Follow KVARTHA on Google news Follow Us!
ad

ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ മലപ്പുറം

അങ്ങനെ ആ പൂരം കഴിഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പു പൂരം. യുഡിഎഫ് സ്ഥാനാര്‍Thiruvananthapuram, UDF, P.K.Kunhalikutty, DYFI, Malappuram, News, Politics, SDPI, BJP, Kerala,
സമകാലികം/ എസ് എ ഗഫൂര്‍

തിരുവനന്തപുരം: (www.kvartha.com 19.04.2017) അങ്ങനെ ആ പൂരം കഴിഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പു പൂരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ തോല്‍ക്കുമെന്നും ബിജെപി മൂന്നാമതാകും എന്നുമുള്ള കാര്യങ്ങളില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. 

ജയിക്കുന്നതാര്, തോല്‍ക്കുന്നതാര്, തോല്‍വിയും ജയവും ഉണ്ടാക്കാവുന്ന രാഷ്ട്രീയ നേട്ടങ്ങളും തിരിച്ചടികളും എന്തൊക്കെ, അതിന്റെ അനന്തര പ്രത്യാഘാതങ്ങള്‍ എന്തൊക്കെ തുടങ്ങിയ ചോദ്യങ്ങളാണ് ഏതു തെരഞ്ഞെടുപ്പിന്റെയും ഫലവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങള്‍. 

മലപ്പുറത്ത് ജയപരാജയങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2014ലെ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയ 1,94,739 കടക്കുമോ എന്നതായിരുന്നല്ലോ ചോദ്യം. രണ്ടു ലക്ഷം കടക്കുമെന്ന് ലീഗ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പരസ്യമായും ഭൂരിപക്ഷം കുത്തനേ കുറയുമെന്ന് സിപിഎം രഹസ്യമായും പറഞ്ഞു. 



സിപിഎമ്മിനും ഇടതുമുന്നണിക്കും പരസ്യമായി അങ്ങനെ പറയാന്‍ കഴിയുമായിരുന്നില്ല. ജയിക്കാന്‍ വേണ്ടി നടത്തുന്ന മത്സരത്തില്‍ എതിരാളിയുടെ ഭൂരിപക്ഷത്തേക്കുറിച്ചല്ല, സ്വന്തം ഭൂരിപക്ഷത്തേക്കുറിച്ചാണു പറയേണ്ടത്. അങ്ങനെയാണ് രാഷ്ട്രീയ പോരാട്ടം നടത്തേണ്ടത്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ആ കിടിലന്‍ പ്രസ്താവനയുണ്ടല്ലോ, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും എന്നത്. അതും ഈ ശരിയായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി പുറത്തുവന്നതാണ് എന്നതാകും ശരിയായ മനസിലാക്കല്‍. അതിനു പകരം, ഈ കോടിയേരി എന്തു മണ്ടത്തരമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കാനാണ് കോടിയേരിയുടെ പ്രസ്താവന എന്നുമൊക്കെയാണ് പലരും പറഞ്ഞത്. പിണറായി കൂടി അറിഞ്ഞുകൊണ്ട്, സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി പറഞ്ഞ ആ കാര്യം രണ്ടുകൂട്ടര്‍ക്കാണ് ശരിയായി മനസിലായിട്ടുണ്ടാവുക. 

ഒന്നാമതായി, സിപിഎം അണികള്‍ക്ക്, അവര്‍ക്ക് അതുണ്ടാക്കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് തോല്‍വിയിലും മികവോടെ തല ഉയര്‍ത്തി നില്‍ക്കാനുതകുന്നത്ര വോട്ടുകള്‍ ഫൈസല്‍ നേടിയത്. രണ്ടാമതായി, ലീഗിന്റെ ഉന്നത നേതൃത്വത്തിന് കാര്യം ബോധ്യമായി. സിപിഎം ഇഞ്ചോടിഞ്ച് പൊരുതാനാണ് ഉദ്ദേശിക്കുന്നതെന്ന്. അതുതന്നെയാണല്ലോ സംഭവിച്ചത്. വളരെ വ്യവസ്ഥാപിതമായി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡങ്ങളിലും ഇടതുമുന്നണി പ്രവര്‍ത്തിച്ചു. ആ ഏഴിടത്തും ലീഡ് നേടിയത് ലീഗല്ലേ എന്നു ചോദിക്കാം, ശരിയാണ്. പക്ഷേ, അതിലൊന്നു പോലും നിലവില്‍ ഇടതു സീറ്റുകളല്ല എന്നു മനസിലാക്കണം. 

