Follow KVARTHA on Google news Follow Us!
ad

മധ്യനിര തകര്‍ന്നപ്പോള്‍ ധോണിയും ഭുവനേശ്വറും രക്ഷകരായി; ലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. 231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 131 - 7 എന്ന നിലയില്‍ തോല്‍വിയുടെ Sports, India, Srilanka, Cricket, Won, Mahendra Singh Dhoni, Bhuvneshwar, Dhoni help India beat Sri
പല്ലേക്കലെ: (www.kvartha.com 24.08.2017) ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. 231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 131 - 7 എന്ന നിലയില്‍ തോല്‍വിയുടെ വക്കിലായിരുന്നു. എട്ടാം വിക്കറ്റിലെ ധോണി (68 പന്തില്‍ 45 നോട്ടൗട്ട്) - ഭുവനേശ്വര്‍ കുമാര്‍ (80 പന്തില്‍ 53) നോട്ടൗട്ട് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.


ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. എന്നാല്‍ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് മഴയെത്തിയതോടെ വിജയലക്ഷ്യം 47 ഓവറില്‍ 231 ആയി പുനര്‍നിശ്ചയിച്ചു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ധവാനും (49), രോഹിത് ശര്‍മയും (54) ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഇന്ത്യ അനായാസ ജയത്തിലേക്ക് കുതിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ടീം സ്‌കോര്‍ 109ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായത്. രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ധവാനും, ജാദവ് (ഒന്ന്), നായകന്‍ കോഹ്ലി (നാല്), കെ രാഹുല്‍ (നാല്), ഹാര്‍ദിക് പാണ്ഡ്യ (പൂജ്യം), അക്‌സര്‍ പട്ടേല്‍ (ആറ്) എന്നിവര്‍ കൂടാരം കയറി. ഇതോടെ ഇന്ത്യ തോല്‍വിയുടെ വക്കിലെത്തി. എന്നാല്‍ എട്ടാം വിക്കറ്റിലെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കൈവിട്ടുപോകുമെന്ന് കരുതിയ ജയം ഇന്ത്യയുടെ കൈകളിലെത്തിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. 24 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ ഡിക്ക്‌വെല്ല മികച്ച തുടക്കമാണ് നല്‍കിയത്. അഞ്ചിന് 121 എന്ന നിലയിലേക്ക് തകര്‍ന്ന ആതിഥേയരെ സിരിവര്‍ധനെ - കപ്പുഗേദര സഖ്യമാണ് രക്ഷിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും 91 റണ്‍സ് ചേര്‍ത്തു. 58 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും ഉള്‍പെടെയാണ് സിരിവര്‍ധനെ 58 റണ്‍സെടുത്തത്. 61 പന്തുകള്‍ നേരിട്ട കപ്പുഗേദര രണ്ട് ഫോറുകള്‍ മാത്രമാണ് സ്‌കോര്‍ ചെയ്തത്.

10 ഓവറില്‍ 43 റണ്‍സ് വഴങ്ങി ബുംറ നാലുവിക്കറ്റുകള്‍ വീഴ്ത്തി. ചഹാല്‍ രണ്ടും പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. പര്യടനത്തിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും ടോസിലെ ഭാഗ്യം ഇന്ത്യയ്ക്കായിരുന്നു. പരമ്പരയില്‍ ഇന്ത്യ 2 - 0ന് മുന്നിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, India, Srilanka, Cricket, Won, Mahendra Singh Dhoni, Bhuvneshwar, Dhoni help India beat Sri Lanka by three wickets.