Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സംഘ്പരിവാറിന്റെ വ്യാജപ്രചരണം; ആദ്യം പ്രചരിപ്പിച്ചത് 'മലബാറിലെ മുസ്ലിംകള്‍ കലാപത്തിന് കോപ്പ് കൂട്ടുന്നു, രണ്ടാം മാപ്പിള ലഹളയ്ക്ക് സാധ്യത' എന്ന്, രാജാറാം മോഹന്‍ദാസ് പോറ്റി പിടിയിലായതോടെ പ്രചരണം സിപിഎമ്മിനെതിരെ

പൂക്കോട്ടുംപാടം വില്ല്യത്ത് മഹാശിവക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലുകളിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവത്തി Kerala, Malappuram, kasaragod, News, RSS, Malabar, Islam, Ramadan, Muslim, Facebook, Fake, BJP, Temple,
മലപ്പുറം: (www.kvartha.com 28.05.2017) പൂക്കോട്ടുംപാടം വില്ല്യത്ത് മഹാശിവക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലുകളിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജപ്രചരണങ്ങള്‍ ശക്തം. മുസ്ലിം-ഹിന്ദു വര്‍ഗീയ കലാപം ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘ്പരിവാര്‍ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രവഹിക്കുന്നത്.

റമദാന്‍ വ്രതാരംഭ ദിവസമാണ് സംഭവം. ശനിയാഴ്ച രാവിലെ ശാന്തിക്കാരന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കോവിലുകള്‍ തുറന്ന നിലയില്‍ കണ്ടത്. ശിവന്റെ ശ്രീകോവിലിന്റെ പൂട്ട് മുറിച്ചാണ് അക്രമി അകത്തുകടന്നത്. വിഷ്ണുവിന്റെ ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നിരുന്നു. മറ്റ് ഉപദേവന്മാരുടെ ശ്രീകോവില്‍ വാതിലുകളും തുറന്ന നിലയില്‍ കണ്ടെത്തിയിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കവടിയാര്‍ സ്വദേശി നിലമ്പൂരില്‍ നിന്ന് പിടിയിലായി. രാജാറാം മോഹന്‍ദാസ് പോറ്റിയെന്നയാളാണ് പിടിയിലായത്. ഇയാള്‍ ജനുവരി 19ന് വാണിയമ്പലത്തെ ഒരു ക്ഷേത്രത്തില്‍ ഇതേ രീതിയില്‍ അക്രമം നടത്തിയിരുന്നു. ബിംബാരാധനക്കും ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും താന്‍ എതിരാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. മമ്പാട് പൊങ്ങല്ലൂരില്‍ താമസിക്കുന്ന കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

സംഭവം നടന്നയുടനെ സോഷ്യല്‍ മീഡിയയില്‍ മുസ്ലിംകളാണ് ഇത് ചെയ്തതെന്ന രീതിയില്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു. ബിജെപിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലും നടത്തിയിരുന്നു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. എംഎല്‍എ പി വി അന്‍വര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗവും അലങ്കോലപ്പെടുത്തി എന്ത് കൊണ്ടും ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാമെന്ന സംഘ്പരിവാര്‍ ശ്രമം പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം പാഴായി.

ഏറ്റവും പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് വന്നത് ഉണ്ണികൃഷ്ണന്‍ കാര്‍ത്തികേയന്‍ എന്ന സംഘപരിവാര്‍ പ്രൊഫൈലില്‍ നിന്നാണ്. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിയായ ഇയാള്‍ കോളജില്‍ എബിവിപി പ്രവര്‍ത്തകനായിരിന്നുവെന്നും ഇപ്പോള്‍ ആര്‍എസ്എസ് പ്രാദേശിക പ്രവര്‍ത്തകനാണെന്നുമാണ് അറിയുന്നത്.


'മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു. ശിവലിംഗം നെടുകെ വെട്ടിപ്പിളര്‍ത്തി. ശ്രീകോവിലില്‍ മലമൂത്ര വിസര്‍ജനം നടത്തി. തെക്കന്‍ കേരളത്തില്‍ ഹൈന്ദവര്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കാന്‍ സന്നദ്ധരാവുക. മലബാര്‍ മതേതര ഭീകര വാദികളുടെ പിടിയിലായിക്കഴിഞ്ഞു. ഒരു രണ്ടാം മാപ്പിള ലഹളയ്ക്ക് എല്ലാ സ്‌കോപ്പുമുണ്ട്. ഒന്നാം മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായത് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടും ഹിന്ദുക്കള്‍ ജന്തുക്കള്‍ ആയതു കൊണ്ടുമാണ്. രണ്ടാം മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാകണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം'. എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ചത്.

എന്നാല്‍ രാജാറാം മോഹന്‍ദാസ് പോറ്റി എന്നയാള്‍ പിടിയിലായതോടെ സംഘ്പരിവാറുകള്‍ സിപിഎമ്മിനെതിരെ തിരിഞ്ഞു. 'പ്രതി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. സിപിഎം അറിവോടെയാണ് സംഭവം. ഹൈന്ദവ സമൂഹത്തിന് നേരെയുള്ള സിപിഎം അതിക്രമം ചെറുക്കണം', തുടങ്ങിയ പ്രചരണങ്ങളും പല എഫ്ബി അക്കൗണ്ടുകളില്‍ നിന്നും പ്രവഹിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശവും പുണ്യ മാസവുമായതിനാല്‍ സംഘര്‍ഷമുണ്ടായാല്‍ ആളിക്കത്തുമായിരുന്നു. ഏതായാലും കേരള പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം ആര്‍ എസ് എസ് ലക്ഷ്യം വെച്ച വര്‍ഗീയ കലാപമാണ് മലപ്പുറത്ത് ചീറ്റിപ്പോയത്.



ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും ബിബാരാധനക്കും എതിരാണെന്നാണ് പിടിയിലായ പ്രതി പോലീസിനോട് പറഞ്ഞത്. ഇത് പദ്ധതി ചീറ്റിപ്പോയാല്‍ രക്ഷപ്പെടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണോ എന്നും സംശയമുണ്ട്. പ്രതിയെ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി എന്ന കുറ്റം മാത്രം ചുമത്തി രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നുതിന് പകരം ഇതിന് പിന്നിലെ ഗൂഡാലോചനയും കൂട്ട് പ്രതികളെയും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത എല്‍ ഡി എഫ് സര്‍ക്കാരിനുണ്ട്.

Keywords: Kerala, Malappuram, kasaragod, News, RSS, Malabar, Islam, Ramadan, Muslim, Facebook, Fake, BJP, Temple,