Follow KVARTHA on Google news Follow Us!
ad

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കാം: തോമസ് ഐസക്

പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താത്കാലികമായി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ Kerala, Alappuzha, Thomas Issac, Doctor, Govt allowed Panchayat to appoint doctors temporarily
ആലപ്പുഴ: (www.kvartha.com 23.06.2017) പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താത്കാലികമായി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എം.എല്‍.എ. ഫണ്ട് അവലോകന യോഗത്തില്‍ അധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എച്ച്.സി.കളില്‍ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സി.എച്ച്.സി.കളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിനാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത്/പ്ലാന്‍ ഫണ്ടില്‍നിന്ന് ഇവര്‍ക്കുള്ള വേതനം ദേശീയാരോഗ്യദൗത്യത്തിന്റെ മാനദണ്ഡപ്രകാരം നല്‍കാം. ചെലവുകള്‍ പിന്നീട് സര്‍ക്കാര്‍ നല്‍കും. ഡോക്ടര്‍മാരെ നിയമിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം. ഇതു സംബന്ധിച്ച നിര്‍ദേശം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവ് ഇറക്കി.

കടല്‍ക്ഷോഭം മൂലം അപകടാവസ്ഥയിലുള്ള വീടുകള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 11 സ്ഥലങ്ങളില്‍ മണല്‍ നിറച്ച ജിയോ സിന്തെറ്റിക് ബാഗുകള്‍ സ്ഥാപിക്കുമെന്നും 12,000 ബാഗുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും തീരസംരക്ഷണ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ബാഗുകളാണ് സ്ഥാപിക്കുക. കയര്‍ ലാറ്റക്സ് ബാഗുകള്‍ അഞ്ചിടത്ത് സ്ഥാപിക്കും. ഒരു സ്ഥലത്ത് പൂര്‍ത്തീകരിച്ചുവരുന്നു. രണ്ടു മീറ്റര്‍ നീളവും 1.4 മീറ്റര്‍ വീതിയുമുള്ള കയര്‍ ബാഗുകളാണ് ഉപയോഗിക്കുന്നത്. കല്ല്, ഭൂവസ്ത്രം, കണ്ടല്‍/കാറ്റാടി ജൈവവേലി എന്നിവ ഉപയോഗിച്ചുള്ള തീരസംരക്ഷണം വേണമെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം തീരസംരക്ഷണത്തിനായി വേനല്‍ക്കാലത്ത് കടല്‍ ഇറങ്ങുമ്പോള്‍ തന്നെ ബാഗുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെത്തി ഹാര്‍ബറിലെ പൊഴി മൂടിക്കിടക്കുകയാണെന്നും ഇവിടത്തെ മണ്ണ് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മണ്ണ് മാറ്റാനുള്ള ടെണ്ടറായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും ബില്ല് സമര്‍പ്പിക്കാത്ത നിര്‍വഹണ ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം തേടാന്‍ ജില്ലാ കളക്ടറോട് മന്ത്രി നിര്‍ദേശിച്ചു. മഠയന്‍ തോട്ടിലെ കെ.എസ്. കനാല്‍വരെയുള്ള ഭാഗം നന്നാക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് നിര്‍ദേശിച്ചു.

നെഹ്റു ട്രോഫി വാര്‍ഡിലെ പൊട്ടിയ പൈപ്പുകള്‍ മാറ്റാനും നല്ല കുടിവെള്ളം എത്തിക്കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ജി.എസ്.ടി. നടപ്പാകുന്ന സാഹചര്യത്തില്‍ വാഹനവില കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രീതികുളങ്ങര ടാഗോര്‍ എല്‍.പി.എസ്. സ്‌കൂളിന് അനുവദിച്ച വാഹനം വാങ്ങുന്നതിനുള്ള മുന്‍കൂര്‍ പണം ഉടന്‍ കൈമാറാന്‍ ബി.ഡി.ഒ.യ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ജൂണ്‍ 24, 27,28,29 തീയതികളില്‍ ജില്ലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ തദ്ദേശസ്വയംഭരസ്ഥാപനങ്ങളും വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ വെള്ളം എത്തിക്കുന്നതിനായി പൈപ്പ് സ്ഥാപിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, Thomas Issac, Doctor, Govt allowed Panchayat to appoint doctors temporarily