Follow KVARTHA on Google news Follow Us!
ad

ഇതാണോ യഥാര്‍ത്ഥ സെന്‍കുമാര്‍?

മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ വാചകങ്ങള്‍ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിലങ്ങനെ Kerala, Article, Writer, Police, Behra, Media, Controversy, Which Senkumar is real
എസ് എ ഗഫൂര്‍

(www.kvartha.com 09.07.2017) മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ വാചകങ്ങള്‍ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിലങ്ങനെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 30ന് അദ്ദേഹം വിരമിച്ചതുതന്നെ മാധ്യമങ്ങളോടു തുടര്‍ച്ചയായി സംസാരിക്കാനാണോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. നാല് ചാനലുകളുടെ ചോദ്യോത്തര പരിപാടികള്‍ക്കാണ് ഒറ്റ ദിവസം അദ്ദേഹം ഇരുന്നുകൊടുത്തത്.

ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്ക്, മാതൃഭൂമിയിലെ ചോദ്യം ഉത്തരം, മനോരമയിലെ നേരോ ചൊവ്വേ, ന്യൂസ് 18ലെ മുഖാമുഖം. ഇത് നാലും ഒരേ ദിവസമല്ല സംപ്രേഷണം ചെയ്തതെങ്കിലും ഒരേ ദിവസംതന്നെ പല സമയത്തായിരുന്നു അഭിമുഖം നടത്തിയത്. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും അഭിമുഖത്തിനു പുറത്തു വാര്‍ത്തയുമായി. എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ഇറച്ചിവെട്ടുകാരനോട് താരതമ്യം ചെയ്തു എന്നതായിരുന്നു ഒരു വാര്‍ത്ത. അതിനെതിരേ തച്ചങ്കരി നിയമ നടപടിയിലേക്ക് നീങ്ങുന്നുവെന്നും കേട്ടു.

Kerala, Article, Writer, Police, Behra, Media, Controversy, Which Senkumar is real.

മാത്രമല്ല, കൊട്ടാരക്കരയില്‍ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിച്ച തച്ചങ്കരി സെന്‍കുമാറിനെ കണക്കിന് കടന്നാക്രമിക്കുകയും ചെയ്തു. പോലീസിലിരുന്ന് അതിന്റെ എല്ലാ സൗഭാഗ്യങ്ങളും ആസ്വദിച്ച സെന്‍കുമാര്‍ പുറത്തുപോയ ശേഷം മോശമായി സംസാരിക്കുന്നത് മാന്യതയല്ല, തെരുവില്‍ നിന്ന് എന്തെങ്കിലും വിളിച്ചു പറയുന്നവരുടെ ഭാഷയല്ല മുന്‍ പോലീസ് മേധാവി സ്വീകരിക്കേണ്ടത് എന്നിങ്ങനെ അത് നീളുന്നു. നടിയെ അപമാനിച്ച കേസിന്റെ വാര്‍ത്താ സൂപ്പിലേക്ക് അല്‍പ്പം കുരുമുളകുപൊടിയായാണ് ഐപിഎസ് പോര് മാറിയത്.

എന്നാല്‍ അവിടെ നിന്നില്ല കാര്യങ്ങള്‍. ദി ന്യൂ ഇന്ത്യന്‍ എക്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരികയ്ക്ക് സെന്‍കുമാര്‍ നല്‍കിയ അഭിമുഖത്തോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വാരികയില്‍ കുറച്ചു പ്രസിദ്ധീകരിച്ച് ബാക്കി ഓണ്‍ലൈനില്‍ കൊടുത്ത അഭിമുഖം കത്തിപ്പിടിച്ചു. നടിയുടെ കേസില്‍ നടന്‍ ദിലീപിനെതിരേ എന്തെങ്കിലും തെളിവുള്ളതായി തനിക്ക് ഇന്‍ഫര്‍മേഷനില്ല, ആ അന്വേഷണത്തില്‍ നടക്കുന്നത് എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്, അതുകൊണ്ടുതന്നെ ചിലപ്പോള്‍ ആ കേസ് തുലഞ്ഞുപോകും തുടങ്ങിയ അഭിപ്രായങ്ങള്‍ വിവാദമായത് സ്വാഭാവികം.

മാധ്യമങ്ങളെല്ലാം അതേറ്റു പിടിച്ചു. ചാനലുകളില്‍ ചര്‍ച്ചയായി. അതോടെ സെന്‍കുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ദിലീപിനെതിരേ തെളിവുള്ളതായി അറിയില്ല എന്ന് പറഞ്ഞത് അന്നത്തെ കാര്യമാണെന്നും അല്ലാതെ ദിലീപിന് താന്‍ ക്ലീന്‍ ചിറ്റൊന്നും കൊടുത്തിട്ടില്ലെന്നും പറഞ്ഞതൊഴിച്ചാല്‍ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യവും അദ്ദേഹം നിഷേധിച്ചില്ല. മാത്രമല്ല, സന്ധ്യ തന്നോട് ഇതെന്നല്ല ഒരു കാര്യവും ബ്രീഫ് ചെയ്യാറില്ലായിരുന്നുവെന്നുകൂടി പറയുകയും ചെയ്തു.

