Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ വൈവിധ്യത്തിന്റെ സുഗന്ധം അനുഭവിക്കൂ: മന്‍കീ ബാത്തില്‍ മോഡി

ഭാരതത്തിന്റെ വൈവിധ്യത്തെ അനുഭവിച്ചറിയുകയും അതിനെ സ്പര്‍ശിക്കുകയും വൈവിധ്യത്തിന്റെ സുഗന്ധം അനുഭവിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. India, National, Prime Minister, Narendra Modi, Article, Manki Bath
പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 സെപ്റ്റംബര്‍ 24-ാം തീയതി രാവിലെ 11 മണിയ്ക്ക്
ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

മനസ്സു പറയുന്നത് (മുപ്പത്തിയാറാം ലക്കം)

ന്യൂഡല്‍ഹി: (www.kvartha.com 24.09.2017)
ഭാരതത്തിന്റെ വൈവിധ്യത്തെ അനുഭവിച്ചറിയുകയും അതിനെ സ്പര്‍ശിക്കുകയും വൈവിധ്യത്തിന്റെ സുഗന്ധം അനുഭവിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. ഞായറാഴ്ച സംപ്രേഷണം ചെയ്ത മന്‍ കി ബാത്ത് റേഡിയോ സംപ്രേഷണത്തിലാണിത്. നിങ്ങളുടെ വ്യക്തിത്വത്തിന്റെ വികസനത്തിന് നമ്മുടെ രാജ്യത്തിന്റെ ഈ വൈവിധ്യങ്ങള്‍ ഒരു വലിയ പാഠശാലയായി പ്രവര്‍ത്തിക്കുമെന്നു നിങ്ങള്‍ക്കു കാണാം- പ്രധാനമന്ത്രി പറഞ്ഞു.


മന്‍ ബി ബാത്ത് പൂര്‍ണരൂപം: എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും നമസ്‌കാരം. ആകാശവാണിയിലൂടെ നിങ്ങളോടു മനസ്സിലുള്ളതു പറയുന്ന 'മന്‍ കീ ബാത്ത്' എന്ന പരിപാടി ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായി. ഇന്നത്തേത് 36 -ാമത് എപിസോഡ് ആണ്. 'മന്‍ കീ ബാത്ത്' ഭാരതത്തിന്റെ സോദ്ദേശ്യശക്തി, രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇതില്‍ അവരുടെ ആഗ്രഹങ്ങളുണ്ട്, പ്രതീക്ഷകളുണ്ട്, ഇടയ്ക്കിടെ പരാതികളുമുണ്ട്. ജനമനസ്സുകളില്‍ ഉയരുന്ന വികാരങ്ങള്‍ പങ്കുവയ്ക്കാനുള്ള വളരെ മഹത്തായ അവസരമാണ് മന്‍ കീ ബാത്ത് എനിക്കു പ്രദാനം ചെയ്തത്. ഇത് എന്റെ മനസ്സിന്റെ കാര്യമാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഈ 'മന്‍ കീ ബാത്ത്' ജനങ്ങളുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്, അവരുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്, അവരുടെ ആശകളുമായും പ്രതീക്ഷകളുമായും ബന്ധപ്പെട്ടതാണ്. 'മന്‍ കീ ബാത്തി'ല്‍ ഞാന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ രാജ്യത്തിന്റെ എല്ലാ മൂലകളില്‍ നിന്നും അവരുടെ മനസ്സിലുള്ളത് അയച്ചുതരുന്നവരുടെ കാര്യം കുറച്ചേ പറയാന്‍ സാധിക്കാറുള്ളൂ, പക്ഷേ, എനിക്ക് നിറഞ്ഞ ഖജനവാണ് ലഭിക്കുന്നത്.

ഇ-മെയിലിലൂടെയായാലും, ടെലിഫോണിലൂടെയാണെങ്കിലും 'മൈ ഗവി' ല്‍ ആയാലും 'നരേന്ദ്രമോഡി ആപ്' ലൂടെയാലായാലും വളരെയേറെ കാര്യങ്ങളാണ് എന്റെ അടുത്തെത്തുന്നത്. അധികവും എനിക്കു പ്രേരണയേകുന്നവയാണ്. കുറച്ചധികം കാര്യങ്ങള്‍ ഗവണ്‍മെന്റ് കാര്യങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചാണ്. ചിലപ്പോള്‍ വ്യക്തിപരങ്ങളായ പരാതികളുമുണ്ടാകും, ചിലപ്പോള്‍ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യും. ഞാന്‍ മാസത്തില്‍ നിങ്ങളുടെ അര മണിക്കൂര്‍ എടുക്കുന്നു... പക്ഷേ, ആളുകള്‍ 30 ദിവസങ്ങളിലും 'മന്‍ കീ ബാത്തി' ല്‍ ഉള്‍പെടുത്തുന്നതിനായി തങ്ങളുടെ മനസ്സിലുള്ളത് അറിയിക്കുന്നു. എന്നാല്‍ അതിന്റെ പരിണാമമെന്ന പോലെ ഗവണ്‍മെന്റിന്റെ സംവേദനക്ഷമതയുണരുന്നു. സമൂഹത്തില്‍ ദുര്‍ഗമപ്രദേശങ്ങളില്‍ മറഞ്ഞു കിടക്കുന്ന ശക്തികളിലേക്കു ഗവണ്‍മെന്റിന്റെ ശ്രദ്ധ തിരിയുന്നു. ഇത് വളരെ സ്വാഭാവികതയോടെ തിരിച്ചറിയാനാകുന്നു. അതുകൊണ്ട് 'മന്‍ കീ ബാത്ത്' ന്റെ മൂന്നു വര്‍ഷത്തെ ഈ യാത്ര ജനങ്ങളുടെ വികാരങ്ങളുടെയും അനുഭൂതികളുടെയും യാത്രയാണ്.

ഒരുപക്ഷേ, ഇതിലൂടെ ഇത്രയും കുറച്ചു സമയത്തിനുള്ളില്‍ രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരങ്ങളെ അറിയാനും മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്... അതിന് ഞാന്‍ ജനങ്ങളോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. 'മന്‍ കീ ബാത്ത്' പറയുമ്പോഴെല്ലാം ഞാന്‍ ആചാര്യ വിനോബാ ഭാവേ പറഞ്ഞ ഒരു കാര്യം ഓര്‍മ വയ്ക്കാറുണ്ട്. ആചാര്യ വിനോബാ ഭാവേ എപ്പോഴും പറയാറുണ്ടായിരുന്നു, 'അ സര്‍ക്കാരി, അ സര്‍ക്കാരി' എന്ന്. ഞാനും 'മന്‍ കീ ബാത്' ല്‍, ഈ രാജ്യത്തെ ജനങ്ങളെ, കേന്ദ്രബിന്ദുവാക്കാനാണു ശ്രമിച്ചത്. രാഷ്ട്രീയത്തിന്റെ നിറത്തില്‍ നിന്നും അകറ്റി നിര്‍ത്തി. പെട്ടെന്നുള്ള ആവേശം, രോഷം തുടങ്ങിയവയില്‍ പെട്ടുപോകാതെ, ഉറച്ച മനസ്സോടെ നിങ്ങളോടു ചേര്‍ന്നു നില്‍ക്കാനുള്ള ശ്രമമാണു നടത്തിയത്. ഇന്ന് മൂന്നു വര്‍ഷത്തിനുശേഷം സാമൂഹിക ശാസ്ത്രജ്ഞര്‍, സര്‍വകലാശാലകള്‍, ഗവേഷകര്‍, മാധ്യമ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതു വിശകലനം ചെയ്യുമെന്ന് എനിക്കു തീര്‍ച്ചയായും അറിയാം. എല്ലാ വിഷയത്തിലുമുള്ള ഏറ്റക്കുറച്ചിലുകളെ വെളിച്ചത്തു കൊണ്ടുവരും. ഈ ചര്‍ച്ച ഭാവിയില്‍ 'മന്‍ കീ ബാത്ത്' ന് കൂടുതല്‍ ഉപയോഗപ്രദമാകും, അതിനൊരു പുതിയ ചൈതന്യം, പുതിയ ഊര്‍ജം ലഭിക്കും എന്നെനിക്കുറപ്പുണ്ട്.

