Follow KVARTHA on Google news Follow Us!
ad

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പ്രതീക്ഷകള്‍...കാല്‍പ്പന്തുമേളയുടെ ആഹ്ലാദത്തിമിര്‍പ്പില്‍ കൊച്ചിയും

കായികഭാരത്തില്‍ കളിയാരവങ്ങളുടെ കാഹളം മുഴക്കി അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി Article, Sports, Football, India, Kerala, Kochi, Indian Team, Under-17 World Cup. Expectations, Durant Cup, ISL, Kerala Blasters, Aniket Jadav, Komal Thatal, Suresh Sing Wangjam, Anwar Ali, Sept Blatter,
നിഷ്ത്തര്‍ മുഹമ്മദ്


(www.kvartha.com 19.09.2017) കായികഭാരത്തില്‍ കളിയാരവങ്ങളുടെ കാഹളം മുഴക്കി അണ്ടര്‍- 17 ഫുട്ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇന്ത്യന്‍ ഫുട്ബോളിന് പുത്തനുണര്‍വായി മാറുമെന്നുറപ്പുള്ള ഈ കാല്‍പ്പന്തു മാമാങ്കത്തിനായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ഫുട്ബോള്‍ പരിചയപ്പെടുത്തിയത്. നാഗേന്ദ്ര പ്രസാദ് സര്‍ബാദികാരിയുടെ പരിശ്രമഫലമായി ഇന്ത്യയില്‍ വ്യാപകമായി ഫുട്‌ബോള്‍ പ്രചരിപ്പിക്കപ്പെട്ടു. 1888ല്‍ അന്നത്തെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന സര്‍ മോര്‍ട്ടിമര്‍ ഡ്യൂറാന്റ് രൂപംകൊടുത്ത ഡ്യൂറാന്റ് കപ്പ്, എഫ് എ കപ്പിനും സ്‌കോട്ടിഷ് കപ്പിനും ശേഷം ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ്.

Expectation of Indian football team in Under 17 world cup

1950ലാണ് ഇന്ത്യ ആദ്യമായും അവസാനമായും ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടിയത്. നഗ്നപാദ ഫുട്‌ബോള്‍ ഫിഫ നിയമംമൂലം നിരോധിച്ചതിനാല്‍ ബൂട്ടില്ലാതെ കളിച്ചിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് അന്ന് ലോകകപ്പില്‍ പന്തുതട്ടാനായില്ല. 1951- 1962 കാലഘട്ടമാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടമായി അറിയപ്പെടുന്നത്. രണ്ട് ഏഷ്യാ കപ്പും മൂന്നു ക്വാഡ്രാങ്കുലര്‍ കപ്പും ഒളിമ്പിക്‌സ് സെമി ഫൈനലുമടക്കം നിരവധി സ്വപ്നതുല്യ വിജയങ്ങള്‍ കൊയ്‌തെടുത്ത ഈ കാലയളവ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രപുസ്തകത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു.

പിന്നീട് ഒറ്റപ്പെട്ട വിജയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ നിന്നും പാടേ തുടച്ചുനീക്കപ്പെടുകയായിരുന്നു. 1983 ക്രിക്കറ്റ് ലോകകപ്പില്‍ കപില്‍ദേവിന്റെ ഇന്ത്യ കിരീടമുയര്‍ത്തിയതോടെ ഇന്ത്യയുടെ അന്തരംഗത്തിലെ മിടിപ്പുകള്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ മുഴങ്ങാന്‍ തുടങ്ങി. പിന്നീട് പണത്തിനുവേണ്ടി രാഷ്ട്രീയക്കാരും ക്രിക്കറ്റിനു പിന്നില്‍കൂടി. അങ്ങനെ അവഗണനയുടെ അഗാധങ്ങളിലേക്ക് മുങ്ങിത്താണ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിഫാ റാങ്കിങ്ങില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചകളിലേക്ക് കൂപ്പുകുത്തി. 2014 ഡിസംബര്‍ 27ന് 171ാം റാങ്കിലേക്ക് നിലംപതിച്ചതോടെ സുഷുപ്തിപൂണ്ടിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ സടകുടഞ്ഞെഴുന്നേറ്റു. 2014ല്‍ ആരംഭിച്ച ഐ എസ് എല്ലും 2015 ജനുവരിയില്‍ ഇന്ത്യന്‍ കോച്ചായി സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ സ്ഥാനാരോഹണവും ഇന്ത്യന്‍ ഫുട്‌ബോളിന്റെ പരിണാമദിശയിലെ നാഴികക്കല്ലുകളായി.

പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2017 ജൂലൈ ആദ്യവാരത്തില്‍ 96 -ാം റാങ്കിലേക്കെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് കരുത്തുറ്റ യുവനിരയാല്‍ സമ്പന്നമാണ്. സെപ്റ്റംബര്‍ 14ന് പുതുക്കിയ ഫിഫാ റാങ്കിങ്ങില്‍ 10-7ാം റാങ്കിലേക്ക് വീണെങ്കിലും പോരാട്ടത്തിന്റെ പോര്‍നിലങ്ങളില്‍ മുന്നോട്ടുതന്നെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. മുന്നോട്ടുകുതിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന് ഇന്ധനം പകര്‍ന്നുകൊണ്ടാണ് അണ്ടര്‍- 17 ലോകകപ്പ് രാജ്യത്തേക്ക് വിരുന്നെത്തുന്നത്. ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ യശസ് വാനോളമുയര്‍ത്താന്‍ കെല്‍പുള്ള ആതിഥേയസംഘം വലിയ പ്രതീക്ഷകളാണ് രാജ്യത്തിന് നല്‍കുന്നത്. 24 ടീമുകള്‍ മാറ്റുരക്കുന്ന വിശ്വമഹാമാമാങ്കത്തിന് അരങ്ങുണരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബര്‍ ആറിന് കൊടിയേറുന്ന കൗമാരലോകകപ്പിന് 28ന് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ കലാശപോരാട്ടത്തോടെ പരിസമാപ്തി കുറിക്കപ്പെടും.

അമേരിക്കയും കൊളംബിയയും ഘാനയും ഉള്‍പെടുന്ന എ ഗ്രൂപ്പില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളികളുയര്‍ത്തിയാണ് ശക്തരായ എതിരാളികള്‍ ബൂട്ടുകെട്ടിയിറങ്ങുന്നത്. എങ്കിലും നീണ്ടകാലത്തെ വിദേശരാഷ്ട്ര പര്യടനങ്ങളിലൂടെ വമ്പന്‍ അട്ടിമറികളടക്കം നടത്തിയെത്തുന്ന ഇന്ത്യയുടെ കൗമാരപ്പട എതിരാളികളെ കശക്കിയെറിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

2014 ബയേണ്‍ മ്യൂണിക്ക് യൂത്ത് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ച അനികേത് ജാദവാണ് മുന്നേറ്റ നിരയിലെ ടീമിന്റെ കുന്തമുന. മധ്യനിരയില്‍ വണ്ടര്‍ കിഡ് കോമള്‍ തട്ടാലും സഞ്ജീവ് സ്റ്റാലിനും 2014 നൈക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കപ്പിലെ മികച്ച ഇന്ത്യന്‍ താരമായ സുരേഷ് സിങ്ങ് വാങ്ങ്ജമും ക്യാപ്റ്റന്‍ അമര്‍ജിത് സിങ്ങും കളിയൊഴുക്കിനെ നിയന്ത്രിക്കും. അന്‍വര്‍ അലിയാണ് മണിച്ചിത്രത്താഴിട്ടുപൂട്ടിയ പ്രതിരോധക്കോട്ടയുടെ ഹീറോ. ധീരജ് സിങ്ങാണ് ഗോള്‍വല കാക്കുന്നത്. നിക്കോളായ് ആദമിന്റെ കീഴിലുള്ള ടീമില്‍ ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്ന കൗമാരപ്രതിഭകള്‍ക്ക് പഞ്ഞമില്ല.

