Follow KVARTHA on Google news Follow Us!
ad

പ്രമാദമായ ആരുഷി കൊലക്കേസില്‍ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കി

National, News, Murder case, പ്രമാദമായ ആരുഷി കൊലക്കേസില്‍ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കി. കൗമാരക്കാരിയായ മകള്‍ Parents, High Court, Police, CBI, Aarushi murder case: Talwars did not kill daughter, rules Allahabad HC.
അലഹബാദ്: (www.kvartha.com 12.10.2017) പ്രമാദമായ ആരുഷി കൊലക്കേസില്‍ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കി. കൗമാരക്കാരിയായ മകള്‍ ആരുഷിയെയും വീട്ടുവേലക്കാരനായ നേപ്പാള്‍ സ്വദേശി ഹേംരാജ് ബന്‍ജാനെയെയും കൊലപ്പെടുത്തിയ കേസിലാണ് രാജേഷ് തല്‍വാറിനേയും ഭാര്യ നൂപുര്‍ തല്‍വാറിനേയും അലഹബാദ് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്.

2013ല്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇരുവര്‍ക്കും ഗാസിയാബാദ് പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ദമ്പതിമാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ബി കെ നാരായണ, എ കെ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് തെളുവുകളുടെ അഭാവത്തില്‍ ദമ്പതികളെ വെറുതെ വിടുന്നതായി വിധിച്ചത്. 

നോയ്ഡയിലെ ജലവായു വിഹാറിലുള്ള ഫ് ളാറ്റില്‍ 2008 മേയ് 15 നാണ് 14കാരിയായ ആരുഷി സ്വന്തം മുറിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാര്‍- നൂപുര്‍ ദമ്പതികളുടെ ഏക മകളായിരുന്നു ആരുഷി. വീട്ടുവേലക്കാരന്‍ ഹേംരാജാണ് കൊലപാതകിയെന്ന് സംശയം പ്രകടിപ്പിക്കുന്ന മൊഴിയാണ് രാജേഷ് തല്‍വാര്‍ നല്‍കിയത്. ആരുഷിയെ കൊന്നശേഷം വീട്ടുവേലക്കാരന്‍ ഹേം രാജ് കടന്നുകളഞ്ഞതാണെന്ന് ദമ്പതികള്‍ പറഞ്ഞത് ആദ്യം ഉത്തര്‍പ്രദേശ് പോലീസും ശരിവച്ചു. എന്നാല്‍ പിറ്റേന്ന് നാല്‍പത്തെട്ടുകാരനായ ഹേംരാജിന്റെ ജഡം വീട്ടിന്റെ ടെറസില്‍ കാണപ്പെട്ടതോടെയാണ് ദുരൂഹത വര്‍ധിച്ചത്.

National, News, Murder case, Parents, High Court, Police, CBI,  Aarushi murder case: Talwars did not kill daughter, rules Allahabad HC.

മാത്രമല്ല, ആരുഷിയുടെയും ഹേംരാജിന്റെയും ജഡങ്ങളില്‍ സമാന രീതിയിലുള്ള പരിക്കുകളും കാണപ്പെട്ടു. ഗോള്‍ഫ് കളിക്കുന്ന വടി കൊണ്ട് അടിച്ചും ശസ്ത്രക്രിയകള്‍ക്കുള്ള കത്തി ഉപയോഗിച്ചു കഴുത്തുമുറിച്ചുമാണ് കൊലകള്‍ നടത്തിയതെന്ന് തെളിഞ്ഞതോടെയാണ് ആരുഷിയുടെ പിതാവ് രാജേഷിനെ സംശയിക്കാനിടയായത്. മകളെയും വേലക്കാരനെയും അരുതാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് തല്‍വാര്‍ കൊലപാതകങ്ങള്‍ നടത്തിയതാണെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചു. അന്വേഷണം മറ്റു ജോലിക്കാരിലേക്കും ആരുഷിയുടെ അമ്മ നൂപുറിലേക്കും കൂടി തിരിഞ്ഞു.

തുടര്‍ന്ന് കേസില്‍ പോലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യു.പി. സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടു. രാജേഷ്- നൂപുര്‍ ദമ്പതികളുടെ സഹായികളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു സി.ബി.ഐയുടെ ആദ്യ നിഗമനം. തല്‍വാറിന്റെ ക്ലിനിക്കിലെ മൂന്നു ജീവനക്കാരെ പിടികൂടി നുണപരിശോധന ഉള്‍പ്പെടെ വിധേയരാക്കിയിട്ടും മതിയായ തെളിവ് ലഭിച്ചില്ല. 2009 ല്‍ പുതിയ സി.ബി.ഐ അന്വേഷണ സംഘം രാജേഷ് തല്‍വാറാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് വ്യക്തമാണെങ്കിലും കുറ്റപത്രം തയ്യാറാക്കാന്‍ മതിയായ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പറഞ്ഞ് അപേക്ഷ സമര്‍പ്പിച്ചു.

അത് നിരാകരിച്ച ഗാസിയാബാദ് കോടതി രാജേഷ് തല്‍വാറിനെയും നൂപുറിനെയും പ്രതികളാക്കി വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് സി.ബി.ഐ പ്രതികള്‍ക്കെതിരെ കേസ് വാദിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കും അഞ്ചു വര്‍ഷം തടവും തെറ്റായ പരാതി നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് രാജേഷിന് ഒരുവര്‍ഷം തടവും വിധിച്ചു.

അതേസമയം പ്രതികളെ വെറുതെ വിട്ട അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും എന്നാണ് വിവരം. അതേസമയം ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ആരുഷിയുടെ മുത്തച്ഛന്‍ പ്രതികരിച്ചു. ആരുഷിയുടെ മരണത്തിന് ശേഷം വലിയ പ്രതിസന്ധികളിലൂടെയാണ് ഞങ്ങള്‍ക്ക് കടന്നു പോവേണ്ടി വന്നത്. അവര്‍ നിരപരാധികളാണെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Murder case, Parents, High Court, Police, CBI,  Aarushi murder case: Talwars did not kill daughter, rules Allahabad HC.