നാം ഭക്ഷണം കഴിക്കുമ്പോള്‍ ആവശ്യമുള്ളിടത്തോളം മാത്രമേ എടുക്കാവൂ, ഉച്ഛിഷ്ടമായി കളയരുത് എന്ന് മന്‍ കീ ബാത്തില്‍ പറയുകയുണ്ടായി. എന്നാല്‍ തങ്ങള്‍ മുമ്പുതന്നെ ഇക്കാര്യം ചെയ്യുന്നുണ്ടെന്ന് രാജ്യത്തിന്റെ എല്ലാ മൂലയില്‍ നിന്നും, സാമൂഹിക സംഘടനകളില്‍ നിന്നും, യുവാക്കളില്‍ നിന്നും കത്തുകള്‍ വന്നു. പാത്രത്തില്‍ ഉപേക്ഷിച്ചു പോകുന്ന ആഹാരം സ്വരൂപിച്ച്, അതെങ്ങനെ നന്നായി ഉപയോഗിക്കാം എന്നു പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്ന വളരെയധികം ആളുകള്‍ എന്റെ ശ്രദ്ധയില്‍ വന്നു, എന്റെ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.

ഒരിക്കല്‍ ഞാന്‍ 'മന്‍ കീ ബാത്തില്‍ മഹാരാഷ്ട്രയിലെ ഒരു വിരമിച്ച അധ്യാപകന്‍ ചന്ദ്രകാന്ത് കുല്‍കര്‍ണിയുടെ കാര്യം പറയുകയുണ്ടായി. അദ്ദേഹം തനിക്കു ലഭിച്ചിരുന്ന 16000 രൂപ പെന്‍ഷനില്‍ നിന്ന് അയ്യായിരം രൂപ മുന്‍കൂട്ടി തീയതിയിട്ട 51 ചെക്കുകള്‍ നല്‍കിക്കൊണ്ട് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുന്നതായി പറഞ്ഞിരുന്നു. അതിനുശേഷം ശുചിത്വത്തിനുവേണ്ടി ഇതുപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിന് എത്രയോ ആളുകള്‍ മുന്നോട്ടു വന്നതായി കണ്ടു.

ഒരിക്കല്‍ ഹരിയാനയിലെ സര്‍പഞ്ചിന്റെ 'സെല്‍ഫി വിത് ഡോട്ടര്‍' കണ്ടിട്ട് മന്‍ കീ ബാത്തി ലൂടെ ഞാനതു ജനങ്ങളുടെ മുന്നില്‍ വയ്ക്കുകയുണ്ടായി. അതുകണ്ട് ഭാരതത്തില്‍ മാത്രമല്ല, ലോകമെങ്ങും 'സെല്‍ഫി വിത് ഡോട്ടര്‍' പരിപാടി ഒരു വലിയ മുന്നേറ്റമായി മാറി. ഇത് കേവലം സാമൂഹിക മാധ്യമത്തിലൊതുങ്ങുന്ന പ്രശ്‌നമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു പുതിയ ആത്മവിശ്വാസം, പുതിയ അഭിമാനമുണ്ടാക്കുന്ന സംഭവമായി മാറി. എല്ലാ മാതാപിതാക്കള്‍ക്കും സ്വന്തം മകള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തോന്നാന്‍ തുടങ്ങി. തനിക്കും മഹത്വമുണ്ട്, പ്രാധാന്യമുണ്ട്, എന്ന് എല്ലാ പെണ്‍മക്കള്‍ക്കും തോന്നാന്‍ തുടങ്ങി.

കഴിഞ്ഞ ദിവസം ഞാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പുമായി ചര്‍ച്ച നടത്തുകയായിരുന്നു... ഞാന്‍ വിനോദസഞ്ചാരത്തിനു പുറപ്പെടുന്നവരോടു പറഞ്ഞത് എവിടെ പോയാലും അതുല്യ ഭാരതം എന്നതുമായി ബന്ധപ്പെടുത്തി ഫോട്ടോ അയയ്ക്കണമെന്നായിരുന്നു. ലക്ഷക്കണക്കിനു ഫോട്ടോകള്‍, ഭാരത്തിന്റെ എല്ലാ മൂലകളുടെയും ചിത്രങ്ങള്‍ കിട്ടിയത് ഒരു തരത്തില്‍ വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതൊരു വലിയ സമ്പാദ്യമായി. ചെറിയ സംഭവം എത്ര വലിയ ജനമുന്നേറ്റമാണുണ്ടാക്കുന്നതെന്ന് 'മന്‍ കീ ബാത്തി'ലൂടെ എനിക്കു ബോധ്യപ്പെട്ടു.

മൂന്നു വര്‍ഷമായല്ലോ എന്നോര്‍ത്തപ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംഭവങ്ങള്‍ മനോമുകുരത്തില്‍ പ്രത്യക്ഷപ്പെട്ടു. രാജ്യം ശരിയായ വഴിയിലൂടെ അനുനിമിഷം മുന്നേറിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാരും മറ്റുള്ളവരുടെ നന്മയ്ക്കായി, സമൂഹത്തിന്റെ നന്മയ്ക്കായി, രാജ്യത്തിന്റെ പുരോഗതിക്കായി എന്തെങ്കിലുമൊക്കെ ചെയ്യാനാഗ്രഹിക്കുന്നു എന്നാണ് എന്റെ ഈ മൂന്നുവര്‍ഷത്തെ 'മന്‍ കീ ബാത്ത്' എന്ന പരിപാടിയിലൂടെ ജനങ്ങളില്‍ നിന്നും അറിഞ്ഞതും മനസ്സിലാക്കിയതും പഠിച്ചതും. ഏതൊരു രാജ്യത്തിനും ഇതൊരു വലിയ മൂലധനമാണ്, ഒരു വലിയ ശക്തിയാണ്. ഞാന്‍ മനസ്സുകൊണ്ട് ജനങ്ങളെ നമിക്കുന്നു.

