Follow KVARTHA on Google news Follow Us!
ad

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട്ടേക്ക് ലയിപ്പിക്കാന്‍ നീക്കം; കെട്ടിട വാടക ബാധ്യതയാകുന്നുവെന്ന് വിശദീകരണം; ഭൂമി കണ്ടെത്തി സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സഹായിക്കാമെന്ന് മുസ്ലിം ലീഗ്

മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാനുള്ള വിദേശ കാര്യ മന്ത്രാലയത്തിന്റെ Malappuram, Passport, Office, Protest, Kozhikode, Hajj, Umra, News, Kerala, Employees, Application.
മലപ്പുറം: (www.kvartha.com 23/09/2017) മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാനുള്ള വിദേശ കാര്യ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. നിലവില്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസും ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രവും പ്രവര്‍ത്തിക്കുന്ന മലപ്പുറത്ത് നിന്ന് മേഖല പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റി പാസ്‌പോര്‍ട് അപേക്ഷകള്‍ സ്വീകരിക്കുന്ന സേവാകേന്ദ്രം മാത്രം നിലനിര്‍ത്തുന്നതിനെതിരെ മുസ്ലിം ലീഗും പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

പാസ്‌പോര്‍ട്ടിന്റെ അച്ചടി, വിതരണം, അടിയന്തിര പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തുടങ്ങിയവ മേഖലാ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്. മേഖല ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ചാല്‍ അടിയന്തിര പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ക്ക് ജില്ലയിലുള്ളവര്‍ കോഴിക്കോട് ഓഫീസിനെ ആശ്രയിക്കേണ്ടി വരും. ഇത് ദിനംപ്രതി നിരവധി അപേക്ഷകള്‍ വരുന്ന മലപ്പുറത്തുകാര്‍ക്ക് ഏറെ പ്രയാസകരമാകും.

Malappuram, Passport, Office, Protest, Kozhikode, Hajj, Umra, News, Kerala, Employees, Application, Protest on move to shift passport office from Malappuram.

മലപ്പുറം - പാലക്കാട് ജില്ലകളിലുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തീര്‍ത്ഥാടകരും മറ്റും ആശ്രയിക്കുന്നതാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ്. ദിനംപ്രതി 700 അപേക്ഷകളാണ് ഇവിടെ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളും തീര്‍ത്ഥാടകരുമുള്ള ജില്ലയാണ് മലപ്പുറം. പാസ്‌പോര്‍ട്ട് പുതുക്കുന്ന പ്രവാസികള്‍ക്കും ഹജ്ജ് - ഉംറ സന്ദര്‍ശനത്തിന് പോകുന്നവര്‍ക്കും ഏറെ പ്രയാസകരമാണ് പുതിയ നീക്കം.

''രാജ്യത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും സാമ്പത്തിക നേട്ടം കൊയ്യുന്നതുമായ അഞ്ച് പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ്. എന്നിട്ടും എന്ത് കൊണ്ടാണ് സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടുന്നതെന്ന് മനസിലാവുന്നില്ല'', മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ ടി അഷ്‌റഫ് പറഞ്ഞു. 2011 സെന്‍സസ് പ്രകാരം മലപ്പുറത്തെ ജനസംഖ്യ 41 ലക്ഷത്തിലധികവും പാലക്കാട് 28 ലക്ഷത്തിലധികവുമാണെന്നും രണ്ട് ജില്ലകളിലുമായി ഇപ്പോള്‍ ജനസംഖ്യ 70 ലക്ഷം കടന്നുവെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

2013 ലെ സംസ്ഥാന സര്‍ക്കാര്‍ സര്‍വെ പ്രകാരം ഈ ജില്ലകളില്‍ നിന്ന് 2,92,753 പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്. മറ്റു രാജ്യങ്ങളിലുള്ളവരുടെ കണക്ക് കൂടി എടുക്കുമ്പോള്‍ ഇത് മൂന്ന് ലക്ഷം കവിയും. മാത്രമല്ല, ഓരോ വര്‍ഷവും 20,000 തീര്‍ത്ഥാടകര്‍ മലപ്പുറം - പാലക്കാട് ജില്ലകളില്‍ നിന്ന് മാത്രം സൗദി അറേബ്യയിലേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. ട്രാവല്‍ ഏജന്‍സികളുടെ കണക്ക് പ്രകാരം ആകെ തീര്‍ത്ഥാടകരുടെ 60 ശതമാനവും പുതുതായി പാസ്‌പോര്‍ട്ടിനപേക്ഷിക്കുന്നവരാണ്.

അതേസമയം, ഓഫീസിന്റെ തുടര്‍പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ചെലവ് ആണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. മലപ്പുറം ഓഫീസ് വാടക കെട്ടിടത്തിലായത് കൊണ്ട് വലിയൊരു തുക ഈ ഇനത്തില്‍ തന്നെ ആവശ്യമുണ്ടെന്നും കോഴിക്കോട്ടുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയാല്‍ ഈ ബാധ്യത ഒഴിവായിക്കിട്ടുമെന്നും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ ജി ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍ ഭൂമി കണ്ടെത്താനും സ്വന്തം കെട്ടിടം നിര്‍മിക്കാനുമുള്ള എല്ലാ സഹായവും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കെ ടി അഷ്‌റഫ് അറിയിച്ചു. എല്ലാ കാലത്തും പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരുമായി സഹകരിച്ച പാരമ്പര്യമാണ് മലപ്പുറത്തിനുള്ളതെന്നും മഞ്ചേരി മെഡിക്കല്‍ കോളജ് നാട്ടുകാരുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ചതാണെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

2006 ല്‍ ആരംഭിച്ച മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് രണ്ടര ലക്ഷം പാസ്‌പോര്‍ട്ടുകള്‍ പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം താനെ മേഖലാ ഓഫീസ് അടച്ചുപൂട്ടി മുംബൈ ഓഫീസില്‍ ലയിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.

ഒന്നേ കാല്‍ ലക്ഷം രൂപയാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്റെ കെട്ടിട വാടക. ഓഫീസ് പൂട്ടുന്ന മുറയ്ക്ക് ഇവിടെയുള്ള 38 ജീവനക്കാരെ കോഴിക്കോട്ടേക്ക് മാറ്റുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Passport, Office, Protest, Kozhikode, Hajj, Umra, News, Kerala, Employees, Application, Protest on move to shift passport office from Malappuram.