Follow KVARTHA on Google news Follow Us!
ad

ഒന്നാം വര്‍ഷത്തില്‍ വീണ്ടുമൊരു മന്ത്രിസഭാ പുനഃസംഘടന? അഭ്യൂഹങ്ങള്‍ സജീവം, ആരൊക്കെ മാറും?

11 മാസം തികഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന് ഒരു വര്‍ഷം തികയാന്‍ ഒരു മാസം ബാക്കിനില്‍ക്കെ മന്ത്രിസഭാ അഴിച്ചുപണിയേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവം. ബന്ധു നിയമന Thiruvananthapuram, Kerala, Politics, Pinarayi Vijayan, LDF, Government, CPM, CPI, Trending, Featured
തിരുവനന്തപുരം: (www.kvartha.com 27.04.2017) 11 മാസം തികഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന് ഒരു വര്‍ഷം തികയാന്‍ ഒരു മാസം ബാക്കിനില്‍ക്കെ മന്ത്രിസഭാ അഴിച്ചുപണിയേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവം. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജന്‍ രാജിവച്ചപ്പോഴാണ് പിണറായി മന്ത്രിസഭ ആദ്യമായി പുനഃസംഘടിപ്പിച്ചത്. എ സി മൊയ്തീന് വ്യവസായ വകുപ്പ് നല്‍കുകയും മൊയ്തീനില്‍ നിന്ന് വിനോദ സഞ്ചാരം കടകംപള്ളി സുരേന്ദ്രനു നല്‍കുകയും ചെയ്തു. സുരേന്ദ്രന്‍ ഭരിച്ചിരുന്ന പ്രധാന വകുപ്പായിരുന്ന വൈദ്യുതിയാണ് എം എം മണിക്ക് നല്‍കിയത്.


ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പെടുത്തുന്ന കാര്യത്തില്‍ ഇപ്പോഴും ഉറച്ച തീരുമാനമായിട്ടില്ല. ബന്ധു നിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി ജയരാജനെ താക്കീത് ചെയ്തതോടെ ആ അധ്യായം അവസാനിച്ചുവെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതുകൊണ്ട് തിരിച്ചുകൊണ്ടുവന്ന് കൂടായ്കയില്ല. ഏറ്റുമാനൂര്‍ എം എല്‍ എ കെ സുരേഷ് കുറുപ്പിനെ മന്ത്രിയാക്കിക്കൊണ്ട് കോട്ടയം ജില്ലയ്ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് അറിയുന്നു. എന്നാല്‍ ഏത് മന്ത്രിയെയാണ് ഒഴിവാക്കുക എന്ന് വ്യക്തമല്ല. ആരെയും ഒഴിവാക്കാതെതന്നെ പുതിയ ഒരു മന്ത്രിയെക്കൂടി ഉള്‍പെടുത്തിക്കൂടായ്കയില്ല.

മുഖ്യമന്ത്രി ഉള്‍പെടെ 19 മന്ത്രിമാരാണ് ഇപ്പോള്‍ ഉള്ളത്. വകുപ്പുകളില്‍ വ്യാപക അഴിച്ചുപണിയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ മാറ്റിയേക്കുമെന്നും അല്ലെങ്കില്‍ മറ്റൊരു വകുപ്പിലേക്ക് മാറ്റി സുരേഷ് കുറുപ്പിനെ വിദ്യാഭ്യാസ മന്ത്രിയാക്കുമെന്നുമുള്ള സൂചന ശക്തമാണ്. വിദ്യാഭ്യാസ വകുപ്പിനേക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉയരുന്ന സാഹചര്യത്തിലാണിത്. മറ്റു പല വിവാദങ്ങള്‍ക്കുമിടയില്‍ ഈ വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നേയുള്ളു. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകണ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. പുതിയ വകുപ്പ് ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി പ്രഖ്യാപിക്കും. സാമൂഹികനീതി ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കു തന്നെയായിരിക്കും ആ വകുപ്പിന്റെ ചുമതല.

സര്‍ക്കാരിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ തുടര്‍ന്നും ഭരിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ചില വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയും സുരേഷ് കുറുപ്പിനെ സ്പീക്കറാക്കുകയും ചെയ്യുമെന്ന അഭ്യൂഹം നേരത്തേയുണ്ട്. എന്നാല്‍ സ്പീക്കറായി തുടരാനാണ് ശ്രീരാമകൃഷ്ണന് താല്‍പര്യം. മാത്രമല്ല, നല്ല സ്പീക്കറെന്നു പേരുകേള്‍പ്പിക്കുകയും പ്രതിപക്ഷത്തിനു പോലും അദ്ദേഹത്തേക്കുറിച്ച് പരാതികള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് മാറ്റം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല.

ഘടക കക്ഷി മന്ത്രിമാരുടെ പക്കലുള്ള ഏതെങ്കിലും വകുപ്പുകള്‍ മാറ്റുന്നതിനേക്കുറിച്ച് മുന്നണി തലത്തിലോ ഉഭയകക്ഷി തലത്തിലോ ചര്‍ച്ചകള്‍ വന്നിട്ടില്ല. അതുകൊണ്ട് ആ വകുപ്പുകളുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരുമത്രേ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Politics, Pinarayi Vijayan, LDF, Government, CPM, CPI, Trending, Featured, Cabinet re shuffle on air in Kerala again?.