Follow KVARTHA on Google news Follow Us!
ad

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ റിമാന്‍ഡ് കാലാവധി ആഗസ്ത് 8 വരെ നീട്ടി; പരാതിയില്ലെന്ന് താരം

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയAluva, News, Remanded, Court, Judge, Cinema, Entertainment, Kerala, Trending,
ആലുവ: (www.kvartha.com 25.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അടുത്ത മാസം എട്ടുവരെ നീട്ടി. കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു നടപടികള്‍. ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം ഇല്ലാത്തതിനാല്‍ സ്‌കൈപ്പ് വഴിയാണ് കോടതി നടപടികള്‍ നടന്നത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന് ജഡ് ജിയുടെ ചോദ്യത്തിന് ഇല്ല എന്ന് ദിലീപ് മറുപടി നല്‍കി.

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതോടെ താരത്തെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍, സുരക്ഷ മുന്‍നിറുത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസം പോലീസ് മജിസട്രേട്ടിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിംഗിന് അനുമതി നല്‍കിയത്.

Actor Dileep's remand extended till August 8, Aluva, News, Remanded, Court, Judge, Cinema, Entertainment, Kerala, Trending

കസ്റ്റഡിയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ നിന്നു പലതവണ ദിലീപിനെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെ ഹാജരാക്കുന്നതറിഞ്ഞു ജനങ്ങള്‍ കോടതിയിലും വഴിയിലും തടിച്ചുകൂടിയിരുന്നു. കൂവലും മുദ്രാവാക്യം വിളികളുമുണ്ടായി. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നം വര്‍ധിക്കുമെന്നാണു പൊലീസിന്റെ വാദം. ഇതേത്തുടര്‍ന്നാണു കോടതി വിഡിയോ കോ!ണ്‍ഫറന്‍സിങ്ങിന് അനുമതി നല്‍കിയത്.

അതിനിടെ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും കേസില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതിന്റേയും അടിസ്ഥാനത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് കഴിഞ്ഞദിവസം ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

ദിലീപിനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന പ്രതിഭാഗം ആരോപണം നിരാകരിച്ച്, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിഗമനത്തിലെത്താന്‍ കോടതിക്കു ബലമേകിയത് അന്വേഷണ രേഖകളാണ്.

രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേസ് ഡയറിയും കൈമാറിയിരുന്നു. ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) അറിയുകയേ ഇല്ലെന്നു ദിലീപ് പറയുന്നിടത്തുനിന്നാണ് അന്വേഷണം മുന്നേറുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും നേരിട്ടും അല്ലാതെയുമുള്ള സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹര്‍ജിക്കാരന് എതിരാണെന്നും ഡിജിപി വാദിച്ചു. കുറ്റകൃത്യം നടക്കും മുന്‍പുള്ള വസ്തുതകളും കൃത്യം നടത്തിയ ശേഷം പ്രതിയുടെ പെരുമാറ്റവും - രണ്ടു തരത്തിലുള്ള തെളിവുകളാണു ശേഖരിച്ചതെന്നു ഡിജിപി വിശദീകരിച്ചു.

കേസില്‍ ദിലീപിനു പങ്കുണ്ടെന്ന പ്രാഥമിക നിഗമനത്തിനു കോടതി ആധാരമാക്കുന്ന വസ്തുതകള്‍ ഇവയാണ്. കൊച്ചിയിലെ ഹോട്ടലില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ദിലീപ് സുനില്‍കുമാറിനെ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കൃത്യം നടത്താന്‍ നിര്‍ദേശിച്ചു വന്‍തുക വാഗ്ദാനം ചെയ്തതു ഹോട്ടല്‍ മുറിയില്‍ വച്ചാണെന്നു പറയുന്നു. ദിലീപിന്റെ പേരില്‍ മുറി ബുക്ക് ചെയ്തതിനു ഹോട്ടല്‍ രേഖകളും അഞ്ചിടങ്ങളില്‍ പ്രതികള്‍ ഒന്നിച്ചെത്തിയതിനു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവുകളും കോള്‍ വിവരങ്ങളും മൊഴികളും പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചു സുനില്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം തെളിവുകളും ശേഖരിച്ചു.

സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രില്‍ 20നു ദിലീപ് പരാതി നല്‍കിയതു തന്റെ പേരു സുനില്‍ വെളിപ്പെടുത്തുന്നതു മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നുവെന്ന് അന്വേഷണ സംഘം കരുതുന്നു. സുനില്‍കുമാര്‍ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതോ അല്ലെന്നാണു വിലയിരുത്തല്‍.

ഗുഢാലോചനയെക്കുറിച്ചു സുനില്‍കുമാര്‍ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലില്‍ ഒളിച്ചുകടത്തിയ മൊബൈല്‍ വഴി സുനില്‍കുമാര്‍ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിന്‍ ബോക്‌സ് ലൈന്‍ വഴിയും വിളിച്ചതായി രേഖകളുണ്ട്. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലര്‍ വഴി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതായി രേഖകളില്‍ കാണാം. സുനില്‍കുമാര്‍ ജയിലില്‍ നിന്നു കത്തയച്ചതായും കാണുന്നു.

കുറ്റകൃത്യം നടത്തിയ ഉടന്‍ സുനില്‍ കൂട്ടുപ്രതികള്‍ക്കൊപ്പം മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ദിലീപിന്റെ കൂട്ടാളികള്‍ക്കു കൈമാറാന്‍ ശ്രമിച്ചതായും രേഖകളിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന 19 സാഹചര്യങ്ങളും പ്രതിയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പകപോക്കാന്‍ ലൈംഗികാതിക്രമ ക്വട്ടേഷന്‍ നല്‍കിയതു ക്രിമിനല്‍ നിയമചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.


Also Read:
മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Dileep's remand extended till August 8, Aluva, News, Remanded, Court, Judge, Cinema, Entertainment, Kerala, Trending.