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഉപരിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തി കാല്‍പ്പന്തുമേളം കടന്നുവരുമ്പോള്‍ കൊച്ചുകൈരളിയും ആഹ്ലാദത്തിമിര്‍പ്പിലാണ്. അറബിക്കടലിന്റെ റാണിയുടെ മാറിടത്തില്‍ കാല്‍പ്പന്തുകൊണ്ട് കവിത രചിക്കാന്‍ കൗമാരക്കൂട്ടങ്ങളെത്തുമ്പോള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ആരവങ്ങള്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കുമെന്നുറപ്പാണ്. ബ്രസീലും സ്‌പെയിനും ജര്‍മനിയുമടക്കുള്ള വമ്പന്മാരുടെ പോരാട്ടങ്ങള്‍ക്ക് സ്റ്റേഡിയം ജനസഹസ്രങ്ങളാല്‍ നിറഞ്ഞുകവിയും.

സി വി പാപ്പച്ചനും ഷറഫുദ്ദീനും ഐ എം വിജയനും വിക്ടര്‍ മഞ്ഞിലയും ജോപോള്‍ അഞ്ചേരിയും പിന്നീട് പ്രദീപും മുഹമ്മദ് റാഫിയും അനസ് എടത്തൊടികയും സി കെ വിനീതും റിനോ ആന്റോയും ഡെന്‍സണ്‍ ദേവദാസും കേരളത്തിന് സമ്മാനിച്ച ഫുട്‌ബോള്‍ പെരുമ മലയാളനാടിനെ ഭാരതത്തിലെ അനിഷേധ്യ കാല്‍പ്പന്തുശക്തിയായി ഇന്നും നിലനിര്‍ത്തുന്നു. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേര്‍സിന്റെ ആരാധകവൃന്ദം കണ്ട് അമ്പരന്ന ലോകത്തിന് മുമ്പില്‍ കേരളക്കരയുടെ ഫുട്‌ബോള്‍ പെരുമ കൊച്ചിയില്‍ വീണ്ടും ദൃശ്യമാവും. ഫിഫയുടെ വെബ്‌സൈറ്റില്‍ അണ്ടര്‍- 17 ലോകകപ്പ് സ്റ്റേഡിയങ്ങളെക്കുറിച്ചുള്ള വിവരണത്തില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തെ ലോകത്തെ ഏറ്റവും ശബ്ദമുഖരിതമായ സ്റ്റേഡിയങ്ങളിലൊന്നായി വിശേഷിപ്പിച്ചത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കാല്‍പ്പന്തുപ്രേമികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

മുന്‍ ഫിഫാ അധ്യക്ഷന്‍ സെപ്റ്റ് ബ്ലാറ്റര്‍ പറഞ്ഞതുപോലെ ഇന്ത്യ ലോകഫുട്‌ബോളിലെ ഉറങ്ങുന്ന സിംഹമാണ്. ഇത്രയും കാലം പതുങ്ങിയത് കുതിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ഇന്ത്യക്ക് ലഭിച്ച അവസരമാണ് അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോള്‍. ഈ ലോകകപ്പിന്റെ ആവേശം കെടാതെ സൂക്ഷിച്ച് ഇതേ ടീമിന് കൃത്യമായ പരിശീലനങ്ങള്‍ ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രവേശനസ്വപ്നങ്ങള്‍ പൂവണിയും. ഇതിന്റെ ചുവടുപിടിച്ച് ഗ്രാസ് റൂട്ട് ലെവലില്‍ ഫുട്‌ബോള്‍ ലീഗുകളും അക്കാദമികളും ആരംഭിച്ചാല്‍ ഇന്ത്യ ഭാവിയില്‍ ഫുട്‌ബോള്‍ ലോകത്തെ വമ്പന്മാരായി മാറും.

Keywords: Article, Sports, Football, India, Kerala, Kochi, Indian Team, Under-17 World Cup. Expectations, Durant Cup, ISL, Kerala Blasters, Aniket Jadav, Komal Thatal, Suresh Sing Wangjam, Anwar Ali, Sept Blatter, Expectation of Indian football team in Under 17 world cup.