Follow KVARTHA on Google news Follow Us!
ad

സെന്‍കുമാര്‍ വിരമിച്ചാലും ഈ ചോദ്യങ്ങള്‍ അവശേഷിക്കും

സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ ഐപിഎസ് വിരമിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേയുള്ളു. ജൂണ്‍ 30ന് അദ്ദേഹം പൊലീസ് ആസ്ഥാനത്തോKerala, News, Police, Wrong decisions and it's impacts, Senkumar, Jacob Thomas,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 20.06.2017) സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ ഐപിഎസ് വിരമിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേയുള്ളു. ജൂണ്‍ 30ന് അദ്ദേഹം പൊലീസ് ആസ്ഥാനത്തോടും കേരളാ പോലീസിലെ പദവികളോടും വിട പറയും. സിബി മാത്യൂസിനും വിന്‍സന്‍ എം പോളിനും ജേക്കബ് പുന്നൂസിനും യുഡിഎഫ് സര്‍ക്കാര്‍ കൊടുത്തതുപോലെയും അലക്സാണ്ടര്‍ ജേക്കബിനും രമണ്‍ ശ്രീവാസ്തവയ്ക്കും ഇടതുമുന്നണി സര്‍ക്കാര്‍ കൊടുത്തതുപോലെയും സര്‍വീസാനന്തര പദവികളെന്തെങ്കിലും തല്‍ക്കാലം അദ്ദേഹത്തെ കാത്തിരിക്കുന്നതായി സൂചനയില്ല.

സിബി മാത്യൂസ് വിരമിച്ച ശേഷം മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്നു വിന്‍സന്‍ പോള്‍ ഇപ്പോള്‍ ആ പദവിയിലാണ്. തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസിന്റെ പൂര്‍ണ്ണ ചുമതലയുള്ള ഡയറക്ടര്‍ ജനറലായിരുന്നു വിരമിച്ച ശേഷം ജേക്കബ് പുന്നൂസ്. അലക്സാണ്ടര്‍ ജേക്കബ് ഇപ്പോള്‍ പൊലീസ് പൊലീസ് സര്‍വകലാശാലയുടെ സ്പെഷല്‍ ഓഫീസറാണ്. രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേശകനാക്കിയത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സെന്‍കുമാര്‍ എന്ന പൊലീസ് ഓഫീസര്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയൊരു താര പരിവേഷം നേടിയിരിക്കുന്നു. മാന്‍ ഓഫ് ദ ഇയര്‍, അല്ലെങ്കില്‍ ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് ഏറ്റവും യോഗ്യന്‍. അതിനു മുമ്പും അദ്ദേഹം ഇവിടെയുണ്ടായിരുന്നു, പലപ്പോഴും കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുമുണ്ട്. പക്ഷേ, പൊലീസ് മേധാവിയുടെ പദവിയില്‍ നിന്ന് തന്നെ കാരണമില്ലാതെ മാറ്റിയ ഇടതുമുന്നണി സര്‍ക്കാരിനെതിരേ നടത്തിയ നിയമ പോരാട്ടവും അതിലെ വിജയവുമാണ് സെന്‍കുമാറിനെ താരമാക്കിയത്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയ ഹര്‍ജിയില്‍ സുപ്രീംകോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനേ. സര്‍ക്കാര്‍ വച്ചുനീട്ടുന്ന ഏതെങ്കിലും തസ്തികയില്‍ ഗതികെട്ട് തുടരുകയും അവിടെ നിന്ന് വിരമിക്കുകയുമോ അല്ലെങ്കില്‍ വി ആര്‍എസ് എടുക്കുകയോ ചെയ്യേണ്ടി വരുമായിരുന്നു. സര്‍ക്കാരിന് സ്വന്തം നടപടി സാധൂകരിക്കപ്പെട്ടതിന്റെ ആത്മവിശ്വാസമോ അഹങ്കാരമോ വര്‍ധിക്കുകയും അത്തരം നടപടികള്‍ക്ക് എക്കാലത്തെയും സര്‍ക്കാരുകള്‍ക്ക് ധൈര്യം ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ സെന്‍കുമാര്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന നിയമപോരാട്ടവും വിധിയും രാജ്യത്തെത്തന്നെ നിയമ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അധ്യായമായി മാറി. അതിനു ശേഷവും അദ്ദേഹത്തെ നിയമിക്കാതിരിക്കാന്‍ രണ്ടാഴ്ചയോളം ശ്രമിക്കുകയും 'വ്യക്തത' വരുത്തുന്നതിന് സുപ്രീംകോടതിയെ സമീപിച്ച് നാണംകെടുകയും ചീഫ് സെക്രട്ടറി കോടതിയലക്ഷ്യത്തിന് മാപ്പപേക്ഷിക്കേണ്ടി വരികയും സര്‍ക്കാര്‍ 25,000 രൂപ പിഴയടയ്ക്കേണ്ടി വരികയും ചെയ്തു. അതിനൊടുവിലാണ് മെയ് 9ന് സെന്‍കുമാറിനെ വീണ്ടും പൊലീസ് മേധാവിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്.