എന്നാല്‍ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനെ വെട്ടിലാക്കുന്ന ചില കാര്യങ്ങള്‍ പറഞ്ഞു. അഭിമുഖത്തിനല്ല അനുമതി കൊടുത്തത്, റെക്കോര്‍ഡ് ചെയ്യുന്നത് അറിഞ്ഞില്ല എന്നതൊക്കെയായിരുന്നു അത്. അഭിമുഖത്തിനു തന്നെയാണ് അനുമതി ലഭിച്ചതെന്നും റെക്കോര്‍ഡ് ചെയ്യാതെ അഭിമുഖം നടക്കില്ലെന്നും ഒളിപ്പിച്ചുവച്ചല്ല മൊബൈല്‍ പരസ്യമായി മുന്നില്‍വച്ചാണ് റെക്കോര്‍ഡ് ചെയ്തതെന്നും വിശദീകരിച്ച് ലേഖകന്‍ മറുപടിയും നല്‍കി. പിറ്റേന്ന് മറ്റൊരു വാര്‍ത്ത വന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടിയുടെ കേസില്‍ നടക്കുന്ന അന്വേഷണത്തെ അഭിനന്ദിച്ച് കത്ത് നല്‍കി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ തള്ളി ബെഹ്‌റ എന്നത് അതിന്റെ തലക്കെട്ടായത് സ്വാഭാവികം. അതോടെ കാര്യങ്ങള്‍ അവസാനിച്ചു എന്ന് കരുതിയിടത്താണ് തെറ്റിയത്. വലിയ ബോംബ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

കേരളത്തിലെ മുസ്‌ലിം ജനസംഖ്യാ വര്‍ധനവിനെ പെരുപ്പിച്ചുകാട്ടിയും മുസ്‌ലിം സമുദായത്തില്‍ ജിഹാദിനെക്കുറിച്ചുള്ള ധാരണ മറ്റു മതങ്ങളോടു വിദ്വേഷമുണ്ടാക്കുന്ന വിധമാണെന്നുമടക്കം കടുത്ത പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖംകൂടി മലയാളം പുറത്തുവിട്ടു. അത് ആദ്യ അഭിമുഖത്തിന്റെ രണ്ടാം ഭാഗമായിരുന്നു. പിന്നെ സംഭവിച്ചത് എന്താണെന്ന് കേരളം കണ്ടതാണല്ലോ; കണ്ടുകൊണ്ടിരിക്കുകയുമാണ്.

സമൂഹമാധ്യമങ്ങള്‍ അതേറ്റെടുത്ത് സെന്‍കുമാറിനെ കടന്നാക്രമിച്ചു. സിപിഎം ചാനല്‍ കൈരളി പീപ്പിള്‍ അത് ചര്‍ച്ചയാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദുള്‍പ്പെടെയുള്ളവര്‍ സെന്‍കുമാറിനെതിരേ രംഗത്തുവന്നു. അദ്ദേഹം പറഞ്ഞ വിവരങ്ങളുടെ ആധികാരികതയുടെ ഉറവിടെ വെളിപ്പെടുത്തണം എന്നാണ് ലീഗ് ആവശ്യപ്പെട്ടത്.

കാര്യങ്ങളിങ്ങനെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി അറിയേണ്ടത് സെന്‍കുമാറിന്റെ പോക്ക് സംഘ്പരിവാര്‍ പാളയത്തിലേക്കാണോ എന്നു മാത്രമാണ്. അങ്ങനെ പറഞ്ഞു പറഞ്ഞ് ഉന്തിത്തള്ളി അദ്ദേഹത്തെ ആര്‍എസ്എസ് ക്യാമ്പിലെത്തിക്കരുതെന്ന് ചിലര്‍ പറഞ്ഞു. അപ്പോഴതാ വാര്‍ത്ത വരുന്നു, ആര്‍എസ്എസ് പത്രമായ ജന്മഭൂമിയുടെ പ്രതിഭാ സംഗമം പരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയാകുന്നു എന്ന് പുറത്തുവന്നിരിക്കുന്നു. ശേഷം ഭാഗങ്ങള്‍ വെള്ളിത്തിരയില്‍ എന്നേ പറയേണ്ടതുള്ളു.

കേരളത്തിന്റെ പോലീസിനെ ഒരു മാസം മുമ്പുവരെ നയിച്ച, കേരളം ആരാധനയോടെ പിന്തുണ നല്‍കിയ ടി പി സെന്‍കുമാറിന്റെ തനിനിറം ഇതാണോ എന്ന ചോദ്യം ഖേദത്തോടെ ചോദിക്കുകയാണ് കേരളം.

Keywords: Kerala, Article, Writer, Police, Behra, Media, Controversy, Which Senkumar is real.