Follow KVARTHA on Google news Follow Us!
ad

സ്ത്രീ സുരക്ഷാ വകുപ്പ് ഇങ്ങെത്തി; പക്ഷേ, ആരാകും മന്ത്രി? മുഖ്യമന്ത്രി തന്നെയോ?

എല്‍ഡിഎഫിന്റെ നിയമസഭാ തെരഞ്ഞടുപ്പു വാഗ്ദാനങ്ങളില്‍ മുഖ്യ ഇനമായിരുന്ന സ്ത്രീസുരക്ഷാ വകുപ്പ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. വൈകാതെ പുKerala, News, Thiruvananthapuram, Woman, Minister, Chief Minister, New woman and child welfare dept is very nearest, but who is it's minister
തിരുവനന്തപുരം: (www.kvartha.com 24.09.2017) എല്‍ഡിഎഫിന്റെ നിയമസഭാ തെരഞ്ഞടുപ്പു വാഗ്ദാനങ്ങളില്‍ മുഖ്യ ഇനമായിരുന്ന സ്ത്രീസുരക്ഷാ വകുപ്പ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. വൈകാതെ പുതിയ വകുപ്പ് രൂപീകരണം വിജ്ഞാപനത്തില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പിടും. മന്ത്രിസഭാ യോഗം അംഗീകരിച്ച വിജ്ഞാപനം ഗവര്‍ണര്‍ക്ക് അയയ്ക്കുന്നതിനു മുമ്പായി പൊതുഭരണ വകുപ്പില്‍ തിരിച്ചെത്തി. ഇത് അച്ചടിച്ച് ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് അയയ്ക്കും.

ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പുതിയ വകുപ്പ് നിലവില്‍ വരിക. കേന്ദ്രത്തിലെപ്പോലെ വനിതാ, ശിശുക്ഷേമ വകുപ്പ് എന്ന പേരിലാണ് പുതിയ വകുപ്പ്. വകുപ്പ് രൂപീകരണ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ തൊട്ടുപിന്നാലെ അതിന്റെ മന്ത്രിയെ സംബന്ധിച്ച വിജ്ഞാപനവുമുണ്ടാകും. ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജയെത്തന്നെയായിരിക്കും പുതിയ വകുപ്പിന്റെയും മന്ത്രി എന്നായിരുന്നു മുമ്പുണ്ടായിരുന്ന സൂചനകളെങ്കിലും ഇപ്പോള്‍ വേറെ ചില സൂചനകളാണ് പുറത്തുവരുന്നത്. പുതിയ വകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയില്‍ത്തന്നെ ആയിരിക്കുമത്രേ. പുതിയ വകുപ്പിന്റെ ചുമതല കൂടി ഉണ്ടായേക്കുമെന്ന് കരുതപ്പെട്ടിരുന്ന സാമൂഹിക നീതി സ്പെഷല്‍ സെക്രട്ടറി മിനി ആന്റണി ഭക്ഷ്യ, സിവില്‍ സപ്ലൈസിന്റെ മാത്രം ചുമതലയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

സാമൂഹികനീതിക്കും പുറമേ വലിയൊരു വകുപ്പായ ഭക്ഷ്യത്തിന്റെ കൂടി ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ടാണ് കാരണം. കഴിഞ്ഞ ദിവസത്തെ ഐഎഎസ് അഴിച്ചുപണിയില്‍ മിനി ആന്റണിയെ ഭക്ഷ്യ വകുപ്പിന്റെ മാത്രം ചുമതലയില്‍ നിലനിര്‍ത്തി. സാമൂഹികനീതി സെക്രട്ടറിയായി ബിജു പ്രഭാകറിനെ നിയമിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് വനിതാ, ശിശുക്ഷേമ വകുപ്പിന്റെ ചുമതലയെങ്കില്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതയായ നളിനി നെറ്റോയുടെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകും. അതുകൂടി കണക്കിലെടുത്താണത്രേ അവരുടെ പുതിയ തസ്തിക. സെപ്റ്റംബര്‍ ആദ്യവാരം അവര്‍ ചുമതലയേല്‍ക്കും.

സാമൂഹികനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. നിലവില്‍ സാമൂഹികനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ, സ്ത്രീസുരക്ഷാ, ബാലാവകാശ സ്ഥാപനങ്ങളും സമിതികളുമെല്ലാം പുതിയ വകുപ്പിലേക്ക് മാറ്റും. അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും സങ്കീര്‍ണതതകളും മൂലമാണ് പുതിയ വകുപ്പ് രൂപീകരണം വൈകിയത്. ഇതേ നേരത്തേ കേരളഭൂഷണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പറേഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവയും സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന അങ്കണവാഡി ശൃംഖലയും ആശാ പ്രവര്‍ത്തനങ്ങളും മറ്റും പുതിയ വകുപ്പിനു കീഴിലേക്കു മാറും. എന്നാല്‍ സാമൂഹികസുരക്ഷാ മിഷനും പ്രാദേശിക തലത്തിലുള്‍പ്പെടെയുള്ള സാമൂഹികനീതി ഓഫീസുകളും സാമൂഹിക നീതി വകുപ്പില്‍ത്തന്നെ തുടരും. സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ത്തന്നെ പുതിയ വകുപ്പ് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എങ്കിലും വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ത്തട്ടി നടപടിക്രമങ്ങള്‍ നീണ്ടു. ഒന്നാം വാര്‍ഷികാഘോഷത്തില്‍ പുതിയ വകുപ്പിന്റെ പ്രഖ്യാപനം നടത്താന്‍ ആലോചിച്ചെങ്കിലും അതും നടന്നില്ല. പേരിനു മാത്രമായി വകുപ്പു പ്രഖ്യാപിക്കുന്നതില്‍ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും താല്‍പര്യമുണ്ടായില്ല. മന്ത്രി കെ കെ ശൈലജയുടെയും സാമൂഹികനീതി വകുപ്പ് സ്്പെഷ്യല്‍ സെക്രട്ടറി മിനി ആന്റണിയുടെയും നേതൃത്വത്തില്‍ മാസങ്ങളായി വിവിധ തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് വകുപ്പു വിഭജനം ഫലപ്രദമായി നടപ്പാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Woman, Minister, Chief Minister, New woman and child welfare dept is very nearest, but who is it's minister