Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ വീണ്ടും 'സ്ത്രീപക്ഷ ഗോള്‍' അടിച്ചു; കോവളം വീണ്ടും സ്ത്രീ വിവാദത്തില്‍, ഇത് കേള്‍ക്കൂ

ജനപ്രിയ സിനിമാ താരം ദിലീപിനു പിന്നാലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ എം എല്‍ എയെയും സ്ത്രീ പീഢനക്കേസില്‍ അറസ്റ്റ് ചെയ്ത പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിന്റെ LDF, Government, Pinarayi Vijayan, Kerala, Trending, Case, Accused, Arrest, Police, Dileep
തിരുവനന്തപുരം: (www.kvartha.com 22.07.2017) ജനപ്രിയ സിനിമാ താരം ദിലീപിനു പിന്നാലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ എം എല്‍ എയെയും സ്ത്രീ പീഢനക്കേസില്‍ അറസ്റ്റ് ചെയ്ത പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിന്റെ ഒന്നാം ക്വാര്‍ട്ടറില്‍ വിജയകരമായി മുന്നേറുന്നു. സ്ത്രീകളുടെ സംരക്ഷകരാണ് ഈ സര്‍ക്കാരെന്ന് വാക്കു നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായി ആ മുന്നേറ്റത്തിന് അടിവരയിടുകയും ചെയ്തു.


'സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും കര്‍ക്കശമായി നേരിടും. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗവണ്‍മെന്റാണിത്. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ട് എന്ന ബോധം സ്ത്രീകളില്‍ വളരുന്നത് ശുഭോദര്‍ക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരും.' എന്നാണ് പോസ്റ്റ്.

നടിയെ അപമാനിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനിടയില്ലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞത് യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ ആ വാദം പ്രതിപക്ഷം മാത്രം ദുര്‍ബലമായി ഉന്നയിച്ച് അവസാനിപ്പിച്ചു.

നിയമസഭാ സാമാജികനായ യുവ നേതാവിന്റെ കാര്യത്തിലും സ്ത്രീപക്ഷ നിലപാടെടുത്തുകൊണ്ട് ശക്തമായ സന്ദേശം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കോവളം നിയോജക മണ്ഡലത്തില്‍ മുമ്പ് എം എല്‍ എയും സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന നീലലോഹിത ദാസിന്റെ അനുഭവം കേരളം മറക്കാതെ സൂക്ഷിക്കുമ്പോഴാണ് അതേ മണ്ഡലത്തില്‍ നീലന്റെ ഭാര്യ ജമീലാ പ്രകാശത്തെ തോല്‍പ്പിച്ച എം വിന്‍സന്റ് സ്ത്രീപീഡന പരാതിയില്‍ കുടുങ്ങുന്നത്. ഇ കെ നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന നീലന്‍ നളിനി നെറ്റോ ഐ എ എസിനോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി. നളിനിയുടെ പരാതി ലഭിച്ചയുടന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നീലന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. പിന്നീട് അദ്ദേഹം നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ തെരഞ്ഞെടുക്കപ്പെട്ടില്ല.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമീലാ പ്രകാശം കോവളത്തു നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷം നിയമസഭയില്‍ ശ്രമിക്കുന്നതിനിടെ ജമീലയോട് കോണ്‍ഗ്രസ് എം എല്‍ എ കെ ശിവദാസന്‍ നായര്‍ മോശമായി പെരുമാറിയെന്ന ആരോപണവും ജമീല ശിവദാസന്‍ നായരുടെ കൈയില്‍ കടിച്ചതും കേരളം ലൈവായി കണ്ടതാണ്. കോവളം ഒരിക്കല്‍ക്കൂടി ശ്രദ്ധാ കേന്ദ്രമാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തല ഉയര്‍ത്തി നില്‍ക്കുകയും പ്രതിപക്ഷം തല താഴ്ത്തി നില്‍ക്കുകയുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: LDF, Government, Pinarayi Vijayan, Kerala, Trending, Case, Accused, Arrest, Police, Dileep.