Follow KVARTHA on Google news Follow Us!
ad

മുസ്ലിംകളുടെ ദേശസ്നേഹത്തെ സംശയിക്കുന്നവര്‍ ചരിത്രമറിയാത്തവര്‍: കാന്തപുരം

മുസ്ലിംകളുടെ രാജ്യസ്നേഹത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ ഭാരതത്തിന്റെ ചരിത്രം പഠിക്കാത്തവരാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം Kanthapuram A.P.Aboobaker Musliyar, Kerala, Celebration, Programme, Inauguration, Muslim, Religion
കോഴിക്കോട്: (www.kvartha.com 16.08.2017) മുസ്ലിംകളുടെ രാജ്യസ്നേഹത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ ഭാരതത്തിന്റെ ചരിത്രം പഠിക്കാത്തവരാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസിന് കീഴിലെ 10 പ്രധാന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോക ചരിത്രത്തിലെ തന്നെ അതുല്യമായ സംഭവമാണ്. സായുധരായ ബ്രിട്ടീഷുകാരോട് ആത്മവിശ്വാസത്തോടെയും ദൃഢതയോടെയും പൊരുതാന്‍ ഇന്ത്യന്‍ ജനതക്ക് കഴിഞ്ഞത് വ്യത്യസ്ത മതങ്ങളും ദേശക്കാരുമെല്ലാം ഒരേ മനസോടെ ഒരുമിച്ച് നിന്നത് കൊണ്ടാണ്. കേരളത്തില്‍ മമ്പുറം തങ്ങളും ഉമര്‍ ഖാസിയും എല്ലാം മതപരമായ സ്വത്വം ഉപയോഗിച്ച് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തിയവരാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയും തുല്യഅവകാശങ്ങളും ഉറപ്പ് നല്‍കുന്ന ഭരണഘടനക്കാണ് അംബേദ്കറെയും നെഹ്രുവിനെയും പോലുള്ള രാഷ്ട്രശില്‍പികള്‍ രൂപം നല്‍കിയത്. എന്നാല്‍ ഈയിടെയായി മുസ്ലിംകളുടെ രാജ്യസ്നേഹത്തില്‍ ചിലര്‍ മനപൂര്‍വം സംശയം ജനിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കുകയാണ്. അത്തരം ആളുകളെ ഒറ്റപ്പെടുത്തുകയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയും വേണം. സ്വാതന്ത്ര്യത്തെ വികലമായി ഉപയോഗപ്പെടുത്തരുത്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭീകരവാദത്തിലേക്കോ തീവ്രവാദത്തിലേക്കോ പോകുന്നത് അംഗീകരിക്കാനാവില്ലെന്നും ബഹുസ്വരതയും മാനവിക മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടുകളാവണം ഓരോ ഭാരതീയനും സ്വീകരിക്കേണ്ടതെന്ന് കാന്തപുരം പറഞ്ഞു. സ്വതന്ത്ര്യസമര സേനാനികളായ നാരായണക്കുറുപ്പ് നല്ലളം, എസ് നാഗപ്പന്‍ നായര്‍ ബാലുശ്ശേരി എന്നിവരെ ഷാളണിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആദരിച്ചു.



വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ വര്‍ണാഭമായി അണിനിരന്നത് നവ്യാനുഭവമായി. എല്‍ കെ ജി മുതല്‍ പി ജി തലം വരെ മര്‍കസിന്റെ വിവിധ കാമ്പസുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു. പരിപാടിയില്‍ എസ് പി സി കേഡറ്റുകളുടെ പരേഡ് നടന്നു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നിര്‍വഹിച്ചു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, സി പി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു. എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, വി പി എം ഫൈസി വില്യാപള്ളി, പി സി അബ്ദുല്ല മുസ്ലിയാര്‍ സംബന്ധിച്ചു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി മര്‍കസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും അനുബന്ധ പരിപാടികളും നടന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanthapuram A.P.Aboobaker Musliyar, Kerala, Celebration, Programme, Inauguration, Muslim, Religion, Kanthapuram about Muslims.