Follow KVARTHA on Google news Follow Us!
ad
Posts

ഗൃഹാതുരത്വം തുളുമ്പുന്ന ഓണക്കളികള്‍ പലതരം; ഓണവിനോദങ്ങളെ പരിചയപ്പെടാം

ഓണത്തിന് നാട്ടിന്‍പുറങ്ങളില്‍ പല കളികളും നടന്നുവരാറുണ്ട്. എന്നാല്‍ ഇത്തരം കളികള്‍ പുതുതലമുറയ്ക്ക് അന്യംനിന്ന് Onam, Onam 2017, Internet, Children, Social media, Onam festival,
(www.kvartha.com 23/08/2017) ഓണത്തിന് നാട്ടിന്‍പുറങ്ങളില്‍ പല കളികളും നടന്നുവരാറുണ്ട്. എന്നാല്‍ ഇത്തരം കളികള്‍ പുതുതലമുറയ്ക്ക് അന്യംനിന്ന് പോവുകയാണ്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വ്യാപകമായതോടെ പലര്‍ക്കും കളിക്കാന്‍ തീരെ സമയം ലഭിക്കുന്നില്ല. മാറുന്ന ശീലങ്ങള്‍ക്കൊപ്പം ഓണകളികളും വിസ്മരിക്കപ്പെടുകയാണ്. ഓണക്കാലത്തെ കളികളെകുറിച്ച് പരിചയപ്പെടാം.

ആട്ടക്കളം കുത്തല്‍

പണ്ട്കാലത്തെ പ്രധാന ഓണക്കളികളിലൊന്നാണ് ആട്ടക്കളം കുത്തല്‍. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തില്‍ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിനു പുറത്ത് ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നില്‍ക്കുന്നവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി.

Onam, Onam 2017, Internet, Children, Social media, Onam festival,

 എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊടുകയോ ആളെ തൊടുകയോ ചെയ്താല്‍ അകത്ത് നിന്നയാള്‍ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാന്‍ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാല്‍ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ലാവരേയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു. ഈ കളി ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.


കൈകൊട്ടിക്കളി

സ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രധാനപ്പെട്ടകളിയാണ് കൈകൊട്ടികളി. ചില സ്ഥലങ്ങളില്‍ വട്ടക്കളി എന്നും അറിയപ്പെടുന്നു. പൊതുവെ എല്ലാ ജില്ലകളിലും ഈ കളി കണ്ടുവരുന്നു. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളില്‍ നടത്തിപ്പോന്നിരുന്ന കളി പിന്നീട് മുറ്റത്ത് പൂക്കളത്തിനു ചുറ്റുമായി കളിക്കാന്‍ തുടങ്ങി. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്.

വൃത്തത്തില്‍ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും എന്നാല്‍ വൃത്താകൃതി ശ്രീബുദ്ധന്റെ ധര്‍മ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്നും കരുതപ്പെടുന്നു. എന്നാല്‍ എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയെ വൃത്താകൃതി സൂചിപ്പിക്കുന്നതായും പറയപ്പെടുന്നു. കൂട്ടായ്മയുടെയും സാര്‍വ്വലൗകികത്തിന്റെയും ഈ നൃത്തത്തില്‍ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമാകുന്നു.


ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)

തൃശൂര്‍,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടി. തൃശൂര്‍ പട്ടണത്തില്‍കിഴക്കുമ്പാട്ടുകര ദേശക്കാരര്‍ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളില്‍ ഓണത്തപ്പനെ വരവേല്‍ക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.


ഓണത്തല്ല്

ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച 'മധുരൈ കാഞ്ചി'യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പില്‍ക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി.

തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രംമാണ്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റുവാന്‍ റഫറി (ചായികാരന്‍മാര്‍ അല്ലെങ്കില്‍ ചാതിക്കാരന്‍മാര്‍) ഉണ്ട്.

നിരന്നു നില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുന്‍പ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്‍മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് 'ചേരികുമ്പിടുക' എന്ന് പറയുന്നു.

ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് പോര്‍വിളി മുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പുവിളിയോടെ നിലം വിട്ടുയര്‍ന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലു തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്നാണ് നിയമം.

ഓണത്തല്ലുകാര്‍ക്കിടയില്‍ ഒരു വീരനായകനുണ്ട്. കാവശ്ശേരി ഗോപാലന്‍ നായര്‍. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കല്‍പോലും വീഴിക്കാതെ നാല്‍പതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടമ്പൂര്‍ അച്ചുമൂത്താനും പ്രസിദ്ധനാണ്. ഇയാള്‍ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സില്‍ കാമശ്ശേരി ഗോപാലന്‍ നായരോടാണ്. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂര്‍ സെയ്താലി, എടപ്പാള്‍ ഗോപാലന്‍, പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്.


Onam, Onam 2017, Internet, Children, Social media, Onam festival,

ഭാരക്കളി

കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാല്‍ നിയമങ്ങള്‍ക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.

തലപന്തു കളി

ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തില്‍ ക്രിക്കറ്റ്കളിപോലെ ആകയുള്ളവര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവര്‍ കൈപ്പിടിയില്‍ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോല്‍ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാല്‍ പന്ത് തട്ടിയ ആള്‍ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങള്‍ ഈ വിനോദത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Onam, Onam 2017, Internet, Children, Social media, Onam festival, Lets see many onam games.