Follow KVARTHA on Google news Follow Us!
ad

മോഡി സ്വപ്‌നം കാണുന്ന ഇന്ത്യ ദേ ഇതാണ്...

വൃത്തിയുടെയും വെടിപ്പിന്റെയും പുതിയ കുതിപ്പ് സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴത്തെ ദ്വൈവാര ശുചീകരണ പരിപാടിയിലൂടെ പുതിയ ദിശയിലെത്തുന്ന ശുചിത്വഭാരത പ്രചാരണ പരിപാടിയുടെ Article, Waste Dumb, Government, Featured, Cleaning, Toilet, Neeraj Vajpey
നീരജ് ബാജ്‌പേയ്

(www.kvartha.com 18.09.2017)
വൃത്തിയുടെയും വെടിപ്പിന്റെയും പുതിയ കുതിപ്പ് സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴത്തെ ദ്വൈവാര ശുചീകരണ പരിപാടിയിലൂടെ പുതിയ ദിശയിലെത്തുന്ന ശുചിത്വഭാരത പ്രചാരണ പരിപാടിയുടെ ഗതിവേഗം പ്രകടമാകുന്നത് ഒരു ഗവണ്‍മെന്റ് കര്‍മപദ്ധതി മാത്രമല്ല, മറിച്ച് മൂന്നു വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും പിന്നാക്ക ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ രൂപപ്പെട്ട അവബോധത്തിന്റെ വിജയം കൂടിയാണ്.

2014ലെ ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറെ പ്രതീക്ഷകളോടെ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ വിജയഗാഥകളുടെ പെരുമഴയ്ക്കിടയില്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍ സുരക്ഷിതമായ കുടിവെള്ളം എന്നിവയുടെ വര്‍ധിച്ച ആവശ്യവും ബോധവല്‍ക്കരണവും ശുചിത്വം എന്ന വാക്കിന് ഗണ്യമായ പ്രചാരം നേടിക്കൊടുത്തു. സാധാരണമായ ഒരു തുടക്കമായിരുന്നു ഈ പ്രചാരണ പരിപാടിയുടേതെങ്കിലും അതിന്റെ ഫലമായി നിരവധി ശൗചാലയങ്ങളും വൃത്തിയുള്ള കുടിവെള്ള സംവിധാനങ്ങളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ശുചിത്വ സംവിധാനങ്ങളും മറ്റും നിര്‍മിക്കാന്‍ സാധിച്ചു. ഗവണ്‍മെന്റ് സംവിധാനത്തിന്റെയും സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പൊതുജനങ്ങളുടെയും മറ്റും പങ്കാളിത്തത്തോടെ നിര്‍മിച്ച അനവധി പുതിയ ശൗചാലയങ്ങളുടെ എണ്ണത്തിനു പുറമേയാണിത്. പ്രചാരണപരിപാടികളുടെ വര്‍ധിച്ചുവരുന്ന കാര്യക്ഷമതയുടെ സൂചകമായും ഇത് മാറി. മികച്ച പൊതുശുചിത്വ നിലവാരത്തിലൂടെ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 50,000 രൂപ ലാഭിക്കാനാകുമെന്ന് യൂനിസെഫിന്റെ ഒരു പഠനം പറയുന്നു.



ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോള്‍ തിളങ്ങുന്ന നിരവധി വിജയകഥകള്‍ക്കിടെ പരാതികളും ഉയര്‍ന്നു. ഫലപ്രദമായി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പരാതികള്‍ക്ക് ശ്രദ്ധ നല്‍കുകയും അവ പരിഹരിക്കുകയും ചെയ്തു. ആഗോള ശുചിത്വ നിലവാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനും പൊതുശുചിത്വ നിലവാരത്തിലേക്ക് ശ്രദ്ധ ഊന്നുന്നതിനുമാണ് രണ്ട് ഉപ ദൗത്യങ്ങള്‍ കൂടി ഉള്‍പെട്ട ശുചിത്വഭാരത ദൗത്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്. എസ് ബി എം (ഗ്രാമീണം), എസ് ബി എം (നഗരം) എന്നിവയാണ് അവ. മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ഏറ്റവും യോജിച്ച ശ്രദ്ധാഞ്ജലിയായി വൃത്തിയുള്ള ഇന്ത്യ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ദൗത്യം ലക്ഷ്യമിടുന്നത്.