ഒരിക്കല്‍ ഞാന്‍ 'മന്‍ കീ ബാത്തില്‍' ഖാദിയെക്കുറിച്ചു പറയുകയുണ്ടായി. ഖാദി ഒരു വസ്ത്രമല്ല, ഒരു ചിന്താധാരയാണെന്നു പറഞ്ഞു. ഈയിടെയായി ആളുകള്‍ക്ക് ഖാദിയില്‍ താത്പര്യം കൂടിയിട്ടുണ്ടെന്ന് കാണുന്നു. ഞാന്‍ പറഞ്ഞത് ആരും ഖാദീധാരിയാകാനല്ല. എന്നാല്‍ നിങ്ങള്‍ക്ക് പല തരത്തിലുള്ള തുണിത്തരങ്ങളുള്ളതില്‍ ഒന്ന് ഖാദിയുടേതായാലെന്താ എന്നാണു ചോദിച്ചത്. വീട്ടിലെ പുതപ്പോ, തൂവാലയോ, കര്‍ട്ടനോ... യുവാക്കള്‍ക്കിടയില്‍ ഖാദിയോടുള്ള താത്പര്യം വര്‍ധിച്ചതായാണു കാണുന്നത്. ഖാദിയുടെ വില്‍പന വര്‍ധിച്ചിട്ടുണ്ട്, അതുകൊണ്ട് ദരിദ്രന്റെ വീട് നേരിട്ട് തൊഴിലുമായി ബന്ധപ്പെടുന്നു. ഒക്‌ടോബര്‍ രണ്ടു മുതല്‍ ഖാദിക്ക് റിബേറ്റ് നല്‍കപ്പെടുന്നു, വളരെ വിലക്കുറവു ലഭിക്കുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ആവശ്യപ്പെടട്ടേ... ഖാദിയുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ഉണര്‍വ് നമുക്കു മുന്നോട്ടു കൊണ്ടുപോകാം, അതിനെ പ്രോത്സാഹിപ്പിക്കാം. ഖാദി വാങ്ങുന്നതിലൂടെ ദരിദ്രന്റെ വീട്ടില്‍ ദീപാവലിയുടെ ദീപം കത്തിക്കാമെന്ന വിചാരത്തോടെ നമുക്ക് പ്രവര്‍ത്തിക്കാം. ഇതിലൂടെ നമ്മുടെ നാട്ടിലെ ദരിദ്രന് ശക്തി ലഭിക്കും, നാമതു ചെയ്യണം. ഖാദിയോട് ഇങ്ങനെ താത്പര്യം കൂടുന്നതു കാരണം ഖാദി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍, ഗവണ്‍മെന്റില്‍ ഖാദിയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കിടയില്‍ ഒരു പുതിയ രീതിയില്‍ ചിന്തിക്കാനുള്ള ഉത്സാഹം വര്‍ധിച്ചിരിക്കുന്നു. പുതിയ സാങ്കേതിക വിദ്യ എങ്ങനെ കൊണ്ടുവരാം, ഉത്പാദനക്ഷമത എങ്ങനെ വര്‍ധിപ്പിക്കാം, സോളാര്‍- കൈത്തറി എങ്ങനെ കൊണ്ടുവരാം? പുരാതനമായ പൈതൃകം 20, 25, 30 വര്‍ഷങ്ങളായി ക്ഷയിച്ചിരിക്കുകയാണ്... അതിന് പുനരുജ്ജീവനം എങ്ങനെയേകാം എന്നു ചിന്തിക്കണം.

ഉത്തര്‍ പ്രദേശിലെ വാരാണസി സേവാപൂരില്‍ സേവാപുരി ഖാദി ആശ്രമം 26 വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. എന്നാല്‍ ഇന്നത് പുനരുജ്ജീവിച്ചിരിക്കുന്നു. പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. അനേകം പേര്‍ക്ക് തൊഴിലിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കശ്മീരിലെ പാമ്പോരില്‍ ഖാദി ഗ്രാമോദ്യോഗ വിഭാഗം പൂട്ടിക്കിടന്നിരുന്ന തങ്ങളുടെ പരിശീലന വിഭാഗത്തെ പുനരുജ്ജീവിപ്പിച്ചു. ഈ മേഖലയ്ക്കു സംഭാവന നല്‍കാന്‍ കാശ്മീരിന് വളരെയേറെയാണുള്ളത്. ഈ പരിശീലന കേന്ദ്രം വീണ്ടും ആരംഭിച്ചതു കാരണം പുതിയ തലമുറയ്ക്ക് നൂതനമായ രീതിയില്‍ നിര്‍മ്മാണജോലി ചെയ്യുന്നതിന്, നെയ്യുന്നതിന്, പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായം ലഭിക്കും. വലിയ വലിയ കോര്‍പ്പറേറ്റ് ഹൗസുകള്‍ പോലും ദീപാവലിക്ക് ഈയിടയായി ഖാദി ഉത്പന്നങ്ങള്‍ ഉപഹാരങ്ങളായി നല്കുന്നു എന്നറിയുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. സാധാരണ ആളുകളും മറ്റുള്ളവര്‍ക്ക് ഖാദി ഉത്പന്നങ്ങള്‍ ഉപഹാരങ്ങളായി നല്‍കാനാരംഭിച്ചിരിക്കുന്നു. സ്വാഭാവിക രീതിയില്‍ ഒരു വസ്തുവിന് എങ്ങനെ പ്രോത്സാഹനം ലഭിക്കുന്നു എന്നത് നമുക്ക് നേരിട്ടനുഭവിക്കാനാകുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഗാന്ധിജയന്തിക്കു മുമ്പുള്ള പതിനഞ്ചു ദിവസങ്ങള്‍ നാം രാജ്യമെങ്ങും ശുചിത്വ ഉത്സവമാഘോഷിക്കുമെന്ന് കഴിഞ്ഞ മാസത്തെ മന്‍ കീ ബാത്തില്‍ നാമെല്ലാം തീരുമാനിക്കയുണ്ടായി. ശുചിത്വത്തിലൂടെ ജനമനസ്സുകളുമായി ബന്ധപ്പെടും എന്നു പറയുകയുണ്ടായി. നമ്മുടെ ആദരണീയ രാഷ്ട്രപതി ഇതിനു തുടക്കം കുറിക്കുകയും രാജ്യം അതിനോടു ചേരുകയും ചെയ്തു. ആബാലവൃദ്ധം ജനങ്ങള്‍-പുരുഷന്മാരും സ്ത്രീകളും നഗരങ്ങളം ഗ്രാമങ്ങളും എന്നുവേണ്ട സര്‍വ്വരും ഇന്ന് ശുചിത്വ ദൈത്യത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഞാന്‍ 'സങ്കല്‍പ് സേ സിദ്ധി' (നിശ്ചയത്തിലൂടെ നേട്ടം) എന്നു ഞാന്‍ പറയുമ്പോള്‍ ഈ ശുചിത്വ ദൗത്യം ഒരു നിശ്ചയത്തെ എങ്ങനെ ഒരു നേട്ടമാക്കി മാറ്റുന്നു എന്നു നാം നേരിട്ട് കാണുകയാണ്. എല്ലാവരും ഇത് അംഗീകരിക്കുന്നു, സഹകരിക്കുന്നു, ലക്ഷ്യം സാക്ഷാത്കരിക്കാനായി എന്തെങ്കിലുമൊക്കെ തങ്ങളുടേതായ സംഭാവന നല്‍കുന്നു. ഞാന്‍ ആദരണീയ രാഷ്ട്രപതിക്ക് നന്ദി രേഖപ്പെടത്തുന്നു.

