Follow KVARTHA on Google news Follow Us!
ad

ഓക്‌സിജന്‍ നല്‍കാതെ നിങ്ങള്‍ കൊന്നുകളഞ്ഞതല്ലേ ആ പിഞ്ചുകുട്ടികളെ

കാലികഭാരതത്തിന് ഞെട്ടലായ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയിലെ ഓക്‌സിജന്‍ ദുരന്തത്തിന്റെ മരണനിരക്ക് ശതകം പിന്നിട്ടുകഴിഞ്ഞു.Article, Uttar Pradesh, Ambulance, India, Yogi Adityanath, Prime Minister, Gorakhpur, Tragedy, Oxygen, Independence Day, Children, Death, Corruption, Kafeel Khan, Government
നിഷ്ത്തര്‍ മുഹമ്മദ്‌

(www.kvartha.com 19.08.2017) കാലികഭാരതത്തിന് ഞെട്ടലായ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയിലെ ഓക്‌സിജന്‍ ദുരന്തത്തിന്റെ മരണനിരക്ക് ശതകം പിന്നിട്ടുകഴിഞ്ഞു. ഭരണകൂട കെടുകാര്യസ്ഥതയുടെ ബാക്കിപത്രമാണ് ഗൊരഖ്പൂരില്‍ മാലോകര്‍ ദര്‍ശിച്ചത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ സെയില്‍സ് എന്ന കമ്പനിക്ക് ആറുമാസത്തോളമായി പ്രതിഫലം നല്‍കാത്ത സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണ് നൂറിലേറെ കുട്ടികളുടെ ജീവഹാനിക്ക് നിദാനമായത്. 65 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഓക്‌സിജന്‍ ഉപഭോഗത്തില്‍ കുടിശ്ശിക വരുത്തിയത്.

Suffocation death in UP and after math

10 ലക്ഷത്തിന്റെ കോട്ടിട്ട് അയല്‍രാജ്യത്തെ ഭരണാധികാരിയെ സ്വീകരിച്ച അഭിനവഭാരതത്തിലെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയകക്ഷിയാണ് ദുരന്തം നടന്ന ഉത്തര്‍പ്രദേശില്‍ ഭരണചക്രം തിരിക്കുന്നതും, ഓക്‌സിജന്‍ കമ്പനിക്ക് 65 ലക്ഷം രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതും. ഗൊരഖ്പൂര്‍ ഓക്‌സിജന്‍ ദുരന്തത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ദശലക്ഷങ്ങള്‍ പൊടിപൊടിച്ച് കേരളത്തിലെത്തിയ ഭരണകക്ഷിയുടെ തലമുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്‌ലി കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന വിഡ്ഢിത്തം വിളമ്പി പോയതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

പശുവിന് ശീതീകരിച്ച ആംബുലന്‍സ് സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശ് മുഖ്യന്‍ യോഗി ആദിത്യനാഥിന്റെ നാട്ടില്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ ദൗര്‍ലഭ്യം നിമിത്തം ജീവന്‍ നഷ്ടമായ വാര്‍ത്ത വിരോധാഭാസത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ്. ആസൂത്രിതമായി ദുരന്തത്തിന്റെ ഉത്തരവാദിത്തം മറ്റുപലരുടേയും തലയില്‍ കെട്ടിവെക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഭരണകൂടത്തിന്റെ അണിയറയില്‍ തകൃതിയായതിന്റെ സൂചനയാണ് ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൈകഴുകാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍. ദുരന്തം നടന്ന് നിമിഷങ്ങള്‍ക്കകം അടുത്തുള്ള ആശുപത്രികളില്‍നിന്നും, സ്വന്തം നിലയില്‍ കാശുമുടക്കിയും ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ച കഫീല്‍ ഖാനെ വിശദമായ അന്വേഷണം പോലും നടത്താതെ ജോലിയില്‍ നിന്നും തെറിപ്പിച്ച സര്‍ക്കാര്‍ നടപടി സംശയജനകമാണ്.