ശുചിത്വഭാരത ദൗത്യം തുടങ്ങിയപ്പോള്‍ 39 ശതമാനം ആയിരുന്ന രാജ്യത്തെ പൊതുശുചിത്വ സ്ഥിതി ഇപ്പോള്‍ 67.5 ശതമാനം ആയെന്നും 2.38 ലക്ഷം ഗ്രാമങ്ങളെ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിക്കാനായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ പുരോഗതി മൂന്നാമതൊരു സ്വതന്ത്ര ഏജന്‍സി പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. പൊതുശുചിത്വവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ നല്‍കുന്ന നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്തയിടെ സ്വഛത്തോണ്‍ സംഘടിപ്പിച്ച് പുതിയ ആശയങ്ങളിലേക്ക് വാതില്‍ തുറന്നു. ശുചിത്വഭാരത മിഷന്റെ ലോഗോ തന്നെ ജനങ്ങളില്‍ നിന്നുണ്ടായതാണ്.

ഇന്ത്യയെ വൃത്തിയാക്കല്‍ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും അതൊരു ഫലപ്രദമായ ജനമുന്നേറ്റമായി മാറ്റുന്നതിനുമായി രണ്ടാഴ്ച നീളുന്ന പൊതുശുചിത്വ പ്രചാരണ പരിപാടി- 'ശുചിത്വം തന്നെ സേവനം ' ('സ്വഛതാ ഹി സേവാ') നടപ്പാക്കിവരികയാണ്. നിയമ നിര്‍മാണ സഭകളിലെ അംഗങ്ങളും മറ്റുള്ളവരും നടത്തുന്ന സ്വയം സന്നദ്ധമായ ശ്രമദാനം ഉള്‍പെടുന്നതാണിത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തിന്റെ ജന്മനഗരമായ കാണ്‍പൂര്‍ ദെഹാത്തില്‍ പതാക വീശി പരിപാടി ഉദ്ഘാടനം ചെയ്തത്. കര്‍ണാടകത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നേതൃത്വം നല്‍കി. ഗാന്ധിജയന്തി വാര്‍ഷികത്തിലാണ് ദ്വൈവാരം സമാപിക്കുന്നത്. നിരവധി കേന്ദ്രമന്ത്രിമാരും എം പിമാരും എം എല്‍ എമാരും ശ്രമദാനത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രിയുടെ ജന്മദിനം സേവനദിനമായി പ്രഖ്യാപിച്ചത്. ഈ സംരംഭത്തിന് ആവേശം വര്‍ധിപ്പിച്ചു. ഇത്തരം പരിപാടികള്‍ ഈ വിഷയത്തിന് സൂക്ഷ്മമായ ഉന്നം നല്‍കുകയും അന്തിമമായി സാധാരണജനങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ അത് മുന്നേറുമെന്നും ശുചിത്വ ദൗത്യത്തിന്റെ നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമ നിര്‍മാതാക്കളും പ്രശസ്തരും ഉള്‍പെടുന്ന മഹത് വ്യക്തിത്വങ്ങള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്നത് ശുചിത്വഭാരത ദൗത്യത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുന്ന നല്ല സന്ദേശം നല്‍കും എന്നാണ് നയരൂപീകരണം നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്. ജനപിന്തുണ ഉറപ്പാക്കുന്നതിന് എല്ലാ തലങ്ങളിലുമുള്ള സന്ദേശ സാധ്യതകളെ ഗവണ്‍മെന്റ് വിനിയോഗിക്കുന്നു. ടോയ്‌ലറ്റ്: ഏക് പ്രേംകഥ എന്ന ബോളിവുഡ് ചിത്രം ദേശീയ തലത്തില്‍ സേവാദിവസത്തിന്റെ ഭാഗമായി സംപ്രേഷണം ചെയ്തത് ഉള്‍പ്പെടെയാണിത്. ശുചിത്വത്തിനും ശൗചാലയ നിര്‍മാണത്തിനും അതുവഴി വെളിയിട വിസര്‍ജനത്തില്‍ നിന്ന് ചുറ്റുപാടുകളെ മോചിപ്പിക്കുന്നതിനും സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ബൃഹത്തായ പരിപാടിയാണ് സ്വഛ്ഹി സേവാ. പൊതു ഇടങ്ങളും വിനോദ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളും ലക്ഷ്യമിട്ട് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചിത്വഭാരത ദൗത്യം ഏകോപിപ്പിക്കുന്ന കുടിവെള്ളവും പൊതുശുചിത്വവും സംബന്ധിച്ച മന്ത്രാലയമാണ് ഈ പരിപാടിയും ഏകോപിപ്പിക്കുന്നത്.