എന്നാല്‍ അന്നു മുതല്‍ ഒരു ദിവസം പോലും സംസ്ഥാന പൊലീസ് മേധാവിക്ക് സര്‍ക്കാര്‍ സ്വസ്ഥത കൊടുത്തില്ല. അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷണങ്ങളും നേരിടുന്ന ടോമിന്‍ ജെ തച്ചങ്കരി എന്ന എഡിജിപിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതുതന്നെ സെന്‍കുമാറുമായി നിരന്തരം ഏറ്റുമുട്ടി പൊലീസ് മേധാവിക്ക് സമാധാനമായി പൊലീസ് കാര്യങ്ങള്‍ നോക്കാനുള്ള അവസരം നഷ്ടപ്പെടുത്താനായിരുന്നു. തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എന്ന് ഹൈക്കോടതി തന്നെ ചോദിക്കുന്ന സ്ഥിതിയുണ്ടായി. പൊലീസ് ആസ്ഥാനത്തെ സുപ്രധാന സെക്ഷനുകളിലെ ഫയലുകള്‍ ഡിജിപിക്ക് നല്‍കാത്ത സ്ഥിതി വരെയുണ്ടായെന്നാണ് പുറത്തുവന്നത്. ജൂണിയര്‍ സൂപ്രണ്ടുമാരുടെ സെക്ഷന്‍ മാറ്റത്തിനു പോലും ഡിജിപിക്ക് അധികാരമില്ലെന്നു വരുത്തി. അദ്ദേഹം മാറ്റിയവരെ സര്‍ക്കാര്‍ തിരിച്ചുമാറ്റി. ഒടുവില്‍ ഡിജിപിയുടെ ഗണ്‍മാനെയും മാറ്റിയിരിക്കുന്നു.

ജേക്കബ് തോമസും സിബി മാത്യൂസും ചെയ്തതുപോലെ സര്‍വീസ് സ്റ്റോറി എഴുതുകയും അതില്‍ പലതും തുറന്നു പറയുകയും ചെയ്യുമായിരിക്കും, സെന്‍കുമാറും. അത് പിന്നത്തെ കാര്യം. പക്ഷേ, സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെന്ന വിശ്വാസ്യത നേടിയ സെന്‍കുമാറിനെ തട്ടിക്കളിക്കുകവഴി ഇടതുമുന്നണി സര്‍ക്കാര്‍ എന്താണ് നേടിയത് എന്ന ചോദ്യം ഇനിയും അതിശക്തമായി കേരളം കേള്‍ക്കാന്‍ പോകുന്നതേയുള്ളു. പ്രത്യേകിച്ചും പൊലീസിന്റെ മോശം ചെയ്തികളുടെ പേരില്‍ വീണ്ടും വീണ്ടും സര്‍ക്കാര്‍ നാണംകെടുകയും പ്രതിരോധത്തിലാകുകയും ചെയ്യുമ്പോള്‍ ആ ചോദ്യം വലിയൊരു ചോദ്യം തന്നെയാണ്. ഡിജിപിക്ക് പിന്തുണയും ആത്മവിശ്വാസവും നല്‍കി കൂടെ നിര്‍ത്തിയിരുന്നെങ്കില്‍ വര്‍ഷം ഒന്ന് കഴിഞ്ഞപ്പോഴേ ഈ സര്‍ക്കാര്‍ ഇത്രമേല്‍ അണ്‍ പോപ്പുലറാകുമായിരുന്നോ?

 Kerala, News, Police, Wrong decisions and it's impacts, Senkumar, Jacob Thomas, Article, Police officer.

Keywords: Kerala, News, Police, Wrong decisions and it's impacts, Senkumar, Jacob Thomas, Article, Police officer.