രാജ്യത്തെ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ ഇത് തങ്ങളുടെ കാര്യമായി കണക്കാക്കിയിരിക്കുകയാണ്. എല്ലാവരും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌പോര്‍ട്‌സ് രംഗത്തുള്ളവരാണെങ്കിലും, സിനിമാ മേഖലയിലെ ആളുകളാണെങ്കിലും, വിദ്യാഭ്യാസമേഖലയിലുള്ളവരാണെങ്കിലും, സ്‌കൂളുകളാണെങ്കിലും, കോളജുകളാണെങ്കിലും, യൂണിവേഴ്‌സിറ്റികളാണെങ്കിലും, കര്‍ഷകരാണെങ്കിലും, തൊഴിലാളികളാണെങ്കിലും, ഉദ്യോഗസ്ഥരാണെങ്കിലും, ഗവണ്‍മെന്റ് ജീവനക്കാരാണെങ്കിലും, പോലീസാണെങ്കിലും, സൈനികനാണെങ്കിലും - സര്‍വ്വരും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുസ്ഥലം മലിനപ്പെടുത്തിയാല്‍ മറ്റുള്ളവര്‍ തടയും എന്ന ഒരു മാറ്റം പൊതു സ്ഥലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അവിടെ ജോലി ചെയ്യുന്നവര്‍ക്കും അല്‍പം സമ്മര്‍ദ്ദം തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊരു നല്ലകാര്യമായി എനിക്കു തോന്നുന്നു. 'ശുചിത്വം തന്നെ സേവനം' എന്ന മുന്നേറ്റത്തിന്റെ ആദ്യത്തെ നാലു ദിവസങ്ങളില്‍ത്തന്നെ ഏകദേശം 75 ലക്ഷത്തിലധികം ആളുകള്‍, നാല്പതിനായിരത്തിലധികം തുടക്കങ്ങള്‍ കുറിച്ചുകൊണ്ട് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. ഞാന്‍ കണ്ടത് ചിലര്‍ തുടര്‍ച്ചയായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്... ഫലമുണ്ടാക്കും എന്ന് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നു. ഇപ്രാവശ്യം ഒരു കാര്യംകൂടി കണ്ടു. നാം ഒരിടം വൃത്തിയാക്കുന്നു, മറ്റുള്ളവര്‍ ജാഗരൂകരായി വൃത്തികേടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നു... എന്നാല്‍ ശുചിത്വം ഒരു സ്വഭാവമാകണമെങ്കില്‍ ഒരു വൈകാരികമുന്നേറ്റമായി ഇതു മാറണം.

ഇപ്രാവശ്യം 'ശുചിത്വം തന്നെ സേവനം' എന്നതിനോടൊപ്പം മത്സങ്ങളും നടന്നു. രണ്ടരക്കോടിയിലധികം കുട്ടികള്‍ ശുചിത്വവുമായി ബന്ധപ്പെട്ട ലേഖനമത്സരത്തില്‍ പങ്കെടുത്തു. ആയിരക്കണക്കിനു കുട്ടികള്‍ വര്‍ണ്ണചിത്രങ്ങള്‍ വരച്ചു. തങ്ങളുടേതായ സങ്കല്പങ്ങള്‍ക്കനുസരിച്ച് ശുചിത്വവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ചു. വളരെയധികം ആളുകള്‍ കവിതകള്‍ രചിച്ചു. ഈയിടെ സമൂഹമാധ്യമങ്ങളില്‍ നമ്മുടെ കൊച്ചു കൂട്ടുകാര്‍, ചെറിയ ബാലികാ ബാലന്മാര്‍ അയച്ച ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. അവയെ പ്രശംസിക്കുന്നുമുണ്ട്. ശുചിത്വത്തിന്റെ കാര്യം വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ മറക്കാറില്ല. ഈ ജനമുന്നേറ്റത്തെ അവര്‍ വളരെ പവിത്രതയോടെ മുന്നോട്ടുനീക്കി. തങ്ങളുടേതായ രീതിയില്‍ അവരിതുമായി ചേരുകയും ഒരു പുരോഗമനാത്മകമായ അന്തരീക്ഷം ഉണ്ടാക്കുന്നതില്‍ അവര്‍ വളരെ വലിയ സംഭാവന നല്‍കുകയും ചെയ്തു. ഇപ്പോഴും അവര്‍ തങ്ങളുടേതായ രീതിയില്‍ ശുചിത്വ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്നു. നമ്മുടെ രാജ്യത്തെ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക്, നമ്മുടെ അച്ചടി മാധ്യമങ്ങള്‍ക്ക് രാജ്യത്തിന് എത്ര വലിയ സേവനമാണു ചെയ്യുനാകുന്നതെന്ന് 'ശുചിത്വം തന്നെ സേവനം' എന്ന പരിപാടിയിലൂടെ നാം കാണുകയുണ്ടായി.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ശ്രീനഗറിലെ ബിലാല്‍ ഡാര്‍ എന്ന 18 വയസ്സുകാരന്റെ പ്രവര്‍ത്തനത്തിലേക്ക് ആരോ എന്റെ ശ്രദ്ധ തിരിക്കയുണ്ടായി. ശ്രീനഗര്‍ നഗരസഭ ബിലാല്‍ ഡാറിനെ ശുചിത്വത്#ിന്റെ കാര്യത്തില്‍ അവരുടെ ബ്രാന്‍ഡ് അംബാസഡറാക്കിയിരിക്കയാണ്. ബ്രാന്‍ഡ് അംബാസഡറിന്റെ കാര്യം പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും അദ്ദേഹം സ്‌പോര്‍ട്‌സ് മേഖലയിലെ ഹീറോ ആയിരിക്കുമെന്ന്. അല്ല. ബിലാല്‍ ഡര്‍ അവന് 12-13 വയസ്സുള്ളപ്പോള്‍ മുതല്‍ കഴിഞ്ഞ 5-6 വര്‍ഷങ്ങളായി ശുചിത്വ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തടാകമായ ഝീല്‍ ശ്രീനഗറിനടുത്താണ്. അവിടെ പ്ലാസ്റ്റിക്, പോളിത്തീന്‍, ഉപയോഗിച്ച കുപ്പികള്‍, മറ്റു ചപ്പുചവറുകള്‍ എന്നിവ കണ്ടാല്‍ ബിലാല്‍ അത് എടുത്തു മാറ്റുന്നു. അതിലൂടെ അല്‍പം വരുമാനവുമുണ്ടാക്കുന്നു. കാരണം അവന്റെ പിതാവ് ബിലാലിന്റെ ചെറുപ്രായത്തില്‍ത്തന്നെ കാന്‍സര്‍ ബാധിച്ച് മരിച്ചു. പക്ഷേ, അവന്‍ സ്വന്തം ഉപജീവനമാര്‍ഗം തേടിയതിനൊപ്പം ശുചിത്വവുമായിക്കൂടി ചേര്‍ന്നു പ്രവര്‍ത്തിച്ചു. ബിലാല്‍ പ്രതിവര്‍ഷം പന്ത്രണ്ടായിരം കിലോയിലധികം ചപ്പുചവറുകള്‍ അവിടെ നിന്നു മാറ്റി എന്നാണ് കണക്കാക്കപ്പെടുന്നത്. ശുചിത്വത്തിനുവേണ്ടിയുള്ള ഈയൊരു തുടക്കത്തിന്, ഒരു അംബാസഡറെ നിശ്ചയിച്ചതിന്, അങ്ങനെ ചിന്തിച്ചതിന്, ഞാന്‍ ശ്രീനഗര്‍ നഗരസഭയ്ക്കും ആശംസകള്‍ നേരുന്നു. കാരണം ശ്രീനഗര്‍ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്... രാജ്യത്തെ എല്ലാ പൗര•ാരും ശ്രീനഗറില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ്.. അങ്ങനെയുള്ള അവിടെ ശുചിത്വത്തിന് ഇത്രത്തോളം പ്രാധാന്യം ലഭിക്കുക എന്നത് വലിയ ഒരു കാര്യമാണ്. അവര്‍ ബിലാലിനെ കേവലം ബ്രാന്‍ഡ് അംബാസഡറാക്കുക മാത്രമല്ല ചെയ്തത്... ബിലാലിന് കോര്‍പ്പറേഷന്‍ ഒരു വാഹനം നല്കി, യൂണിഫോമും നല്കി.. അവന്‍ മറ്റു പ്രദേശങ്ങളിലും പോയി ആളുകള്‍ക്ക് ശുചിത്വത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നു, പ്രേരിപ്പിക്കുന്നു, ഫലം കാണുന്നതുവരെ അതിന്റെ പിന്നാലെതന്നെ നില്ക്കുന്നു. ബിലാല്‍ ഡാര്‍ പ്രായംകൊണ്ട് ചെറിയ കുട്ടിയാണെങ്കിലും ശുചിത്വതത്#ില്‍ താത്പര്യമുള്ള എല്ലാവര്‍ക്കും അവന്‍ പ്രേരണയാണ്. ഞാന്‍ ബിലാല്‍ ഡാറിനെ അഭിനന്ദിക്കുന്നു.

