Follow KVARTHA on Google news Follow Us!
ad

സോളാര്‍ വിവാദം നിയമപരമായും രാഷ്ട്രീയമായും നേരിടും; സര്‍ക്കാരിനെതിരെ ഉടന്‍ സമരമില്ലെന്ന് കെ പി സി സി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെപിസിസിയുടെ തീരുമാനം. നിയമവിദഗ്ധരുമാ Kerala, News, Case, M.M Hassan, KPCC, State, Government, Solar, KPCC on solar case.
തിരുവനന്തപുരം: (www.kvartha.com 21.10.2017) സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെപിസിസിയുടെ തീരുമാനം. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രത്യേക സമരങ്ങള്‍ ഒന്നും ഉടന്‍ നടത്തില്ല. സര്‍ക്കാരിന്റെ നടപടിയെ ഒറ്റക്കെട്ടായി നേരിടുമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ സര്‍ക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടും. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു.


സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രത്യക്ഷ സമരം നടത്തണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ അടക്കമുള്ളവര്‍ അതിനെ എതിര്‍ത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ് സര്‍ക്കാരിനെ എതിര്‍ക്കേണ്ടതെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. പ്രത്യക്ഷ സമരത്തിന് പകരം, ചെന്നിത്തല നയിക്കുന്ന യാത്രയിലുടനീളം സോളാര്‍ കേസ് തന്നെ വിഷയമാക്കാനും കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നിലപാടുകള്‍ വിശദീകരിക്കാനും സുധീരന്‍ നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നതിന് ഇടയാക്കുമെന്നും സുധീരന്‍ പറഞ്ഞു.

എന്നാല്‍, സുധീരന്റെ നിലപാടിനെ എം.ഐ.ഷാനവാസ് എതിര്‍ത്തു. നേതാക്കളെ തെരുവില്‍ അപമാനിക്കാന്‍ എറിഞ്ഞു കൊടുക്കരുതെന്നായിരുന്നു ഷാനവാസിന്റെ നിലപാട്. കോടതി വിധി വരുന്നത് വരെ കാത്തിരുന്നാല്‍ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. നേതാക്കള്‍ രണ്ടു തട്ടിലായതോടെ സമരപരിപാടികള്‍ പിന്നീട് തീരുമാനിക്കാമെന്ന ധാരണയില്‍ യോഗം എത്തിച്ചേരുകയായിരുന്നു.

നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാനും തീരുമാനിച്ചു. ഇതിനായി മുതിര്‍ന്ന നിയമവിദ്ഗ്ദ്ധരുടെ അഭിപ്രായം തേടും. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടപ്പോള്‍ തന്നെ കെ.പി.സി.സി നിയമോപദേശം തേടിയിരുന്നു.

അതിനിടെ, സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു വീഴ്ച പറ്റിയെന്ന് വി.എം. സുധീരന്‍ ആരോപിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. നേരത്തെ, കെപിസിസി രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെ സോളാര്‍ വിവാദത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായിരുന്നു. ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Case, M.M Hassan, KPCC, State, Government, Solar, KPCC on solar case.