Follow KVARTHA on Google news Follow Us!
ad

ഇരയെ വേട്ടയാടുന്നവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങള്‍

കോവളം എംഎല്‍എ എം വിന്‍സെന്റ് സ്ത്രീപീഡനം നടത്തിയോ ഇല്ലയോ എന്നതില്‍ ഇനിയിപ്പോള്‍Court, Molestation, News, Crime, Jail, Remanded, UDF, Oommen Chandy, Arrest, Article,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 26.07.2017) കോവളം എംഎല്‍എ എം വിന്‍സെന്റ് സ്ത്രീപീഡനം നടത്തിയോ ഇല്ലയോ എന്നതില്‍ ഇനിയിപ്പോള്‍ കോടതിയാണ് അന്തിമ വിധി പറയേണ്ടത്. സംഗതി കേസായി, അറസ്റ്റിലും റിമാന്‍ഡിലുമായി. ലൈംഗികാപവാദത്തില്‍പ്പെട്ട് ജയിലിലാകുന്ന കേരളത്തിലെ ആദ്യ എംഎല്‍എ. ഇതിനു മുമ്പ് അപവാദങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ വരെ എത്തിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകയോട് ഫോണില്‍ ലൈംഗികമായി പരിധി വിട്ടു സംസാരിച്ച മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ അറസ്റ്റു ചെയ്തില്ല എന്നത് സമീപകാല സംഭവം. പക്ഷേ, അദ്ദേഹത്തിന് മന്ത്രിക്കസേര നഷ്ടപ്പെട്ടു. എങ്കിലും ഇപ്പോഴും എംഎല്‍എയാണ്.

എന്നാല്‍ വിന്‍സെന്റിന്റെ എംഎല്‍എ സ്ഥാനവും തെറിപ്പിച്ചേ അടങ്ങുകയുള്ളു എന്ന് തീരുമാനിച്ചാണ് ഭരണപക്ഷത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം ആ ആവശ്യം ഉന്നയിച്ച് ഇടതുമുന്നണി തിരുവനന്തപുരം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തി. വിന്‍സന്റിനെ ജയില്‍ മോചിതനാക്കുംവരെ എന്ന പ്രഖ്യാപനത്തോടെ സെക്രട്ടേറിയറ്റു പടിക്കല്‍ കോണ്‍ഗ്രസുകാര്‍ ധര്‍ണ നടത്തുന്നുമുണ്ട്. യുഡിഎഫ് ഏകോപന സമിതി യോഗവും വിന്‍സന്റിന് പിന്തുണ പ്രഖ്യാപിച്ചു. ഇതുവരെ നിശ്ശബ്ദനായിരുന്ന ഉമ്മന്‍ ചാണ്ടിയും വിന്‍സന്റ് നിഷ്‌കളങ്കനാണെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, വിന്‍സന്റിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം കെപിസിസി യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. വിന്‍സന്റിനെ രാഷ്ട്രീയപ്രേരിതമായി കുടുക്കിയതാണെന്നും അതുകൊണ്ടുതന്നെ വിന്‍സന്റിനെ കൈവിടില്ല എന്നുമാണ് കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്.


