Follow KVARTHA on Google news Follow Us!
ad

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സുരക്ഷിതം, ഭദ്രം; വിവരാവകാശ നിയമവും ബാധകമാകില്ല

മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ചോര്‍ന്നു കിട്ടാതിരിക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സൂക്ഷിച്ചിരിക്കുന്നത് അതീവ സുരക്ഷിതമായി. മുഖ്യമThiruvananthapuram, Kerala, News, Case, Pinarayi vijayan, Solar report is very much safe; RTI not applicable
തിരുവനന്തപുരം: (www.kvartha.com 15.10.2017) മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ചോര്‍ന്നു കിട്ടാതിരിക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സൂക്ഷിച്ചിരിക്കുന്നത് അതീവ സുരക്ഷിതമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് റിപ്പോര്‍ട്ട് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, ചീഫ് സെക്രട്ടറി കെ എം ഏബ്രഹാം, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ എന്നിവരും മാത്രമാണ് റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ കണ്ടത്.

പക്ഷേ, ഇവരിലാര്‍ക്കും പകര്‍പ്പെടുത്തു നല്‍കിയിട്ടുമില്ല. പകര്‍പ്പെടുത്ത് സൂക്ഷിച്ചാല്‍ അവരുടെ ഓഫീസില്‍ നിന്ന് ഭാഗികമായെങ്കിലും റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയാലോ എന്ന ആശങ്കയാണ് കാരണം. ഇവരാരും ചോര്‍ത്തുമെന്നല്ല, പകരം ഓഫീസില്‍ പലരുമുള്ളതിനാല്‍ ജാഗ്രത ആവശ്യമാണ് എന്നാണ് മുഖ്യമന്ത്രി അവരെ അറിയിച്ചത്. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനോട് അവര്‍ യോജിക്കുകയും ചെയ്തു. നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നാല്‍ അത് സര്‍ക്കാര്‍ മനപ്പൂര്‍വം ചോര്‍ത്തി നല്‍കിയതാണെന്നും നിയമസഭയുടെ അവകാശം ലംഘിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കും. മാത്രമല്ല അത് സര്‍ക്കാരിനെതിരേ വലിയ ആയുധമാക്കി മാറ്റുകയും ചെയ്‌തേക്കാം.

അതുകൊണ്ടാണ് മന്ത്രിസഭാംഗങ്ങള്‍ക്കു പോലും പകര്‍പ്പ് നല്‍കാത്തത്. റിപ്പോര്‍ട്ടിലെ പ്രധാന നിഗമനങ്ങളില്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ നടപടികള്‍ തീരുമാനിച്ച ഒക്ടോബര്‍ 11 ലെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി കുറിപ്പ് വായിക്കുകയും മന്ത്രിസഭ അംഗീകരിക്കുകയുമായിരുന്നു. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗത്തിലാണ് പ്രധാന നിഗമനങ്ങള്‍. പത്ത് നിഗമനങ്ങളും അവയില്‍ അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സും നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയുമാണ് മന്ത്രിസഭാ കുറിപ്പായി അവതരിപ്പിച്ച് അംഗീകരിച്ചത്. അത് പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. കേസെടുക്കലും അനുബന്ധ നടപടികളും മറ്റും ഉള്‍പ്പെടുത്തി ആറു മാസത്തിനുള്ള നടപടി റിപ്പോര്‍ട്ടോടുകൂടി നിയമസഭയില്‍ വയ്ക്കും. അപ്പോള്‍ മാത്രമായിരിക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ലഭിക്കുക.

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ടു സമീപിക്കും എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അടുത്ത ഘട്ടമായി നേരിട്ടു സമീപിക്കേണ്ടത് മുഖ്യ വിവരാവകാശ കമ്മീഷണറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുമ്പ് മാറാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാകാശ നിയമപ്രകാരം പുറത്തു വിട്ടിരുന്നു. എന്നാല്‍ ആറു മാസത്തിനകം നിയമസഭയില്‍ വയ്ക്കാതിരുന്ന സാഹചര്യത്തിലായിരുന്നു അത്. കഴിഞ്ഞ മാസം 26ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത ഫെബ്രുവരി അവസാന വാരത്തിനു മുമ്പ് നിയമസഭയില്‍ വച്ചാല്‍ മതി. കേസ് അന്വേഷണത്തിലിരിക്കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കുമെന്ന നിയമോപദേശമാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത്. വിവരാവകാശ നിയമം സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ബാധകമാണോ എന്ന് പരിശോധിച്ചു പറയാമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ മാധ്യമങ്ങളോടു പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Case, Pinarayi vijayan, Solar report is very much safe; RTI not applicable