ഈ പദ്ധതിയെ ഉയര്‍ത്തിക്കാട്ടുന്നതിനും അതിന്റെ പ്രചാരണത്തിനും വേണ്ടി എല്ലാ സന്ദര്‍ഭങ്ങളെയും വിനിയോഗിക്കുകയാണ്. ഭരണകക്ഷിയുടെ താത്വിക മാര്‍ഗദര്‍ശിയായ സാമൂഹിക പരിഷ്‌കര്‍ത്താവ് ഡോ. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25 'സര്‍വത്രസ്വഛതാ' ദിനമായി ആചരിക്കുന്നതും ഇതിന്റെ ഭാഗമാണ്. പാര്‍ക്കുകളും ബസ് സ്‌റ്റോപ്പുകളും റെയില്‍വേ സ്റ്റേഷനുകളും ഉള്‍പെടെയുള്ള പൊതു ഇടങ്ങള്‍ ശുചീകരിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് അന്ന് നടക്കുക.

ഗാന്ധിജയന്തി ദിനത്തില്‍ വിനോദസഞ്ചാര സ്ഥലങ്ങള്‍ ശുചിത്വ ലക്ഷ്യ പ്രദേശങ്ങളായിരിക്കും. പൊതുശുചിത്വത്തിന്റെ അഭാവത്തില്‍ പ്രതിവര്‍ഷം 500 കോടി രൂപയോളം ടൂറിസം മേഖലയ്ക്ക് നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകളെന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ. പൊതുശുചിത്വത്തിന്റെ കുറവ് ഇന്ത്യയുടെ ജി ഡി പിയുടെ ആറ് ശതമാനത്തിലേറെ ബാധിക്കുന്നുണ്ട് എന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലെ കണക്ക്. ഇപ്പോഴത്തെ ശുചീകരണ യജ്ഞത്തില്‍ വൃത്തിയാക്കേണ്ട അത്തരം നിരവധി സ്ഥലങ്ങള്‍ ഗവണ്‍മെന്റ് കണ്ടെത്തിയിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങളോടും ഈ യജ്ഞത്തില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പട്ടാള ക്യാമ്പുകളും വെളിയിട വിസര്‍ജനമുക്ത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉന്നതമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രതിരോധ മന്ത്രാലയം ഉറപ്പു വരുത്തും. സ്വകാര്യ വാര്‍ത്താ ചാനലുകള്‍, എഫ് എം റേഡിയോകള്‍ എന്നിവയിലൂടെയും ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ചും മറ്റും ശുചീകരണ യജ്ഞത്തിന് പ്രചാരം നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പങ്ക് വഹിക്കും.