പ്രിയപ്പെട്ട ദേശവാസികളേ, ഭാവിയുടെ ചരിത്രം ഇപ്പോഴത്തെ ചരിത്രത്തിന്റെ ഗര്‍ഭത്തില്‍നിന്നാണ് ജന്മം കൊള്ളുന്നതെന്ന് നാം അംഗീകരിക്കണം. ചരിത്രത്തിന്റെ കാര്യം പറയുമ്പോള്‍ എനിക്ക് മഹാപുരുഷന്മാരെ ഓര്‍മ വരിക സ്വാഭാവികമാണ്. ഈ ഒക്‌ടോബര്‍ മാസം നമുക്ക് അനേകം മഹാപുരുഷന്മാരെ ഓര്‍ക്കേണ്ട മാസമാണ്. ഇരുപത്-ഇരുപത്തിയൊന്നാം നൂറ്റാണ്ടുകള്‍ക്ക് മാര്‍ഗ്ഗദീപമേകിയ, നമുക്കു നേതൃത്വം തന്ന, നമുക്കു വഴികാട്ടിയ, നാടിനുവേണ്ടി അനേകം കഷ്ടതകള്‍ സഹിച്ച മഹാത്മാ ഗാന്ധി മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ളവര്‍ ഈ ഒക്‌ടോബര്‍ മാസത്തില്‍ നമ്മുടെ മുന്നിലുണ്ട്. രണ്ട് ഒക്‌ടോബര്‍ മഹാത്മാഗാന്ധിയുടെയും ലാല്‍ബഹാദുര്‍ ശാസ്ത്രിയുടെയും ജയന്തിയാണ്. 11 ഒക്‌ടോബര്‍ ജയപ്രകാശ് നാരായണന്റെയും നാനാജി ദേശ്മുഖിന്റെയും ജയന്തിയാണ്. 25 സെപ്റ്റംബര്‍ പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജയന്തിയാണ്. നാനാജിയുടെയും ദീനദയാല്‍ജിയുടെയും ശതാബ്ദി വര്‍ഷം കൂടിയാണ് ഇത്. ഈ മഹാപുരുഷന്മാരുടെയെല്ലാം കേന്ദ്രബിന്ദു എന്തായിരുന്നു? പൊതുവായ ഒരു കാര്യമുണ്ടായിരുന്നു- രാജ്യത്തിനുവേണ്ടി ജീവിക്കുക, രാജ്യത്തിനുവേണ്ടി ചിലതു ചെയ്യുക... ഉപദേശിക്കുക മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയും ചെയ്തു ഗാന്ധിജി, ജയപ്രകാശ്ജി, ദീനദയാല്‍ജി എന്നിവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് നാഴികകള്‍ ദൂരെ നിന്നവരാണ്. എന്നാല്‍ അനുനിമിഷം ജനജീവതത്തോടൊപ്പം ജീവിച്ചു, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു... സര്‍വജനഹിതായ, സര്‍വജനസുഖായ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരുന്നു. നാനാജി ദേശ്മുഖ് രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച് ഗ്രാമോദയപ്രവര്‍ത്തനത്തില്‍ മുഴുകി... ഇന്ന് അദ്ദേഹത്തിന്റെ ശതാബ്ദി വര്‍ഷം ആഘോഷിക്കുമ്പോള്‍ ഗ്രാമോദയത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളോട് ആദരവു തോന്നുക സ്വാഭാവികമാണ്.

ഭാരതത്തിന്റെ മുന്‍ രാഷ്ട്രശില്‍പി അബ്ദുള്‍കലാം യുവാക്കളോടു സംസാരിക്കുമ്പോള്‍ എപ്പോഴും നാനാജി ദേശ്മുഖിന്റെ ഗ്രാമവികസനകാര്യത്തെക്കുറിച്ചു പറയുമായിരുന്നു. വളരെ ആദരവോടെ സൂചിപ്പിക്കും. നാനാജിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണാന്‍ അദ്ദേഹം ഗ്രാമങ്ങളില്‍ പോവുകയും ചെയ്തിരുന്നു.  ദീനദയാല്‍ ഉപാദ്ധ്യായും മഹാത്മാഗാന്ധിയും സമൂഹത്തിലെ അവസാനത്തെ അറ്റത്ത് നില്‍ക്കുന്ന മനുഷ്യനെക്കുറിച്ച് പറയുമായിരുന്നു. ദീനദയാല്‍ജി സമൂഹത്തിലെ അവസാന അറ്റത്തിരിക്കുന്ന ദരിദ്രന്‍, പീഡിതന്‍, ചൂഷിതന്‍, നിഷേധിക്കപ്പെട്ടവര്‍ എന്നിവരിലേക്കു തിരിഞ്ഞ് അവരുടെ ജീവിതത്തിന് മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസത്തിലൂടെ, തൊഴിലിലൂടെ എങ്ങനെ മാറ്റം വരുത്താനാകുമെന്നു ചര്‍ച്ചകള്‍ നടത്തി. ഈ മഹാപുരുഷന്മാരെയെല്ലാം ഓര്‍ക്കുകയെന്നത് അവരോടുള്ള ഉപകാരമൊന്നുമല്ല... ഇവരെ ഓര്‍മിക്കുന്നത് നമുക്ക് അവരിലൂടെ മുന്നോട്ടുള്ള വഴി തെളിയും, ദിശാബോധം നമുക്കു ലഭിക്കും എന്നുള്ളതുകൊണ്ടാണ്.

