Follow KVARTHA on Google news Follow Us!
ad

വിപിനെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ; വീട്ടില്‍ നിന്നും പുറപ്പെടുന്നത് മുതലുള്ള നീക്കങ്ങള്‍ കൊലയാളി സംഘം നിരീക്ഷിച്ചു, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതപാലിച്ച് പോലീസ്, അക്രമമുണ്ടായാല്‍ വെടിവെക്കാന്‍ ഉത്തരവ്

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ വിപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോലീസ്. വ്യക്തമായ പദ്ധതികളോടെയായിരുന്നു Malappuram, Murder, Case, Police, Investigates, Kerala, Vipin's murder; Police on high alert
തിരൂര്‍: (www.kvartha.com 24.08.2017) കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ വിപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോലീസ്. വ്യക്തമായ പദ്ധതികളോടെയായിരുന്നു പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. ഗര്‍ത്തങ്ങളും വെള്ളക്കെട്ടുകളും ഉള്ള സ്ഥലമാണ് കൊലയ്ക്ക് തിരഞ്ഞെടുത്തത്. കൃത്യം നിര്‍വഹിച്ചതിന് ശേഷം രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത് റോഡിന്റെ തുടക്കത്തില്‍ ഗര്‍ത്തങ്ങളില്ലാത്ത മുസ്ലിയാരങ്ങാടി റോഡായിരുന്നു. കറുത്ത മുഖംമൂടി ധരിച്ചതും, ആയുധങ്ങളൊന്നും ഉപേക്ഷിക്കാതെ രക്ഷപ്പെട്ടതും കൊലയിലെ ആസൂത്രണം വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു.


വിപിന്‍ വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറപ്പെടുന്നത് മുതലുള്ള നീക്കങ്ങള്‍ കൊലയാളി സംഘം നിരീക്ഷിച്ചിരുന്നതായാണ് പോലീസ് കരുതുന്നത്. വ്യാഴാഴ്ച രാവിലെയാണ് വിപിനെ ബി പി അങ്ങാടി പുളിഞ്ചോട്ടില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റ് മുഖം വികൃതമായതിനാല്‍ കൊല്ലപ്പെട്ടത് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനാണെന്ന് തിരിച്ചറിഞ്ഞത് അല്‍പം വൈകിയാണ്. ഇടത്തെ കണങ്കാലിനും തുടയിലും, വലത്തെ കാല്‍ മുട്ടിനും തലയ്ക്കുമാണ് ഗുരുതരമായ വെട്ടുകളേറ്റത്. അക്രമം തടയുന്നതിനിടെ കൈക്കും വെട്ടേറ്റു. ഒരു കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

വിപിനാണ് കൊല്ലപ്പെട്ടതെന്നറിഞ്ഞതോടെ മൃതദേഹം സൂക്ഷിച്ചിരുന്ന ജില്ലാ ആശുപത്രി പരിസരത്ത് നിരവധി ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് ആറു മണിയോടെ മൃതദേഹം വിലാപ യാത്രയായി തിരൂരിലൂടെ വീട്ടിലേക്ക് കൊണ്ടുപോയി. വീടുവരെ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

ഇതുവരെ മറ്റു അനിഷ്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പോലീസ് കനത്ത ജാഗ്രത പാലിച്ചുവരികയാണ്. അക്രമമുണ്ടായാല്‍ വെടിവെക്കാനാണ് പോലീസിന് ഉത്തരവ് ലഭിച്ചിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ആയുധം ധരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.

കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംഘത്തിലുള്‍പ്പെടുത്തേണ്ടവരെ അദ്ദേഹം തീരുമാനിക്കുമെന്നും തൃശൂര്‍ റേഞ്ച് ഐ ജി പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണഘട്ടമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഫൈസലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതികാരമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News: 
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Murder, Case, Police, Investigates, Kerala, Vipin's murder; Police on high alert.