Follow KVARTHA on Google news Follow Us!
ad

വാഗമണിലേക്ക് ടൂര്‍ പോകുന്നവര്‍ ജാഗ്രതൈ... ഒന്നു സൂക്ഷിച്ചോളൂ, അല്ലെങ്കില്‍ നടുവൊടിഞ്ഞേക്കാം

സഞ്ചാരികളുടെ പറുദീസയായ വാഗമണിലെക്കൊരു യാത്ര പോകണമെങ്കില്‍ നരകയാതന തന്നെ അനുഭവിക്കേണ്ടിവരുമെന്നാണ് വിനോദസഞ്ചാKerala, News, Kottayam, Road, Bad roads in Vagamon
കോട്ടയം: (www.kvartha.com 24.09.2017) സഞ്ചാരികളുടെ പറുദീസയായ വാഗമണിലെക്കൊരു യാത്ര പോകണമെങ്കില്‍ നരകയാതന തന്നെ അനുഭവിക്കേണ്ടിവരുമെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്. അത്രയ്ക്ക് ദുരിതമാണ് വാഗമണിലെ റോഡുകള്‍ വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് താറുമാറായ നിലയിലാണ്. ഇടുങ്ങിയ റോഡിലെ കുഴികളില്‍ ചാടാതെ വാഹനം വെട്ടിച്ചാല്‍ കൊക്കയില്‍ വീഴുമെന്നുറപ്പാണ്.

കുഴിയില്‍ വീഴുന്ന ചെറുവാഹനങ്ങള്‍ കാരണം ഈ റൂട്ടില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡിലെ വെള്ളക്കെട്ടും വെള്ളക്കെട്ടുകളിലെ അപകട കുഴികളും വാഗമണിലേക്കുള്ള വിനോദയാത്രയെ മരണയാത്രയാക്കുകയാണ്. ഇത്തരം സഹാസങ്ങള്‍ സഹിച്ച് പോയി വന്നാല്‍ ഉടന്‍ തന്നെ ഏതെങ്കിലും തിരുമ്മുശാലയിലോ ആശുപത്രിയിലോ ചികിത്സതേടുന്നതാണ് നല്ലതെന്ന് സഞ്ചാരികള്‍ പറയുന്നു.

റോഡ് തകര്‍ന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികളും ടൂറിസ്റ്റ് ഗൈയ്ഡുകളും പറയുന്നത്. ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്. വെള്ളത്തിനൊപ്പം കല്ലുകളും റോഡില്‍ ഒഴുകി എത്തുന്നതിനാല്‍ കാല്‍നടയാത്ര പോലും അസാധ്യമായി. ഈരാറ്റുപേട്ട മുതല്‍ വഴിക്കടവ് വരെയുള്ള 22 കിലോമീറ്റര്‍ റോഡില്‍ പലയിടത്തും വലിയ കുഴികളാണ്. ഇതിനിടെ, മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍ ചെയ്ത റോഡിന്റെ ഭാഗം വീണ്ടും തകര്‍ന്നു.

ഇതുവഴി സര്‍വീസ് നടത്തുന്ന ബസുകളും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്ന ഇവിടെ അവധി ദിവസങ്ങളില്‍ ട്രിപ്പ് മുടക്കുന്നതായും പരാതിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡിന് വീതി കൂട്ടി അപകടവളവുകളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് രാജ്യാന്തര നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. ടാറിംഗ് ഒഴികെയുള്ള പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ടാറിംഗ് ഉണ്ടായില്ല. റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉറപ്പുകള്‍ മാത്രമാണ് ഉണ്ടായത്. ഇതോടെ നാട്ടുകാരും വിനോദസഞ്ചാരികളും ഈ ഉറപ്പില്‍ മാത്രം വിശ്വസിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലായി. ഓണക്കാലത്ത് നൂറുകണക്കിന് വാഹനങ്ങളാണ് വാഗമണിലേക്കെത്തിയത്. പല വാഹനങ്ങളും കുഴികളില്‍ ചാടി അപകടത്തില്‍പ്പെട്ടു. ഇവയില്‍ അധികവും ഇരു ചക്രവാഹനങ്ങളാണ്.

റോഡിന്റെ ശോച്യാവസ്ഥ കാരണം ടൂര്‍ പ്രോഗ്രാമുകളില്‍ നിന്ന് വാഗമണിനെ ഒഴുവാക്കേണ്ട സ്ഥിതിയാണുള്ളതെന്ന് ഇടുക്കിയിലെ ഒരു പ്രമുഖ ടൂര്‍ ഒപ്പറേറ്റര്‍ പറയുന്നു. അടിയന്തരമായി റോഡ് നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ടൂറിസ്റ്റ് മേഖലയെ ആശ്രയിച്ച് കഴിയുന്ന അനുബന്ധമേഖലകള്‍ പ്രതിസന്ധിയിലാകുമെന്നും സഞ്ചാരികളുടെ പറുദീസയായ വാഗമണിന്റെ സ്ഥാനം ഒന്നില്‍ നിന്ന് കൂപ്പുകുത്തുമെന്നും നാട്ടുകാര്‍ പറയുന്നു.