Follow KVARTHA on Google news Follow Us!
ad

ദിലീപിന് സുരക്ഷ നല്‍കുന്ന സ്വകാര്യ ഏജന്‍സിയുടെ വാഹനം കസ്റ്റഡിയില്‍; സുരക്ഷാ സംഘത്തെ നയിക്കുന്നത് ഐ പി എസ് ഉദ്യോഗസ്ഥന്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണ വലയ Kerala, News, Actress, Molestation, Case, Dileep, Car, Kerala police 'steal' the thunder, Dileep's security car seized.
കൊച്ചി: (www.kvartha.com 21.10.2017) നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണ വലയത്തില്‍. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിരമിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുരക്ഷാ സംഘത്തെ നയിക്കുന്നത്.

ഇവരുടെ സംഘം കഴിഞ്ഞദിവസം രാത്രിയോടെ ദിലീപിന്റെ വീട്ടിലെത്തി. സംഘത്തിലെ മൂന്ന് പേര്‍ ദിലീപിനൊപ്പം സിനിമയുടെ ലൊക്കേഷനിലും മറ്റു യാത്രയിലും അനുഗമിക്കും. ലൊക്കേഷനിലും മറ്റുമുള്ള യാത്രയില്‍ ദിലീപിനു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ മറ്റോ ഉണ്ടാവുന്നത് തടയുകയാണ് സുരക്ഷാ ഏജന്‍സിയുടെ ചുമതല.

നിരവധി സുരക്ഷാ വാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര കാറുകളാണ് ദിലീപിന്റെ വീട്ടില്‍ കഴിഞ്ഞദിവസം എത്തിയത്. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. സന്ദര്‍ശകര്‍ അരമണിക്കൂറോളം ദിലീപിനൊപ്പം ചെലവഴിച്ചു. ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പികളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പോലീസുകാര്‍ പോലും ഇക്കാര്യം അറിഞ്ഞത് . സംഘം ആലുവയിലെ ഒരു കടയില്‍ നിന്ന് 37,000 രൂപയുടെ നിലവിളക്ക് വാങ്ങിയിരുന്നു.


അതേസമയം, ദിലീപ് സ്വകാര്യ സുരക്ഷ തേടിയത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ആയുധങ്ങളുടെ സഹായത്തോടെയാണോ ദിലീപിന്റ സുരക്ഷയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തനിക്ക് സുരക്ഷാഭീഷണി ഉള്ളതായി ദിലീപ് ഇതുവരെ പോലീസിന് പരാതിയൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ പോലീസ് ഇതിനെ ഗൗരവമായാണ് കാണുന്നത്.

അതിനിടെ, ദിലീപിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സി തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം കൊച്ചിയില്‍ ഇതേ ഏജന്‍സിയുടെ വാഹനം തടഞ്ഞപ്പോള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം. മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്.

എന്നാല്‍, മലേഷ്യയില്‍ നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. അതേസമയം, മലേഷ്യയില്‍ നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായി കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സി തന്നെ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം പിന്നീട് വിട്ടയച്ചു.

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്ന തണ്ടര്‍ ഫോഴ്‌സ് ഗോവയിലെ പോര്‍വോറിം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ഗോവയിലെ ഹാര്‍വെലിമില്‍ കമ്പനിക്ക് സുരക്ഷാ കാര്യങ്ങളില്‍ പഠനവും പരിശീലനവും നല്‍കുന്ന അക്കാഡമിയും തണ്ടര്‍ ഫോഴ്‌സിനുണ്ട്. ദുബൈയിലും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ രംഗത്തേയും മറ്റും പ്രമുഖര്‍ക്കും ഈ ഏജന്‍സി സുരക്ഷ ഒരുക്കുന്നുണ്ട്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാ ഭടന്‍മാരുടെ ജോലി. മൂന്നുപേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പോലീസിനു കൈമാറുക തുടങ്ങിയ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. ബോളിവുഡില്‍ സിനിമാ താരങ്ങള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനമുണ്ട്.

നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജോലിയില്‍നിന്നു വിരമിച്ച ശേഷം ഇദ്ദേഹം കേരളത്തില്‍ തണ്ടര്‍ ഫോഴ്‌സിന്റെ ചുമതലക്കാരനായുണ്ട്.

മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന കേരള പോലീസിലെ കമാന്‍ഡോ യൂണിറ്റായ തണ്ടര്‍ ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും. കേരളത്തില്‍ ഇതുവരെ ദിലീപ് ഉള്‍പ്പെടെ നാലു പേരാണ് വ്യക്തിഗത സുരക്ഷയ്ക്കായി തണ്ടര്‍ ഫോഴ്‌സിനെ സമീപിച്ചിട്ടുള്ളത്. മറ്റു മൂന്നു പേര്‍ വ്യവസായികളാണ്.
Keywords: Kerala, News, Actress, Molestation, Case, Dileep, Car, Kerala police 'steal' the thunder, Dileep's security car seized.