Follow KVARTHA on Google news Follow Us!
ad

കുണ്ടറയില്‍ വീണ്ടും സൈറണ്‍ മുഴങ്ങും; തൊഴിലാളിക്ക് പ്രതീക്ഷയേകി അലിന്‍ഡ് ഫാക്ടറി ചിങ്ങം ഒന്നിന് തുറക്കുന്നു

ജില്ലയിലെ വ്യവസായ കേന്ദ്രമായിരുന്ന കുണ്ടറ അലിന്‍ഡ് ഫാക്ടറി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതീക്ഷയോടെ Kollam, Kerala, News, Pinarayi vijayan, High Court, Factory, Workers.
കൊല്ലം: (www.kvartha.com 03.08.2017) ജില്ലയിലെ വ്യവസായ കേന്ദ്രമായിരുന്ന കുണ്ടറ അലിന്‍ഡ് ഫാക്ടറി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ജീവനക്കാരും തൊഴിലാളികളും. സ്ഥപാനത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി മൊയ്തീന്‍, എം.എം.മണി എന്നിവര്‍ പങ്കെടുത്തു. നിലവില്‍ സോമാനി ഗ്രൂപ്പാണ് അലിന്‍ഡ് നടത്തുന്നത്. മാന്നാറിലും വിളപ്പില്‍ ശാലയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് തന്നെ ഇവര്‍ക്ക് വ്യവസായ സ്ഥാപനങ്ങള്‍ വേറെയുണ്ട്.

ശേഷായി ഗ്രൂപ്പാണ് 1950ല്‍ ആലുവയിലും കൊല്ലത്തിന്റെ വ്യവസായകേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന കുണ്ടറയിലും അലിന്‍ഡ് സ്റ്റീല്‍വെയര്‍ പ്ലാന്റ് എന്ന പേരില്‍ ഫാക്ടറി തുടങ്ങിയത്. കുണ്ടറ കാഞ്ഞിരകോട് പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റില്‍ തുടക്കത്തില്‍ 2000 ല്‍പ്പരം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. തദ്ദേശവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ സുവര്‍ണകാലമായിരുന്നു അന്ന്. 1980 കാലഘട്ടത്തില്‍ ഇതിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുയും തുടര്‍ന്നു അടച്ചുപൂട്ടുകയുമായിരുന്നു.

Kollam, Kerala, News, Pinarayi vijayan, High Court, Factory, Workers,  Kundara Alind units set for reopening  on Chingam .

ഇതിനെത്തുടര്‍ന്നു നഷ്ടത്തിലോടുന്ന കമ്പനികള്‍ ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്‍സോഷ്യമായ ബി.എഫ്.ആര്‍ ഏറ്റെടുത്ത് സോമാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചു. 1989 മുതല്‍ 1994 വരെ സോമാനി ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ അഞ്ഞൂറോളം ജീവനക്കാര്‍ ഇവിടെ ജോലി നോക്കുന്നുണ്ടായിരുന്നു. പ്രായപരിധി കഴിയാത്ത എന്‍പതോളം തൊഴിലാളികള്‍ ഇപ്പോള്‍ നിലവിലുണ്ട്.

ശേഷായി ഗ്രൂപ്പിന് മാന്നാറില്‍ സ്വിച്ച് ഗീയര്‍ നിര്‍മാണ പ്ലാന്റും വിളപ്പില്‍ശാലയില്‍ റിലെ യൂണിറ്റും ഹൈദ്രാബാദിലും ആസാമിലെ ഹിരാഗുട്ടിലും കുണ്ടറയിലുമായി കണ്ടക്ടര്‍ നിര്‍മാണ യൂണിറ്റുകളുമുണ്ട്. കൂടാതെ കുണ്ടറയിലെ രണ്ടാമത്തെ യൂണിറ്റായ സ്റ്റീല്‍വെയര്‍ പ്ലാന്റ് സ്റ്റീല്‍ കണ്ടക്ടറുകളും നിര്‍മിച്ചു വന്നിരുന്നു.

19 വര്‍ഷമായി ഈ യൂണിറ്റ് പൂട്ടികിടക്കയാണ്. നിലവില്‍ മാന്നാറിലെയും വിളപ്പില്‍ശാലയിലെയും ഫാക്ടറികള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കുണ്ടറയിലെ പ്ലാന്റുകള്‍ ഏറ്റെടുത്തു നടത്താന്‍ ശ്രമിച്ചെങ്കിലും മൂന്നു സംസ്ഥാനങ്ങളിലായി ഒറ്റ കമ്പനിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പനി ഏറ്റെടുക്കാന്‍ കഴിയാതെ പോവുകയായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തതാണ് ആ ഉദ്യമം പരാജയപ്പെടാന്‍ കാരണം. പിന്നീട് ശേഷായി ഗ്രൂപ്പ് അലിന്‍ഡ് കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പാട്ടക്കരാര്‍ പുതുക്കി നല്‍കണമെന്ന് ഇടതുവലത് സര്‍ക്കാരുകളോട് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇവരുടെ കൈവശമുള്ള വസ്തുവിന്റെ പകുതി മാത്രമേ പാട്ടക്കരാര്‍ പുതുക്കുന്നതിന് ഉള്‍പ്പെടുത്താന്‍ കഴിയൂവെന്ന നിലപാടിലായിരുന്നു. തങ്ങളുടെ കൈവശമുള്ള പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തിയിരുന്ന വസ്തു പുനസ്ഥാപിച്ചുതരണമെന്നുള്ള അപേക്ഷ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കാത്തതാണ് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ഏക പ്രശ്‌നം.

ഇതിനിടെ ഹൈക്കോടതിക്ക് തുല്യമായ അധികാര പരിധിയുള്ള ബി.എഫ്.ആര്‍ പാട്ടക്കരാര്‍ നിലനിര്‍ത്താന്‍ കേരളാ ഹൈക്കോടതിയെ സമീപിക്കാന്‍ ശേഷായി ഗ്രൂപ്പിന് നിര്‍ദേശം നല്‍കിയെങ്കിലും സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് ശേഷായി ഗ്രൂപ്പ് സ്വീകരിച്ചത്. സര്‍ക്കാരുമായി ഏറ്റുമുട്ടലുണ്ടായാല്‍ ഇലക്ട്രി സിറ്റി ലൈസന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്ന തിരിച്ചറിവായിരുന്നു ഇതിനുപിന്നില്‍. ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ച എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തീരുമാനത്തെ ആഹ്ലാദത്തോടെയാണു നാട്ടുകാര്‍ സ്വാഗതം ചെയ്യുന്നത്. ചെങ്ങന്നൂര്‍ എം.എല്‍.എ, അലിന്‍ഡ് മാന്നാര്‍ യൂണിയന്‍ പ്രസിഡണ്ട്് കെ.രാമചന്ദ്രന്‍നായര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സോമാനി ഗ്രൂപ്പ് പ്രതിനിധികള്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, Pinarayi vijayan, High Court, Factory, Workers,  Kundara Alind units set for reopening  on Chingam .