Follow KVARTHA on Google news Follow Us!
ad

പടക്കം പൊട്ടിച്ചെന്ന പരാതി കിട്ടിയ ഉടന്‍ പോലീസ് കേസെടുത്തു, പക്ഷെ പടക്കം പാകിസ്ഥാന് വേണ്ടിയായിരുന്നില്ല; കേസെടുത്ത 23 പേരില്‍ ഒരാളുള്ളത് ഗള്‍ഫില്‍, ഗള്‍ഫിലുള്ള യുവാവ് നാട്ടില്‍ പടക്കം പൊട്ടിച്ചെന്നാവര്‍ത്തിച്ച് ബി ജെ പി നേതാവ്, കാസര്‍കോട്ടേത് ബി ജെ പി യുടെ നനഞ്ഞ പടക്കമോ?

ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാൻ വിജയിച്ചപ്പോൾ 23 യുവാക്കൾ പടക്കം On Tuesday, two days after Pakistan defeated India in the Champions League final, residents of Kumbadaje
തിരുവനന്തപുരം: (www.kvartha.com 24.06.2017) ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ 23 യുവാക്കള്‍ പടക്കം പൊട്ടിച്ചെന്നാരോപിച്ച് ബി ജെ പി നേതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് സൂചന. പടക്കം പൊട്ടിച്ചത് പാകിസ്ഥാന്‍ വിജയിച്ചതിലുള്ള സന്തോഷം കൊണ്ടാണെന്ന് കണ്ടുപിടിക്കാന്‍ പോലീസിന് കഴിയാത്തതും പരാതിയില്‍ പറയുന്ന 23 പേരില്‍ ഒരാള്‍ ഗള്‍ഫിലാണുള്ളതെന്നതും കേസിന്റെ ബലം കുറക്കുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച നടന്ന ഇന്ത്യ - പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചതില്‍ ഒരു കൂട്ടം യുവാക്കള്‍ പടക്കം പൊട്ടിക്കുകയും പാകിസ്താന് ജയ് വിളിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ബി ജെ പി നേതാവ് രാജേഷ് ഷെട്ടിയാണ് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയത്. കുമ്പഡാജെ സ്വദേശികളായ റസാഖ് ചക്കുടല്‍, മഷ്ഹൂദ്, സിറാജ് എന്നിവരടക്കം 23 പേര്‍ക്കെതിരെയാണ് രാജ്യ ദ്രോഹം കുറ്റമെന്ന പേരില്‍ പരാതി കൊടുത്തത്.


രാജേഷിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തിട്ടിട്ടുണ്ടെന്ന് പറഞ്ഞ ബദിയഡുക്ക എസ് ഐ അമ്പാടി പടക്കം പൊട്ടിച്ചിട്ടുണ്ടെങ്കിലും അത് പാകിസ്ഥാന്‍ വിജയിച്ചതിനാണോ എന്ന് വ്യക്തമല്ലെന്ന് പറഞ്ഞു. ഇവര്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയെയും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യുവാക്കള്‍ ആഘോഷിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഷെട്ടി പറയുന്നു. താന്‍ വീട്ടിലേക്ക് പോകുമ്പോള്‍ കുറെ യുവാക്കള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ക്രിക്കറ്റ് കാണാറില്ലാത്ത തനിക്ക് അതിന്റെ കാരണം മനസിലായില്ല. വീട്ടിലെത്തിയപ്പോഴാണ് അവര്‍ പാകിസ്ഥാന് ജയ് വിളിച്ചതാണെന്ന് മനസിലായതെന്നും ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കാര്യം ഓര്‍മ വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവമെന്നറിയില്ലായിരുന്നു. അത് കൊണ്ടാണ് പരാതി നല്‍കാന്‍ തിങ്കളാഴ്ച വരെ കാത്തിരുന്നതെന്നും ഷെട്ടി വ്യക്തമാക്കി.