അടുത്ത 'മന്‍ കീ ബാത്തില്‍' ഞാന്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെക്കുറിച്ചു തീര്‍ച്ചയായും പറയും.. എന്നാല്‍ 31 ഒക്‌ടോബറിന് രാജ്യമെങ്ങും 'റണ്‍ ഫോര്‍ യൂണിറ്റി', 'ഏക്ക് ഭാരത് ശ്രേഷ്ഠ് ഭാരത്' പരിപാടി നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ നഗരങ്ങളിലും, 'റണ്‍ ഫോര്‍ യൂണിറ്റി' പരിപാടി ഉണ്ടായിരിക്കണം. ഓടാന്‍ രസംതോന്നുന്ന കാലാവസ്ഥയായിരിക്കുകയും ചെയ്യും. സര്‍ദാര്‍ സാബിനെപ്പോലെ ഉരുക്കിന്റെ ശക്തി നേടാനും ഇതാവശ്യമാണ്. സര്‍ദാര്‍ സാബ് രാജ്യത്തെ ഒരുമിപ്പിച്ചു. നമുക്കു ഐക്യത്തിനവേണ്ടി ഓടി ഐക്യമന്ത്രത്തെ മുന്നോട്ടു കൊണ്ടുപോകണം.

വൈവിധ്യത്തില്‍ ഏകത്വമെന്നത് ഭാരതത്തിന്റെ വൈശിഷ്ട്യം എന്ന് നാം വളരെ സ്വാഭാവികതയോടെ പറയാറുണ്ട്. വൈവിധ്യത്തില്‍ നാം അഭിമാനിക്കുന്നു. എന്നാല്‍ നാം ഈ വൈവിധ്യത്തെ നേരിട്ടനുഭവിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടോ? ഞാന്‍ രാജ്യത്തെ ജനങ്ങളോട്, വിശേഷിച്ചും യുവാക്കളോട് നാം ഉണര്‍ന്നിരിക്കുന്നു എന്നു പറയാനാഗ്രഹിക്കുന്നു. ഈ ഭാരതത്തിന്റെ വൈവിധ്യത്തെ അനുഭവിച്ചറിയൂ, അതിനെ സ്പര്‍ശിക്കൂ, അതിന്റെ സുഗന്ധം അനുഭവിക്കൂ. നിങ്ങളുടെ വ്യക്തിത്വത്തിന്റെ വികസനത്തിന് നമ്മുടെ രാജ്യത്തിന്റെ ഈ വൈവിദ്ധ്യങ്ങള്‍ ഒരു വലിയ പാഠശാലയായി പ്രവര്‍ത്തിക്കുമെന്നു നിങ്ങള്‍ക്കു കാണാം. അവധിയുടെ ദിനങ്ങളാണ്, ദീപാവലിയുടെ ദിനങ്ങള്‍... നമുക്ക് രാജ്യത്തിലെവിടെയെങ്കിലുമൊക്കെ യാത്ര പോകുന്ന ശീലമുണ്ട്. വിനോദസഞ്ചാരികളായുള്ള യാത്ര സ്വാഭാവികമാണ്. പക്ഷേ, നാം നമ്മുടെ രാജ്യത്തെ കാണുന്നില്ല, രാജ്യത്തിന്റെ വൈവിധ്യങ്ങളെ അറിയുന്നില്ല, മനസ്സിലാക്കുന്നില്ല, മറിച്ച് വര്‍ണ്ണപ്പകിട്ടിന്റെ സ്വാധീനത്തില്‍ പെട്ട് വിദേശത്ത് യാത്ര പോകുന്നത് ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ചിന്താധീനനാക്കുന്ന കാര്യമാണ്. നിങ്ങള്‍ ലോകത്ത് എവിടെയും പോകുന്നതിലും എനിക്കെതിര്‍പ്പൊന്നുമില്ല... പക്ഷേ, സ്വന്തം വീടുകൂടിയൊന്നു കാണൂ. ദക്ഷിണഭാരതത്തില്‍ എന്താണുള്ളതെന്ന് ഉത്തരഭാരതത്തിലെ ആളുകള്‍ക്ക് അറിയുകയേ ഇല്ല. പശ്ചിമ ഭാരതത്തിലെ ആളിന് പൂര്‍വ ഭാരതത്തില്‍ എന്തുണ്ടെന്നറിയില്ല. നമ്മുടെ രാജ്യം എത്ര വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്!

മഹാത്മാ ഗാന്ധി, ലോകമാന്യ തിലകന്‍, സ്വാമി വിവേകാനന്ദന്‍, നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാംജി തുടങ്ങിയവര്‍ പറഞ്ഞിട്ടുള്ളതു ശ്രദ്ധിച്ചാല്‍ അവര്‍ ഭാരതത്തില്‍ ഭ്രമണം നടത്തിയപ്പോള്‍ അവര്‍ക്ക് ഭാരതത്തെ കാണാനും മനസ്സിലാക്കാനും അവയ്ക്കുവേണ്ടി ജീവിക്കാനും മരിക്കാനുമുള്ള ഒരു പുതിയ പ്രേരണ ലഭിച്ചു എന്നത് ശ്രദ്ധിക്കണം. ഈ മഹാപുരുഷന്മാരെല്ലാം ഭാരത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ അവര്‍ ഭാരതത്തെ അറിയാനും മനസ്സിലാക്കാനും ശ്രമിച്ചു. ഭാരതത്തെ സ്വാംശീകരിക്കാനുള്ള ശ്രമം നടത്തി. നമുക്ക് ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ നമ്മുടെ വിഭിന്ന സംസ്ഥാനങ്ങളെ, വിഭിന്ന സമൂഹങ്ങളെ, ജനവിഭാഗങ്ങളെ, അവരുടെ ജീവിതരീതികളെ, അവരുടെ പാരമ്പര്യങ്ങളെ അവരുടെ വേഷവിധാനങ്ങളെ, അവരുടെ ആഹാരപാനീയങ്ങളെ അവരുടെ ധാരണകളെ പഠിക്കാന്‍ മനസ്സിലാക്കാന്‍, സ്വാംശീകരിക്കാന്‍ ശ്രമിക്കാനാകുമോ?

