Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് 2008 മുതല്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 11 പേര്‍; പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ ഊരിപ്പോകുന്നു, ഏറ്റവും ഒടുവില്‍ സിനാന്‍ വധക്കേസിലും, പ്രോസിക്യൂഷന്റെ വീഴ്ച കേസുകളെ ദുര്‍ബലമാക്കുന്നുവെന്ന് നിയമവിദഗ്ധര്‍

കാസര്‍കോട്ട് 2008 മുതല്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 11 പേര്‍. പല കേസുകളിലും പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ ഊരിപ്പോവുകയാണ് ചെയ്യുന്നത്. Kasaragod, News, Murder, Police, Investigates, Featured, Trending, Crime, Accused, Court, Kerala
കാസര്‍കോട്: (www.kvartha.com 18.09.2017) കാസര്‍കോട്ട് 2008 മുതല്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 11 പേര്‍. പല കേസുകളിലും പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ ഊരിപ്പോവുകയാണ് ചെയ്യുന്നത്. കുറ്റവാളികള്‍ രക്ഷപ്പെടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഏറ്റവും ഒടുവിലായി നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍ വധക്കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടതോടെ പ്രോസിക്യൂഷന്റെ വീഴ്ചകളാണ് തുറന്നുകാണിക്കുന്നത്.

Legal experts against prosecution on Sinan murder case

മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ടു കൊണ്ടുള്ള കോടതിവിധി നിയമവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. സിനാന്‍ വധക്കേസിലെ പ്രതികളും ആര്‍ എസ് എസ് പ്രവര്‍ത്തകരുമായ അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ്, അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡിലെ കിരണ്‍കുമാര്‍, കെ നിധിന്‍കുമാര്‍ എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വെറുതെ വിട്ടത്. പോലീസ് അന്വേഷണത്തിലെ പാളിച്ചകളും തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുമാണ് സംസ്ഥാനത്തെ തന്നെ നടുക്കിയ പല പ്രമാദമായ കൊലക്കേസുകളിലെയും പ്രതികളെ വെറുതെ വിടാന്‍ കാരണമാകുന്നതെന്നാണ് പ്രധാന വിമര്‍ശനം.

സിനാന്‍ വധക്കേസില്‍ സംഭവം കണ്ടതായി ദൃക്സാക്ഷികള്‍ കോടതിയെ ബോധിപ്പിച്ചിട്ടുപോലും ശിക്ഷ വിധിക്കാന്‍ പര്യാപ്തമായ തെളിവായി ഇത് മാറിയില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി വരാന്‍ പര്യാപ്തമായ രീതിയില്‍ വിചാരണവേളയില്‍ തെളിവ് ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെടുകയായിരുന്നു. കേസിന്റെ വിചാരണ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കുള്ള ശിക്ഷ ഉറപ്പുവരുത്തുന്നതിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിച്ചിട്ടുപോലും കേസ് തെളിയിക്കാനാകാത്തത് ഇരകളുടെ കുടുംബങ്ങളില്‍ ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, റിഷാദ്, റഫീഖ്, ഉപേന്ദ്രന്‍, അസ്ഹര്‍, സാബിത്, സൈനുല്‍ ആബിദ്, റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ കാസര്‍കോട്ട് സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. ഇതില്‍ റഫീഖ്, റിഷാദ്, അസ്ഹര്‍, ഏറ്റവും ഒടുവിലായി സിനാന്‍ വധക്കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലും, ചിലത് വിചാരണ നടക്കാനിരിക്കുകയുമാണ്.
ഇനി വിചാരണയ്ക്ക് വരാനിരിക്കുന്ന കേസുകളുടെ സ്ഥിതി എന്താകുമെന്നതിനെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാകോടതിയിലെ മുന്‍പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ കെവാര്‍ത്തയോട് പറഞ്ഞു. റിയാസ് മൗലവി വധക്കേസില്‍ യു എ പി എ ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതേ രീതിയിലുള്ള മറ്റുകൊലക്കേസുകളിലും യു എ പി എ ചുമത്തേണ്ടതുതന്നെയായിരുന്നു. അങ്ങനെയൊരു വകുപ്പ് ചുമത്തിയാല്‍ പ്രതികള്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് വലിയ പ്രയാസമുണ്ടാകില്ല. നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുന്ന ശക്തികള്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ പോലീസും ജുഡീഷ്യറിയും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അല്ലാത്ത പക്ഷം ഇങ്ങനെയുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും സമൂഹത്തില്‍ അത് ആപത്ശങ്ക വര്‍ധിപ്പിക്കുമെന്നും സി ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

Related News: സിനാന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Murder, Police, Investigates, Featured, Trending, Crime, Accused, Court, Kerala, Sinan Murder Case, Legal experts against prosecution on Sinan murder case .