തന്റെ പരിധിയില്‍ നിന്ന് കൊണ്ട് അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫാത്വിമത്ത് സുഹറ പറഞ്ഞു. പടക്കം പൊട്ടിച്ചത് പെരുന്നാളിന് മുമ്പുള്ള ആഘോഷമായിട്ടാണ്. അത്തരത്തില്‍ യുവാക്കള്‍ ഇടയ്ക്ക് പടക്കം പൊട്ടിക്കാറുണ്ട്. ബി ജെ പി വെറുതെ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും അവര്‍ പറഞ്ഞു. ബി ജെ പി നല്‍കിയ പരാതിയില്‍ പറയുന്ന റസാഖ് ചക്കുടല്‍ ഗള്‍ഫിലാണ്. പിന്നെങ്ങനെ അദ്ദേഹം ഇതില്‍ പങ്കാളിയാകും, സുഹറ ചോദിക്കുന്നു.


പക്ഷെ റസാഖിനെ സംഭവ സ്ഥലത്ത് കണ്ടിട്ടുണ്ടെന്നും അയാള്‍ നാട്ടില്‍ തന്നെയുണ്ടെന്നും ഷെട്ടി ആവര്‍ത്തിച്ച് പറയുന്നു. റസാഖ് ഗള്‍ഫില്‍ പോയിട്ടില്ലെന്നുള്ള ഉറപ്പുള്ളത് കൊണ്ടാണ് പരാതിയില്‍ അദ്ദേഹത്തിന്റെ പേരും എഴുതിയതെന്നും ഷെട്ടി വിശദമാക്കി. സംഭവ ദിവസം റസാഖ് നാട്ടിലുണ്ടായിരുന്നില്ലെന്ന കാര്യം വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് അധികാരി പറഞ്ഞു.

പരാതിയില്‍ പരാമര്‍ശിച്ച ചെറുപ്പക്കാരെല്ലാം 20 ന് അടുത്ത് പ്രായമുള്ളവരും കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നവരുമാണ്. അവരുടെ പേരില്‍ കേസെടുക്കുന്നതിന് മുമ്പ് പോലീസ് വിശദമായ അന്വേഷണവും കൗണ്‍സിലിംഗും നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചതായി സുഹറ പറഞ്ഞു. 12,545 ജനങ്ങളാണ് കുമ്പഡാജെ പഞ്ചായത്തിലുള്ളത്. ഇതില്‍ കൂടുതലും ഹിന്ദുക്കളും മുസ്ലിംകളുമാണ്. കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ചേര്‍ന്നുള്ള യു ഡി എഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു ഡി എഫ് ഏഴും ബി ജെ പി ആറും സീറ്റുകളാണ് നേടിയിരിക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഫാത്വിമത്ത് സുഹറയാണ് പഞ്ചായത്ത് പ്രസിഡന്റ്.


നേരത്തെ പാകിസ്താന്റെ വിജയമാഘോഷിച്ച കര്‍ണാടകയിലെയും മധ്യപ്രദേശിലെയും 19 ആളുകളെ ഉടന്‍ തന്നെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഡയറക്ടര്‍ അസ്മിത ബസു ആവശ്യപ്പെട്ടിരുന്നു. ഇനി അവര്‍ പാകിസ്ഥാനെ പിന്തുണച്ചാല്‍ പോലും അത് രാജ്യ ദ്രോഹമല്ലെന്നും സ്‌പോര്‍ട്‌സില്‍ ഒരു ടീമിനെ പിന്തുണക്കുന്നത് കുറ്റമല്ലെന്നും അവര്‍ പറഞ്ഞു. എതിര്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചതിന് കേസെടുക്കുന്നത് അവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നതിന് തുല്യമാണെന്ന് അസ്മിത കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പനുസരിച്ച് രാജ്യദ്രോഹമെന്തെന്നാല്‍ രാജ്യത്തെ അപമാനിക്കുകയോ അല്ലെങ്കില്‍ വൈരാഗ്യമുളവാക്കുന്ന ഏതെങ്കിലും പ്രവൃത്തിയോ അല്ലെങ്കില്‍ ശ്രമമോ ആണ്. കൂടാതെ, അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താല്‍ മാത്രമേ രാജ്യദ്രോഹ കുറ്റമാകുകയുള്ളു എന്ന് സുപ്രീംകോടതി മുമ്പ് നല്‍കിയ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Also Read: പാക്കിസ്ഥാന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചതിന് 20 പേര്‍ക്കെതിരെ കേസെടുത്തു

Summary: On Tuesday, two days after Pakistan defeated India in the Champions League final, residents of Kumbadaje, a sleepy village in Kerala’s Kasargod district woke up to the news that the police had filed cases against 23 young men for allegedly celebrating Pakistan’s win.