കാര്യങ്ങള്‍ അത്രത്തോളം വലിയ കുഴപ്പമില്ല. മനസിലാക്കാവുന്നതേയുള്ളു. നേതാക്കള്‍ ആരോപണങ്ങളില്‍പ്പെട്ടാല്‍ മറ്റു നേതാക്കളും അണികളും അത് സമ്മതിക്കാന്‍ മടിക്കുന്നതും വാദിയെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതും ഇതാദ്യമല്ല. എന്നാല്‍ അതും കടന്ന് വാദിയായ, ഇരയായ സ്ത്രീയെ കടന്നാക്രമിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. അവരുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസുകാരുടെ ധര്‍ണ, ചീമുട്ടയേറ്, ചീത്തവിളി. ഇതു നല്ലതാണോ എന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസനും പറയണം.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെയാണ് ഇത്തരം കലാപരിപാടികളെങ്കില്‍ ഇനി ആവര്‍ത്തിക്കരുതെന്നും ആ സ്ത്രീക്ക് പേടിക്കാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കണമെന്നും നിര്‍ദേശിക്കണം. അങ്ങനെയല്ല സ്ഥിതി. ഇപ്പോഴും അവിടെ നിലനില്‍ക്കുന്നത് ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷമാണ്. അതിന്റെ അടുത്ത ഘട്ടമായി സംഭവിക്കാന്‍ പോകുന്നത് ഇരയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അക്രമികളെ കൈകാര്യം ചെയ്യുക എന്നതായേക്കും. അതോടെ ചീമുട്ടയെറിഞ്ഞവരും ചീത്തവിളിച്ചവരുമൊക്കെ പ്രതികളായി വേറെ കേസോ കേസുകളോ ഉണ്ടാകും. നിരവധി സ്ത്രീകളുള്‍പ്പെടെ പ്രതികളായേക്കും.
അവരിലുമുണ്ട് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എംഎല്‍എയ്ക്കു വേണ്ടി പരാതിക്കാരിയുടെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ പാവപ്പെട്ട വീട്ടമ്മമാര്‍. നേതാക്കള്‍ ദന്ത ഗോപുരങ്ങളിലിരുന്ന് കല്‍പ്പനകള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. നടപ്പാക്കുന്നത് അണികള്‍. ഏതു പാര്‍ട്ടിയിലെയും സാധാരണ അണികള്‍ കനത്ത ബാങ്ക് ബാലന്‍സിന്റെയോ അധികാരത്തിലെ സ്വാധീനത്തിന്റെയോ സുരക്ഷിതത്വമുള്ളവരല്ല. ഇരയും വേട്ടക്കാരുമായി അവര്‍ തമ്മില്‍ കോര്‍ക്കുമ്പോള്‍ നേതാക്കള്‍ പരസ്പരം വിശാല സൗഹാര്‍ദത്തിന്റെ ഓണമുണ്ണാന്‍ കൈ കഴുകും. ഈ തീക്കളി അവസാനിപ്പിക്കുകയാണ് വേണ്ടത്.

എം വിന്‍സന്റ് എംഎല്‍എ നിരപരാധിയാണെന്ന് തെളിയിക്കാന്‍ നിയമപരമായി പൊരുതുക, പ്രതിപക്ഷ എംഎല്‍എയെ സ്ത്രീപീഡനക്കേസില്‍ കുരുക്കിയതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ അതിനെ രാഷ്ട്രീയമായി ചെറുക്കുക. രണ്ടും സമാന്തരമായി നടക്കട്ടെ. ഇരയെ വെറുതേ വിടുക. അണികളെ ഓരോന്നു പറഞ്ഞ് എരിവു കയറ്റി നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്. പരാതിക്കാരിയായ സ്ത്രീക്കും ചോദിക്കാനും പറയാനുമൊക്കെ ആളുകളുണ്ടാകാതിരിക്കില്ല. അവരും സംഘടിച്ചേക്കാം. അതുണ്ടാക്കുന്നത് കൂടുതല്‍ വലിയ സംഘര്‍ഷവും ആളുകള്‍ തമ്മിലുള്ള അകല്‍ച്ചയുമായിരിക്കും. അടുപ്പിക്കാന്‍ ശ്രമിക്കേണ്ട നേതാക്കള്‍ അടിപ്പിക്കാന്‍ കാരണക്കാരാകരുത്.

Also Read:
റബീഉല്ലയെ കാസര്‍കോട്ടെ സംഘം അന്വേഷിച്ചു ചെന്നത് നിക്ഷേപമായി നല്‍കിയ 6.80 കോടി രൂപ ആവശ്യപ്പെടാന്‍; മലപ്പുറത്തേക്ക് തിരിച്ചത് റബീഉല്ല ഫേസ്ബുക്ക് ലൈവില്‍ വന്നതിനു പിന്നാലെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress should stop hunting victim, Court, Molestation, News, Crime, Jail, Remanded, UDF, Oommen Chandy, Arrest, Article.