Follow KVARTHA on Google news Follow Us!
ad

കേരള സഹകരണ ബാങ്ക് റിപോര്‍ട്ടിന് അംഗീകാരം

സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ കോ- ഓപറേറ്റീവ് ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോ- ഓപറേറ്റീവ് ബാങ്ക് രൂപീകരിക്കുന്നതിനുള്ള Thiruvananthapuram, Kerala, Government, Cabinet, Minister, Bank, Business
തിരുവനന്തപുരം: (www.kvartha.com 28.06.2017) സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ കോ- ഓപറേറ്റീവ് ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോ- ഓപറേറ്റീവ് ബാങ്ക് രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന പ്രൊ. എം എസ് ശ്രീരാം കമ്മിറ്റി റിപോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഏപ്രില്‍ 28 -നാണ് കമ്മിറ്റി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്.


റിപോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ് എന്നിവയുടെ അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ ഉടനെ ആരംഭിക്കും. ശുപാര്‍ശകള്‍ക്ക് പ്രായോഗിക രൂപം നല്‍കുന്നതിന് നബാര്‍ഡിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ വി ആര്‍ രവീന്ദ്രനാഥ് ചെയര്‍മാനായി കര്‍മസമിതി രൂപീകരിച്ചിട്ടുണ്ട്. കേരള സഹകരണ ബാങ്ക് നിലവില്‍ വരുമ്പോള്‍ ജില്ലാസഹകരണ ബാങ്കുകള്‍ ഇല്ലാതാകും. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന രണ്ട് തട്ട് മാത്രമേ ഉണ്ടാകു.

സഹകരണ മേഖലയിലെ മിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കേരള ബാങ്ക് രൂപീകൃതമായാല്‍ കഴിയും. അതോടെ വായ്പാ-നിക്ഷേപ അനുപാതം ഉയരുകയും വായ്പാ പലിശ നിരക്ക് കുറയുകയും ചെയ്യും.

എസ് ബി ടി, എസ് ബി ഐയില്‍ ലയിച്ചതോടെ കേരളത്തിന് തദ്ദേശീയമായ ബാങ്കില്ലാതായി. ഈ കുറവ് പരിഹരിക്കാന്‍ കേരള കോ- ഓപറേറ്റീവ് ബാങ്കിന് കഴിയും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും കേരള ബാങ്ക് പങ്കാളിയാകും. വലിപ്പവും മൂലധനശേഷിയും വര്‍ധിക്കുമ്പോള്‍ ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് അവരുടെ സംഘടകളുമായി ചര്‍ച്ച നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. സഹകരണമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിന് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ റഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് പഞ്ചാബിലും സഹകരണ ബാങ്കുകളുടെ സംയോജനത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, യു പി സര്‍ക്കാരുകള്‍ കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് അറിയാന്‍ സംസ്ഥാന സഹകരണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ നിയമ ഭേദഗതി
ഡോ. രാജന്‍ ഗുരുക്കള്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് (2007) ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഈ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കും.

ഭേദഗതിയനുസരിച്ച്, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴില്‍ ഇനി ഉപദേശക കൗണ്‍സിലുകള്‍ക്ക് പകരം ഉപദേശക ബോഡികള്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ മാനവ വിഭവ വികസന മന്ത്രാലയത്തിന് കീഴിലുള്ള ഉച്ഛതര്‍ ശിക്ഷാ അഭിയാന്റെ (റൂസ) മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

എല്‍ ഡി എഫ് സര്‍ക്കാര്‍ 2007 -ല്‍ കൊണ്ടുവന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം ദേശീയ തലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നിയമം ലംഘിച്ചുകൊണ്ട് മുന്നോട്ടുപോയതാണ് നിയമ ഭേദഗതി അനിവാര്യമാക്കിയതെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. മുന്‍ വൈസ് ചാന്‍സലറായിരിക്കണം കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, മുന്‍ ഗവണ്‍മെന്റ് അത് ലംഘിച്ച് മുന്‍ അംബാസഡറെ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കി. കൗണ്‍സിലിന്റെ ഭാഗമായി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ രൂപീകരിച്ചതും നിയമപ്രകാരമായിരുന്നില്ല. ഇതെല്ലാം കാരണം ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിശ്ചലമായി. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

നാല് പുതിയ ആയുര്‍വേദ ആശുപത്രികള്‍
തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂള്‍ എന്നിവിടങ്ങളില്‍ പുതിയ ആയുര്‍വേദ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനാവശ്യമായ 16 തസ്തികകള്‍ സൃഷ്ടിക്കും.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ-ജനറല്‍-താലൂക്ക് ആശുപത്രികളില്‍ 197 സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2), 84 ലാബ് ടെക്‌നിഷ്യന്‍ ഗ്രേഡ്-2 തസ്തികകള്‍ സൃഷ്ടിക്കും.

സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

ജയില്‍ വകുപ്പില്‍ 25 പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതി എസ്റ്റാബഌഷ്‌മെന്റിലേക്ക് 33 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ ട്രെയ്‌നിങ് സെന്ററും എയര്‍ സ്ട്രിപ്പും നിര്‍മിക്കുന്നതിന് എന്‍സിസി വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് അനുമതി നല്‍കുന്നത്.

റോഡ് പരിപാലനത്തിന് പ്രത്യേക വിഭാഗം
പൊതുമരാമത്ത് വകുപ്പില്‍ റോഡ് പരിപാലനത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി ഒരു ചീഫ് എഞ്ചിനിയറുടെ തസ്തിക സൃഷ്ടിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് പരിപാലനം കാര്യക്ഷമമാക്കാനാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്.

സംസ്ഥാനത്തെ 10 ഗ്രാമ ന്യായാലയങ്ങളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓരോ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മനോജ് ജോഷി ജി എ ഡി സെക്രട്ടറി

കേന്ദ്ര ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരികെ വരുന്ന മനോജ് ജോഷിയെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും നോര്‍ക്കയുടെയും അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് വരുന്ന ബിശ്വനാഥ് സിഹ്‌നയെ ധനകാര്യ (എക്‌സ്പന്‍ഡിച്ചര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Government, Cabinet, Minister, Bank, Business.