വിനോദസഞ്ചാരത്തിന് മൂല്യവര്‍ധന സംഭവിക്കുന്നത് നാം വെറുതെ ചെന്നു കാണുന്നതുകൊണ്ടല്ല, ഒരു വിദ്യാര്‍ഥിയെപ്പോലെ അത് അറിഞ്ഞ് മനസ്സിലാക്കി അവിടത്തെ ഭാഗമാകാന്‍ ശ്രമിക്കുന്നതിലൂടെയാണ്. എന്റെ സ്വന്തം അനുഭവം പറഞ്ഞാല്‍ എനിക്ക് രാജ്യത്തെ 500 ലധികം ജില്ലകളില്‍ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ടാകും. 450 ലധികം ജില്ലകളില്‍ എനിക്ക് രാത്രിയില്‍ താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടാകും... ഇന്ന് ഈ ഭാരതത്തില്‍ ഞാന്‍ ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കുമ്പോള്‍ ആ യാത്രകളുടെ അനുഭവങ്ങള്‍ എനിക്കു വളരെ പ്രയോജനപ്പെടുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ എനിക്ക് സൗകര്യം ലഭിക്കുന്നു. നിങ്ങള്‍ ഈ വിശാല ഭാരതത്തിന്റെ വൈവിധ്യത്തിലെ ഏകത്വത്തെ ഒരു മുദ്രാവാക്യമെന്ന നിലയിലല്ല, നമ്മുടെ അപാരമായ ശക്തിയുടെ ഭണ്ഡാരമെന്ന നിലയില്‍ അനുഭവിച്ചറിയൂ എന്നാണ് എനിക്കു നിങ്ങളോടുള്ള അഭ്യര്‍ഥന. 'ഏക്ക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന സ്വപ്നം ഇതിലുണ്ട്. ആഹാരപാനീയങ്ങള്‍ എത്രയെത്രയോ തരങ്ങളിലാണുള്ളത്! ജീവിതം മുഴുവന്‍ ഓരോ ദിവസം ഓരോ ഇനങ്ങളായി കഴിച്ചാല്‍ ഒരിക്കലും ആവര്‍ത്തിക്കേണ്ടി വരില്ല. ഇതു നമ്മുടെ വിനോദസഞ്ചാരമേഖലയുടെ വലിയ ശക്തിയാണ്. ഈ അവധിക്കാലത്ത് വീടിനു പുറത്തുപോവുക മാത്രമല്ല വേണ്ടത്, ഒരു മാറ്റത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയല്ല വേണ്ടത്, ചിലതറിയാനും, മനസ്സിലാക്കാനും ചിലതു നേടാനുമായി പോകൂ. ഭാരതത്തെ ഉള്‍ക്കൊള്ളൂ. കോടിക്കണക്കിന് ജനങ്ങളുടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളൂ.

ഈ അനുഭവങ്ങളിലൂടെ നിങ്ങളുടെ ജീവിതം കൂടുതല്‍ സമൃദ്ധമാകും. നിങ്ങളുടെ ചിന്താഗതികളുടെ പരിധികള്‍ വിശാലമാകും. അനുഭവത്തേക്കാള്‍ വലിയ ഗുരു ആരാണുള്ളത്! സാധാരണഗതിയില്‍ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം യാത്രകളുടെ സമയമാണ്. ആളുകള്‍ യാത്ര പോകുന്നു. ഇപ്രാവശ്യം നിങ്ങള്‍ പോകുമെങ്കില്‍ നിങ്ങള്‍ എന്റെ ഈ ആഹ്വാനത്തെ മുന്നോട്ടു കൊണ്ടുപോകുമെന്ന് എനിക്കു വിശ്വാസമുണ്ട്. നിങ്ങള്‍ എവിടെ പോയാലും സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കൂ, ചിത്രങ്ങള്‍ പങ്കുവയ്ക്കൂ. അതുല്യഭാരതം (ഹാഷ് ടാഗ് incredibleindia) എന്ന വിഷയത്തില്‍ ഫോട്ടോ അയയ്ക്കൂ. ചെല്ലുന്ന സ്ഥലത്തെ ആളുകളുമായി ഇടപഴകാന്‍ സാധിച്ചാല്‍ അതിന്റെ ഫോട്ടോകളും അയയ്ക്കൂ. കെട്ടിടങ്ങളുടേതുമാത്രമല്ല, പ്രകൃതി സൗന്ദര്യത്തിന്റേതു മാത്രമല്ല, അവിടത്തെ ജനജീവിതത്തിന്റെയും ചിത്രങ്ങളയക്കൂ. യാത്രയെക്കുറിച്ച് നല്ല ലേഖനമെഴുതൂ. 'മൈ ഗവി' ല്‍ അയയ്ക്കൂ, 'നരേന്ദ്രമോദി ആപ്' ല്‍ അയയ്ക്കൂ. നിങ്ങളുടെ സംസ്ഥാനത്തെ മികച്ചതില്‍ മികച്ചതായ ഏഴ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഏതൊക്കെയാവാം എന്നു കണ്ടെത്തി എല്ലാ ഭാരതീയരെയും ആ ഏഴിടങ്ങളെപ്പറ്റി അഥവാ ഏഴു കാര്യങ്ങളെപ്പറ്റി അറിയിക്കുന്നത് ഭാരതത്തില്‍ വിനോദയാത്ര പ്രോത്സാഹിപ്പിക്കുന്നതിന് നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു. സാധിക്കുമെങ്കില്‍ ആ ഏഴിടങ്ങളില്‍ പോകണം. നിങ്ങള്‍ക്ക് അതെക്കുറിച്ച് കുറച്ച് വിവരങ്ങള്‍ നല്കാനാകുമോ? നരേന്ദ്രമോദി ആപ് ല്‍ അതിന് ഇടം നല്കാനാകുമോ?

incredibleindiaഎന്ന ഹാഷ് ടാഗില്‍ വയ്ക്കാമോ? ഒരു സംസ്ഥാനത്തുനിന്നു യാത്രപോകുന്നവരെല്ലാം ഇങ്ങനെ ചെയ്താല്‍ അവ പരിശോധിച്ച് പൊതുവായ ഏഴ് ഇനങ്ങള്‍ കണ്ടെത്തി അതെക്കുറിച്ച് പ്രചരണസാഹിത്യം തയ്യാറാക്കാന്‍ ഞാന്‍ ഗവണ്‍മെന്റിലെ ബന്ധപ്പെട്ടവരോടു പറയും. അതായത് ഒരു തരത്തില്‍ ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിലൂടെ വിനോദാസഞ്ചാരകേന്ദ്രങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കും. അതുപോലെ നിങ്ങള്‍ രാജ്യമെങ്ങും കണ്ടതില്‍ നിങ്ങള്‍ക്ക് നല്ലതായി തോന്നിയ ഏഴ് കാര്യങ്ങള്‍ ആരെങ്കിലുമൊക്കെ കാണണെന്നും അതെക്കുറിച്ചറിയണമെന്നും നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍, അതെക്കുറിച്ച് കാണുന്നവര്‍ അറിവുനേടണമെന്നുണ്ടെങ്കില്‍ 'മൈ ഗവി' യിലും 'നരേന്ദ്രമോദി ആപ്' ലും തീര്‍ച്ചയായും അയയ്ക്കുക. കേന്ദ്ര ഗവണ്‍മെന്റ് അതി•േല്‍ വേണ്ട നടപടികളെടുക്കും. അങ്ങനെയുള്ള നല്ല സ്ഥലങ്ങളെക്കുറിച്ച് സിനിമ ഉണ്ടാക്കുക, വീഡിയോ ഉണ്ടാക്കുക, പ്രചരണസാഹിത്യമുണ്ടാക്കുക അവയ്ക്കു പ്രോത്സാഹനം നല്കുക - നിങ്ങള്‍ കണ്ടെത്തുന്ന ഇനങ്ങള്‍ ഗവണ്‍മെന്റ് അംഗീകരിക്കും. വരൂ. എന്നോടൊപ്പം ചേരൂ. ഈ ഒക്‌ടോബര്‍ മാസം മുതല്‍ മാര്‍ച് മാസം വരെയുള്ള സമയമുപയോഗിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതില്‍ നിങ്ങള്‍ക്കും ഒരു പ്രേരണാസ്രോതസ്സാകാന്‍ സാധിക്കും. ഞാന്‍ നിങ്ങളെ അതിനായി ക്ഷണിക്കുന്നു.