ബിജെപി വന്‍തോതില്‍ വോട്ടുകള്‍ പിടിക്കുമെന്നും കഴിഞ്ഞ തെരഞ്ഞടുപ്പിലെ 64,705 വോട്ടുകളുടെ ആറിരട്ടിയായി അവരുടെ അക്കൗണ്ട് മാറുമെന്നുമുള്ള പ്രചാരണം ശക്തമായിരുന്നു. അത് ഒരു കണക്കിന് ബിജെപിയുടെ വിജയമാണ്. അവര്‍ക്കുള്ള ശക്തിയേക്കാള്‍ പെരുപ്പിച്ചു കാട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ജനം കുറേയൊക്കെ അത് വിശ്വസിക്കുകയും ചെയ്യുന്നു. അക്കാര്യത്തില്‍ അവര്‍ ചെയ്തു. ആറിരട്ടിയൊന്നും കിട്ടിയില്ലെങ്കിലും ഒരു ലക്ഷം കടക്കും എന്ന പ്രതീതി ശക്തമായിരുന്നു. അതിനൊത്ത വിധം അവര്‍ പ്രവര്‍ത്തിച്ചു. 

കേന്ദ്രത്തിലെ നരേന്ദ്ര മോഡി ഭരണം, കേരളവും ക്രമേണയെങ്കിലും ബിജെപിക്ക് പ്രാപ്യമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നേമത്തെ വിജയവും ഏഴിടത്തെ രണ്ടാം സ്ഥാനവും വച്ച് വിലയിരുത്താവുന്ന സ്ഥിതി ഇതൊക്കെ ഈ പ്രതീതിക്ക് ആക്കം കൂട്ടിയ ഘടകങ്ങളാണ്. പക്ഷേ, ജനാധിപത്യത്തില്‍ ജനമാണ് രാജാവ്, അന്തരീക്ഷത്തില്‍ പറന്നു നടക്കുന്ന വാചകങ്ങളല്ല എന്ന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഫലം വന്നത്. കുഞ്ഞാലിക്കുട്ടിക്ക് അഹമ്മദിന്റെ ഭൂരിപക്ഷത്തേക്കാള്‍ കാല്‍ ലക്ഷത്തോളം കുറഞ്ഞതുപോലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന് 970 വോട്ടുകള്‍ മാത്രമാണ് വര്‍ധിച്ചത്. 

ആയിരം തികച്ചില്ല. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടിപ്പിനു ശേഷം അധികമായി ചേര്‍ക്കപ്പെട്ട പുതിയ വോട്ടര്‍മാരുടെ മാന്യമായ ഓഹരി യുഡിഎഫിനും എല്‍ഡിഎഫിനും ലഭിക്കുകയും അവരുടെ മൊത്തം വോട്ട് കുത്തനേ കൂടുകയും ചെയത്‌പ്പോഴാണ് ഇത്. പക്ഷേ, അപ്പോഴും ബിജെപിക്ക് കുറവല്ല കൂടുതലാണ് ഉണ്ടായതെന്ന യാഥാര്‍ത്ഥ്യം ബാക്കിയാണ്. മലപ്പുറത്തെ തിരിച്ചടിയുടെ പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ എന്തെങ്കിലും പാഠം പഠിക്കുമെന്നോ അമിത് ഷാ ലൈന്‍ മാറ്റുമെന്നോ കരുതുന്നതില്‍ അര്‍ത്ഥമില്ല. കൂടിവന്നാല്‍ അവര്‍ കുമ്മനം രാജശേഖരന്റെ അമിത ആത്മവിശ്വാസ ലൈനൊന്നു മാറ്റിപ്പിടിച്ച് രണ്ടുവര്‍ഷം കഴിഞ്ഞു നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചേക്കാം. 

