍സിന്റെ ഒരുകൂട്ടം ആരാധകര്‍ ഉയിരേകിയ ആരാധകസംഘമാണ് മഞ്ഞപ്പട. മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റിവാല്‍റി പോരാരാട്ടങ്ങള്‍ ചൂടുപിടിക്കാന്‍ തുടങ്ങുന്നു. ലീഗില്‍ കഴിഞ്ഞ രണ്ടുവര്‍ഷകാലം കൊല്‍ക്കത്തയും ചെന്നൈയിനുമാണ് ബ്ലാസ്‌റ്റേര്‍സിന് പ്രധാനവൈരികളായി ഉണ്ടായിരുന്നത് എങ്കില്‍ ഇത്തവണ ബംഗളൂരു എഫ്‌സിയുടെ നാമവും അതിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഐലീഗിലേക്ക് പണക്കൊഴുപ്പിന്റെ വമ്പോടെ കടന്നുചെന്ന ബംഗളൂരു കന്നിസീസണില്‍ തന്നെ കപ്പടിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ട് ഐലീഗ് കിരീടങ്ങളും ഒരു റണ്ണേര്‍സ് അപ്പ് പട്ടവും എഎഫ്‌സി കപ്പ് റണ്ണേര്‍സ് അപ്പ് പട്ടവുമടക്കം സ്വപ്‌നതുല്യ കുതിപ്പ്. അതിനിടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള കടന്നുവരവ്. ഐഎസ്എല്ലിലെ ആദ്യ കളിയില്‍ തന്നെ ഏകപക്ഷീയമായ ജയത്തോടെ നീലപ്പട വരവറിയിച്ചു. ബംഗളൂരു എഎഫ്‌സിയുടെ ആരാധസംഘമാണ് 'വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്'. മുംബൈ സിറ്റി എഫ്‌സിക്കെതിരായ ആദ്യ മത്സരത്തില്‍ 'ഹൂ ദി ഫക്ക് ഈസ് കേരളാ ബ്ലാസ്‌റ്റേര്‍സ്' എന്നും 'ഫക്ക് ഓഫ് മഞ്ഞപ്പട' എന്നും ചാന്റ് മുഴക്കിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയൊരു റിവാല്‍റിക്ക്് വഴിയൊരുക്കുകയാണ്. ബംഗളൂരു ആരാധകരുടെ ചാന്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്‌റ്റേര്‍സ് ആരാധകര്‍ പൊങ്കാലയിട്ടുകഴിഞ്ഞു. മൈതാനത്തെ മത്സരത്തിനുമുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ബംഗളൂരു-ബ്ലാസ്‌റ്റേര്‍സ് ആരാധകര്‍ കൊമ്പുകോര്‍ക്കുകയാണ്‌.

ആരാധകര്‍ തമ്മിലുള്ള പോര്‍വിളികള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചടുത്തോളം ശുഭപ്രതീക്ഷയാണെന്നാണ് ബ്ലാസ്റ്റേര്‍സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്റെ പക്ഷം. ഇത് കളിയാരാധകരുടെ ആവേശവും വികാരവും വര്‍ധിപ്പിക്കുമെന്നും കൂടുതലാളുകളെ കളിയിലേക്ക് ആകര്‍ഷിക്കുമെന്നും നിരീക്ഷിക്കാം.

കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ബ്ലാസ്‌റ്റേര്‍സ് മുന്‍നിരയിലുണ്ട്. കഴിഞ്ഞ സീസണില്‍ 55000 ആയിരുന്ന സ്റ്റേഡിയം കപ്പാസിറ്റി ഈ വര്‍ഷം 42000 ആക്കി കുറച്ചു. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേര്‍സിന്റെ ഗോള്‍കീപ്പറായിരുന്ന സ്റ്റാക്കി ഹോം മത്സരങ്ങള്‍ക്ക് 75000 ത്തില്‍പ്പരം കാണികളുണ്ടായിരുന്നതായി ഇന്‍സ്റ്റഗ്രാമില്‍ സൂചിപ്പിച്ചിരുന്നു. 55000 ആളുകള്‍ക്ക് ഇന്‍ഷുറന്‍സുള്ള സ്റ്റേഡിയത്തില്‍ കൂടുതല്‍ വന്ന കാണികളുടെ കണക്ക് പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാവുന്ന പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ ഭയന്ന് മാനേജ്‌മെന്റ് കളിവീക്ഷിച്ച ആരാധകരുടെ കണക്ക് കുറച്ചുകാണിച്ചതായി വ്യാപക ആരോപണങ്ങളുണ്ട്. എന്തുതന്നെയായാലും അണ്ടര്‍-17 വേള്‍ഡ് കപ്പിനു മുന്നോടിയായി ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരം സ്്‌റ്റേഡിയത്തില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ ആരാധകര്‍ക്ക് കല്ലുകടിയായി മാറിയിരിക്കുകയാണ്. തറയില്‍ കണക്കില്ലാത ഇരിക്കാമായിരുന്ന അവസ്ഥ ഉണ്ടായിരുന്നുവെങ്കില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചതോടുകൂടി കൃത്യം ആളുകള്‍ക്ക് മാത്രമേ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാനും കളി കാണാനും സാധിക്കൂവെന്ന അവസ്ഥാവിശേഷം രൂപപ്പെട്ടു.

24000 ആളുകളെ കൊള്ളുന്ന ബംഗളൂരുവിന്റെ ശ്രീ കണ്ഠീരവ സ്റ്റേഡിയം ആരാധകബാഹുല്യത്തിനു പേരുകേട്ടതല്ലെങ്കിലും സ്ഥിരം കാണികളെക്കൊണ്ട് പ്രശസ്തമാണ്. ടീമിന്റെ എല്ലാ കളികളിലും തിങ്ങിനിറയുന്ന വെസ്റ്റ് ബ്ലോക്കും അതിന്റെ പിതൃാവകാശികളായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ബംഗളൂരുവിന്റെ ഇന്ധനമാണ്.

ഐഎസ്എല്‍ സീസണിന് മുമ്പ് നിലവില്‍ കേരളാ ബ്ലാസ്റ്റേര്‍സ് താരങ്ങളായ സി കെ വിനീതും റിനോ ആന്റോയും തങ്ങളുടെ മുന്‍ ക്ലബ്ബായ ബംഗളൂരുവിന്റെ എഎഫ്‌സി കപ്പ് മത്സരം കാണാന്‍ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ചാന്റ് മുഴക്കി താരങ്ങള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയിരുന്നു. ഇതിന്റെ പകയും ബ്ലാസറ്റേര്‍സിന്റെ ആരാധകര്‍ക്കിടയില്‍ നുരഞ്ഞുപൊന്തുന്നുണ്ട്. എന്തുതന്നെയായാലും ഡിസംബര്‍ 31ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കേരളാ ബ്ലാസ്റ്റേര്‍സ്-ബംഗളൂരു എഫ്‌സി പോരാട്ടം ഇന്ത്യന്‍ കാല്‍പ്പന്തു ചരിത്രത്തിലെ പുത്തനേടായി മാറുമെന്ന് ഉറപ്പാണ്. തീപാറുന്ന റിവാല്‍റി പോരാട്ടത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുതീരുന്നത്. മാര്‍ച്ച് ഒന്നിന് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന പോരാട്ടത്തിന്് മഞ്ഞപ്പടയുടെ ട്രാവലിങ്ങ് ഫാന്‍സ് ഒരുക്കം തുടങ്ങിക്കഴിഞ്ഞുവെങ്കിലും കഴിഞ്ഞ സീസണില്‍ ഡെല്‍ഹി ഡൈനാമോസിന്റെ ഹോം മാച്ചില്‍ ബ്ലാസ്‌റ്റേര്‍സ് ആരാധകര്‍ക്ക് ടിക്കറ്റ് നിഷേധിച്ച സംഭവം ബംഗളൂരുവിലും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kerala, India, Sports, Football, Kerala Blasters, ISL, Manjappada, rivalry, West Block Blues, Borussia Dortmund, Lazio, AS Roma, SERI A, Stadium, Match, Article about Indian Super League