സുപ്രീം കോടതി പോലും 'ഗൊരഖ്പൂര്‍' ദുരന്തവിഷയം ഏറ്റെടുക്കാന്‍ മടികാണിച്ച സാഹചര്യത്തില്‍ ഈയൊരു വിഷയത്തില്‍ സാധാരണ ജനങ്ങളുടെ സമീപനത്തെ താറടിച്ചുകാട്ടാനുമാവില്ല. പ്രശ്‌നങ്ങളോട് പ്രതികരിക്കാത്ത ഇന്ത്യന്‍ പാസീവ് ചിന്താഗതിയുടെയും സദാചാര മൂല്യശോഷണത്തിന്റെയും ദൃശ്യം ഇവിടെ വ്യക്തമാവുന്നു

സ്വച്ഛ് ഭാരത് കൊട്ടിഘോഷിക്കുന്ന ഭരണപക്ഷത്തിന്റെ ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ വൃത്തിഹീനമായ അന്തരീക്ഷമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതും, ഗൊരഖ്പൂര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ 'ഗൊരഖ്പൂര്‍ വിനോദസഞ്ചാരകേന്ദ്രമല്ല' എന്ന് പ്രസ്ഥാവിച്ച് പരോക്ഷപരിഹാസം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാര്‍ത്തയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നൂറിലേറെ കുട്ടികള്‍ മരിക്കാനിടയായ ആശുപത്രിയിലെ വൃത്തിഹീനതയും മൗലികസൗകര്യങ്ങളുടെ അഭാവവും പ്രതിപക്ഷം ദര്‍ശിക്കുന്നതിലെ അസഹിഷ്ണുതയുമാണ് ഇതിലൂടെ വെളിവാകുന്നത്.

വാര്‍ഡ് തലം മുതല്‍ കേന്ദ്രഭരണ തലത്തില്‍ വരെ അഴിമതി നടക്കുന്ന രാജ്യമെന്ന നിലയില്‍ ഗൊരഖ്പൂര്‍ ദുരന്തത്തിനു പിറകെ പൊങ്ങിവരുന്ന അഴിമതിക്കഥകളെക്കുറിച്ച് ഊര്‍ജിത അന്വേഷണം നടത്തേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസായതുകൊണ്ട് അന്വേഷണത്തില്‍ വെള്ളമൊഴിക്കുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മണ്‍മറഞ്ഞുപോയ പരസഹസ്രം മഹാരഥന്മാര്‍ രാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം നടത്തി നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ സ്മരണകളുണര്‍ത്തി 71 -ാം സ്വാതന്ത്ര്യദിനം കടന്നുവന്നപ്പോള്‍ ഗൊരഖ്പൂര്‍ ദുരന്തത്തിന്റെ സ്മൃതികള്‍ സ്വാതന്ത്ര്യദിനപ്പുലരിയില്‍ രാജ്യത്തിന്റെ നീറ്റലായി. രാജ്യത്ത് പലരും ഇന്നും പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിലല്ലേയെന്ന ചോദ്യം കൂടി ഈ സ്വാതന്ത്ര്യദിനം നമ്മോടുണര്‍ത്തിച്ചു. നൊന്തു പ്രസവിച്ച് മക്കളെ പ്രാണനുസമംകണ്ട് പോറ്റിവളര്‍ത്തിയ മാതൃമേനികളുടെ മനസ്സില്‍ അഗാധവേദനകള്‍ സമ്മാനിച്ചാണ് ഗൊരഖ്പൂര്‍ ദുരന്തത്തിനിരയായ കുട്ടികളുടെ ചിത്രങ്ങള്‍ വിങ്ങലാവുന്നത്.

ഒരു ഭാഗത്ത്് ഓക്‌സിജനില്ലാതെ കുട്ടികള്‍ മരിച്ചുവീഴുമ്പോള്‍ മറ്റൊരുഭാഗത്ത് സമ്പത്തിന്റെ ബാഹുല്യത്തിലും വിഭവാധിക്യത്തിലും തിന്നത് ദഹിക്കാതെ കൊഴുപ്പ് എല്ലില്‍ കുത്തിയും ചിലര്‍ 'ബ്ലൂവെയ്ല്‍' കളിച്ച് ആത്മഹത്യ ചെയ്യുന്നു. സമകാലീന ഭാരതം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഭയാനകമായ കാലഘട്ടത്തിന്റെ നേര്‍ച്ചിത്രമാണിത്. ഭാരതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണിതൊക്കെ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Uttar Pradesh, Ambulance, India, Yogi Adityanath, Prime Minister, Gorakhpur, Tragedy, Oxygen, Independence Day, Children, Death, Corruption, Kafeel Khan, Government, Suffocation death in UP and after math.