പ്രിയപ്പെട്ട ദേശവാസികളേ, ഒരു മനുഷ്യനെന്ന നിലയില്‍ പല കാര്യങ്ങളും എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്. എന്റെ മനസ്സിനെ പിടിച്ചു കുലുക്കുന്നുണ്ട്. എന്റെ മനസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ഞാനും നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍തന്നെയല്ലേ. കഴിഞ്ഞ ദിവസം നടന്ന ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. സ്ത്രീശക്തിയുടെയും ദേശഭക്തിയുടെയും ഒരു ദിവ്യമായ ഉദാഹണം ജനങ്ങള്‍ കണ്ടു. ഇന്ത്യന്‍ ആര്‍മിക്ക് ലെഫ്റ്റനന്റ് സ്വാതി, നിധി എന്നിങ്ങനെ രണ്ടു വീരാംഗനകളെ ലഭിച്ചിട്ടുണ്ട്... അവര്‍ അസാധാരണ വീരാംഗനകള്‍തന്നെയാണ്. സ്വാതിയുടെയും നിധിയുടെയും ഭര്‍ത്താക്ക•ാര്‍ ഭാരതമാതാവിനെ സേവിച്ച് ബലിദാനികളായവരാണ് എന്നതാണ് ഇതിലെ അസാധാരണത്വം. ഈ ചെറു പ്രായത്തില്‍ ജീവിതം ഇല്ലാതെയായാല്‍ പിന്നെ മനോഭാവം എന്തായിരിക്കുമെന്ന് നമുക്കു സങ്കല്‍പിക്കാനാകുമോ? എന്നാല്‍ ബലിദാനി കേണല്‍ സന്തോഷ് മഹാദിക്കിന്റെ പത്‌നി സ്വാതി മഹാദിക് ഈ കഠിനമായ പരിതഃസ്ഥിതിയെ നേരിട്ടുകൊണ്ട് മനസ്സില്‍ ദൃഢനിശ്ചയം ചെയ്തു. ഇന്ത്യന്‍ സേനയില്‍ ചേര്‍ന്നു. 11 മാസത്തോളം നന്നായി അധ്വാനിച്ച് പരിശീലനം നേടി, ഭര്‍ത്താവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി ജീവിതം മാറ്റിവച്ചു. അതേപോലെ നിധി ദുബേ. നിധി ദുബേയുടെ ഭര്‍ത്താവ് മുകേശ് ദുബേ സൈന്യത്തില്‍ നായിക് ആയി സേവനം ചെയ്തുകൊണ്ട് മാതൃഭൂമിക്കുവേണ്ടി ബലിദാനിയായി. അദ്ദേഹത്തിന്റെ പത്‌നി നിധി ഉറച്ച തീരുമാനമെടുത്ത് സൈന്യത്തില്‍ ചേര്‍ന്നു. നമ്മുടെ ഈ മാതൃശക്തിയില്‍ അഭിമാനിക്കാം. എല്ലാ ജനങ്ങള്‍ക്കും, ഈ വീരാംഗനകളോട് ആദരവു തോന്നുന്നത് സ്വാഭാവികമാണ്. ഞാന്‍ ആ രണ്ടു സഹോദരിമാര്‍ക്കും അനേകം ആശംസകള്‍ നേരുന്നു. അവര്‍ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്കുള്ളില്‍ പുതിയ പ്രേരണയും ചൈതന്യവുമുണര്‍ത്തിയിരിക്കയാണ്. ആ രണ്ടു സഹോദരിമാര്‍ക്കും അനേകം ആശംസകള്‍.

പ്രിയപ്പെട്ട ദേശവാസികളേ, നവരാത്രി ഉത്സവത്തിനും ദീപാവലിക്കുമിടയില്‍ നമ്മുടെ യുവതലമുറയ്ക്ക് ഒരു വളരെ വലിയ അവസരം കൂടിയുണ്ട്. ഫിഫ അണ്ടര്‍ -17 വേള്‍ഡ് കപ്പ് നമ്മുടെ നാട്ടില്‍ നടക്കുകയാണ്. നാലുപാടും ഫുട്‌ബോളിന്റെ മുഴക്കമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാ തലമുറയിലുംപെട്ടവര്‍ക്ക് ഫുട്‌ബോളിനോടുള്ള താത്പര്യം വര്‍ധിക്കും. നമ്മുടെ യുവാക്കള്‍ കളിക്കുന്നതായി കാണപ്പെടാത്ത ഒരു സ്‌കൂളും കോളജും ഉണ്ടാകാന്‍ പാടില്ല. വരൂ.. ലോകം മുഴുവന്‍ ഇന്ത്യയുടെ മണ്ണില്‍ കളിക്കാന്‍ വരുമ്പോള്‍ നമുക്കും കളിയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റാം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നവരാത്രിയാണിപ്പോള്‍. ദുര്‍ഗ്ഗാംബയെ പൂജിക്കുന്ന സമയമാണ്. അന്തരീക്ഷം മുഴുവന്‍ പാവനവും പവിത്രവുമായ സുഗന്ധം പരന്നിരിക്കയാണ്. നാലുപാടും ആദ്ധ്യാത്മികതയുടെ, ഉത്സവത്തിന്റെ, ഭക്തിയുടെ അന്തരീക്ഷമാണ്. ശക്തിസാധനയുടെ ഉത്സവമെന്നാണു കരുതപ്പെടുന്നത്. ഇത് ശാരദീയ നവരാത്രി എന്നറിയപ്പെടുന്നു. ശരത് ഋതു ആരംഭിക്കുന്നസമയം. നവരാത്രിയുടെ ഈ പാവനമായ അവസരത്തില്‍ ഞാന്‍ ജനങ്ങള്‍ക്ക് അനേകാനേകം ശുഭാശംസകള്‍ നേരുന്നു. രാജ്യത്തെ പൊതുജനങ്ങളുടെ ജീവിതത്തിലെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നമ്മുടെ രാജ്യം ഉയരങ്ങളിലേക്കെത്തണമേ എന്ന് ശക്തിയുടെ ദേവിയോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. രാജ്യത്തിന് എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കഴിവുണ്ടാകട്ടെ. രാജ്യം വളരെവേഗത്തില്‍ മുന്നേറട്ടെ. 2022 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമ്പോള്‍, സ്വാതന്ത്ര്യപ്രേമികളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമം, നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ നിശ്ചയം, അളവറ്റ അധ്വാനം, അളവറ്റ പരിശ്രമം, ദൃഢനിശ്ചയം എന്നിവയൊക്കെ സാക്ഷാത്കരിക്കാന്‍ അഞ്ചുവര്‍ഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കി നമുക്കു മുന്നോട്ടു നീങ്ങാം, ശക്തിസ്വരൂപിണി നമുക്ക് ആശീര്‍വാദമേകട്ടെ. നിങ്ങള്‍ക്കേവര്‍ക്കും അനേകം ശുഭാശംസകള്‍. ഉത്സവമാഘോഷിക്കൂ, ഉത്സാഹം വര്‍ധിപ്പിക്കൂ...അനേകാനേകം നന്ദി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, National, Prime Minister, Narendra Modi, Article, Manki Bath.