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന സുപ്രധാന രാഷ്ട്രീയ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കെ വാര്‍ത്തയാണ്. സ്വകാര്യമായി രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ പറഞ്ഞത് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ സാമ്പത്തിക സ്ഥിതിയില്ല എന്നാണ്. പൊതുതെരഞ്ഞെടുപ്പില്‍ പൊതുവായ ഫണ്ട് സമാഹരണം നടത്താനും മറ്റും പറ്റും. പക്ഷേ, മുഖ്യധാരാ പാര്‍ട്ടികളെപ്പോലെ തങ്ങള്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ ഇറങ്ങിപ്പുറപ്പെടാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. 

കുറേയൊക്കെ അത് ശരിയുമാണ്. പക്ഷേ, അങ്ങനെയായിരിക്കുമ്പോഴും അതൊരു കൃത്യമായ രാഷ്ട്രീയ തീരുമാനമായിരുന്നു. ആ തീരുമാനത്തിന്റെ ഗുണഫലം കൂടുതല്‍ ലഭിച്ചത് യുഡിഎഫിനാണ് എന്ന് ആ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് എസ്ഡിപിഐയുടെ നേതാക്കള്‍ പറയുന്നു. പറഞ്ഞത് മനസാക്ഷി വോട്ടാണെങ്കിലും തങ്ങള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് എതിരായാണ് വോട്ടു ചെയ്തതത്രേ. അതിന് കാരണമായി അവര്‍ പറയുന്നത് ഇടതു സര്‍ക്കാര്‍ മുമ്പത്തേതില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിം വിരുദ്ധമായ പല തീരുമാനങ്ങളുമെടുക്കുന്നു എന്നതാണ്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം വോട്ടു ചെയ്യേണ്ട എന്നായിരുന്നു, സ്വകാര്യമായി. അത് കുറേയൊക്കെ നടക്കുകയും ചെയ്തു. ബാക്കി എങ്ങനെ, എങ്ങോട്ടു പോയി എന്ന് അറിയാന്‍ തല്‍ക്കാലം വഴിയൊന്നുമില്ല.

ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ചോദിച്ച ആ ചോദ്യം പ്രസക്തമാണ്. അഹമ്മദിന് ലഭിച്ച അധിക വോട്ടുകളും ഇത്തവണത്തെ പുതിയ വോട്ടുകളും പിന്നെ എസ്ഡിപിഐയുടെ വോട്ടുകളും കൂടി ചേര്‍ന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഇത്ര കിട്ടിയാല്‍ പോരല്ലോ. അപ്പോള്‍പ്പിന്നെ എസ്ഡിപിഐ വോട്ടുകള്‍ കിട്ടിയെന്നു പറയുന്നതില്‍ എന്തു കാര്യം. ചോദ്യം ശരിയാണ്. പക്ഷേ, ബിജെപിക്ക് അധികമായി ലഭിക്കേണ്ട സ്വാഭാവിക വോട്ടുകള്‍ എവിടെപ്പോയി എന്ന ചോദ്യവും ഇതേവിധം പ്രസക്തമാണ്. ജനാധിപത്യത്തില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം എളുപ്പമല്ല എന്നാണ് ഇതിനൊക്കെയുള്ള മറുപടി.

Also Read:
കാസര്‍കോട്ട് പോലീസ് സുരക്ഷ കര്‍ശനമാക്കി; രാത്രി 9.30ന് ശേഷം ഓടുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: Malappuram election result was predictable, but no proper answers for some questions, Thiruvananthapuram, UDF, P.K.Kunhalikutty, DYFI, Malappuram, News, Politics, SDPI, BJP, Article, Kerala.