Follow KVARTHA on Google news Follow Us!
ad

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് തിരിച്ചറിയല്‍ അതോറിറ്റി; പൂര്‍ണ്ണ സുരക്ഷിതം

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ 210 വെബ് സൈറ്റുകളിലൂടെ ആധാര്‍ നമ്പരും അനുബന്ധ വിവരങ്ങളും ചോര്‍ന്നതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്നവാര്‍ത്ത അടിസ്ഥാന രഹിതNews, New Delhi, National, Aadhar Card, Aadhar Card data not tapped
ന്യൂഡല്‍ഹി: (www.kvartha.com 20.11.2017) കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ 210 വെബ് സൈറ്റുകളിലൂടെ ആധാര്‍ നമ്പരും അനുബന്ധ വിവരങ്ങളും ചോര്‍ന്നതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്നവാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ - യു.ഐ.ഡി.എ.ഐ) അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള ചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

വിവിധ ക്ഷേമ പദ്ധതികള്‍ക്കായി ഗവണ്‍മെന്റും, സ്ഥാപനങ്ങളും ശേഖരിച്ച ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍ മുതലായവയാണ് വിവരാവകാശ നിയമ പ്രകാരം പൊതു മണ്ഡലത്തില്‍ ലഭ്യമായിട്ടുള്ളത്. അതോറിറ്റിയുടെ ഡാറ്റാ ബെയിസില്‍ നിന്നോ, സെര്‍വ്വറില്‍ നിന്നോ ആധാര്‍ വിവരങ്ങളുടെ യാതൊരു ചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐ.ടി മന്ത്രാലയവും, യു.ഐ.ഡി.എ.ഐ യും ബന്ധപ്പെട്ട ഗവണ്‍മെന്റ് വകുപ്പുകള്‍/ മന്ത്രാലയങ്ങള്‍ എന്നിവയുടെ വെബ്‌സൈറ്റില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വെബ്‌സൈറ്റുകള്‍ ഉടന്‍ തന്നെ അത്തരം വിവരങ്ങള്‍ നീക്കം ചെയ്തിരുന്നു.

അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ആധാറുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതെന്ന് അതോറിറ്റി ആവര്‍ത്തിച്ച് വ്യക്തമാക്കി. ആധാര്‍ നമ്പര്‍ എന്നത് ഒരു രഹസ്യ നമ്പരല്ലെന്ന് യു.ഐ.ഡി.എ.ഐ ചൂണ്ടിക്കാട്ടി. ആധാര്‍ നമ്പര്‍ വെബ് സൈറ്റില്‍ വന്നു എന്നതുകൊണ്ട് മാത്രം ആധാര്‍ വിവരങ്ങള്‍ ചോരില്ലെന്നും ബയോമെട്രിക് വിവരങ്ങള്‍ ഒരിക്കലും പങ്കുവയ്ക്കാറില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ആധാര്‍ നമ്പര്‍ ലഭിച്ചതുകൊണ്ട് മാത്രം ഒരു തരത്തിലുള്ള ക്രമക്കേടുകളും നടത്താനാവില്ല. കാരണം വ്യക്തിയുടെ വിരലടയാളമോ, മിഴിപടലമോ (ഐറിസ്) ഉണ്ടെങ്കില്‍ മാത്രമേ ആധാര്‍ കാര്‍ഡ് കൊണ്ടുള്ള ഉപയോഗം സാദ്ധ്യമാക്കാനാവൂ.

കൂടാതെ തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ബയോമെട്രിക് പൂട്ട് ഉപയോഗിച്ച് കൂടുതല്‍ സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യു.ഐ.ഡി.എ.ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in ല്‍ ലഭ്യമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Aadhar Card, Aadhar Card data not tapped