ശുചിത്വഭാരത ദൗത്യം നിരവധി ലക്ഷ്യങ്ങള്‍ നേടിയതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി 29,79,945 വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുകയും 44.650 വാര്‍ഡുകളില്‍ വീടുകളിലെത്തിയുള്ള പാഴ് വസ്തു ശേഖരണം നൂറ് ശതമാനം നടപ്പാക്കിയതും ഉള്‍പ്പെടെയാണ് ഇത്. ശുചിത്വഭാരത (നഗര) പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്ക് പ്രകാരം 2,19,169 പൊതുശൗചാലയങ്ങള്‍ നിര്‍മിച്ചു. പാഴ്‌വസ്തുക്കളില്‍ നിന്നുള്ള ഊര്‍ജോല്‍പാദനം 94.2 മെഗാ വാട്ട് ആണ്. ആകെ 12,86 നഗരങ്ങള്‍ സ്വന്തം നിലയില്‍ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചു.

ശുചിത്വഭാരത ദൗത്യം (ഗ്രാമീണം) സംബന്ധിച്ച പുതിയ കണക്കുകള്‍ പ്രകാരം 2014 ഒക്ടോബര്‍ രണ്ടു മുതല്‍ ഇതുവരെ 4,80,80,707 വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുകയും 2,38,539 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. 196 ജില്ലകള്‍ വെളിയിട വിസര്‍ജന മുക്തമായി. വെളിയിടങ്ങളിലെ വിസര്‍ജനം ഇല്ലാതാക്കുക എന്നത് ശുചിത്വഭാരത ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. 2019ല്‍ പൂര്‍ണമായും വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിക്കുന്നതിന് 55 ദശലക്ഷം വീടുകളിലും 115,000 പൊതു സ്ഥലങ്ങളിലും ശുചിത്വഭാരത ദൗത്യം (ഗ്രാമീണം) കീഴില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കണം എന്ന് നിതി ആയോഗ് രേഖകള്‍ വ്യക്തമാക്കുന്നു. സിക്കിം, ഹിമാചല്‍ പ്രദേശ്, കേരളം, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവയാണ് വെളിയിട വിസര്‍ജന മുക്ത സംസ്ഥാനങ്ങള്‍. 2018 മാര്‍ച്ചില്‍ 10 സംസ്ഥാനങ്ങള്‍ കൂടി ഈ പദവിയിലേക്ക് എത്തും. 4500 നമാമി ഗംഗേ ഗ്രാമങ്ങള്‍ ഇപ്പോള്‍ വെളിയിട വിസര്‍ജന മുക്തമാണ്.

പൊതുശുചിത്വ സൂചികയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെ നിലവാരം നിര്‍ണയിക്കല്‍ തുടങ്ങി ഒട്ടനവധി പദ്ധതികള്‍ ശുചിത്വ ഭാരത പ്രചാരണ പരിപാടിയില്‍ ഉള്‍പെടുന്നു. എങ്കിലും കൂടുതല്‍ സാമൂഹിക അവബോധത്തോടെയും വ്യക്തിശുചിത്വ ബോധത്തോടെയും പൊതുജനങ്ങള്‍ ഈ ലക്ഷ്യബോധമുള്ള പദ്ധതിയെ സ്വീകരിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വിജയം സാധ്യമാവുകയുള്ളു. 2019ല്‍ രാജ്യമാകെ വെളിയിട വിസര്‍ജന മുക്തമായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(ലേഖകന്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ മുന്‍ എഡിറ്ററാണ്. വളരെയേറെ യാത്ര ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ 30 വര്‍ഷത്തെ അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന കാലത്തിനിടെ നിരവധി ദേശീയ, അന്തര്‍ദേശീയ പരിപാടികള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നു. ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്.)



                                                                                                  നീരജ് ബാജ്‌പേയ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Waste Dumb, Government, Featured, Cleaning, Toilet, Neeraj Vajpey, All set to boost Swachbharath related swachseva campaign.