Follow KVARTHA on Google news Follow Us!
ad

ആരുടെ സ്വന്തം നാടെന്നാണ് പറയുന്നത്....?

ഇനി മേലില്‍ ആ പരസ്യവാചകം ഉപയോഗിച്ചു പോകരുത് എന്ന് സംസ്ഥാന ടൂറിസം വകുപ്പിനോടു പറയാന്‍ ,Kerala, Article, Travel & Tourism, Crime, Harassment, SA Gafoor, God's Own Country, Kerala must delete that slogan, God's own country
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 19.03.2017)
ഇനി മേലില്‍ ആ പരസ്യവാചകം ഉപയോഗിച്ചു പോകരുത് എന്ന് സംസ്ഥാന ടൂറിസം വകുപ്പിനോടു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുമോ. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസം മുദ്രാവാക്യത്തേക്കുറിച്ചാണ് പറയുന്നത്. Kerala, God's own coutnry എന്ന് പ്രചരിപ്പിച്ച് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ പരസ്യങ്ങളും ലേഖനങ്ങളും കൊടുക്കാന്‍ തുടങ്ങിയതുമുതലാണ് കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടായത് എന്നാണ് ആസ്ഥാന ടൂറിസം വിദഗ്ധര്‍ പറയുന്നത്. കേരളത്തിന്റെ പ്രധാന വരുമാന മേഖലകളിലൊന്നായി ടൂറിസം മാറിയപ്പോള്‍ അത് ഈ മുദ്രവാക്യത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയായി കേരളം മാറിയ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനിടയിലും വലിയ മാറ്റമൊന്നുമുണ്ടായില്ല. ദൈവത്തിന്റെ നാടിനെ ചെകുത്താന്റെ നാടാക്കി മാറ്റരുത് എന്ന് പലപ്പോഴും പല അനുഭവങ്ങളും കണ്ടും കൊണ്ടും അതാതു കാലത്തെ പ്രതിപക്ഷം ഭരണപക്ഷത്തോട് കലഹിച്ചിട്ടൊക്കെയുണ്ട്. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാട് എന്നത് പരസ്യ മുദ്രാവാക്യത്തിനപ്പുറം കേരളത്തിന് ചാര്‍ത്തിക്കിട്ടിയ എന്തോ ഒരു സ്ഥിരം അംഗീകാരം പോലെയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരും മാധ്യമങ്ങളും പ്രചരിപ്പിച്ചു പോരുന്നത്. നിയമസഭയിലായാലും പുറത്തായാലുമൊക്കെ ഇടയ്ക്കിടെ അത് ആധികാരികമായിത്തന്നെ പറയുന്ന പലരുമുണ്ട്: സര്‍, കേരളം ദൈവത്തിന്റെ സ്വന്തം നാടാണല്ലോ...' എന്ന മട്ടില്‍.

പക്ഷേ, ഇനി അതുപയോഗിക്കരുത് എന്ന്, അതല്ലെങ്കില്‍ കുറച്ചുകാലത്തേക്കെങ്കിലും അതുപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാന്‍ കാരണമുണ്ട്. ഓരോ ദിവസവും നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിനീചമായ സ്ത്രീവിരുദ്ധ സംഭവ വികാസങ്ങള്‍ക്കിടയില്‍ ആ മുദ്രാവാക്യം പരിഹാസ്യമായി മാറിയിരിക്കുന്നു. ടി വി ചാനലുകളിലും പത്രങ്ങളിലും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കേരളത്തിലെ ബലാല്‍സംഗ വാര്‍ത്തകള്‍ നിറഞ്ഞു കവിയുകയാണ്. ഇതൊന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ലെന്നും മുമ്പത്തേക്കാള്‍ അത്തരം സംഭവങ്ങള്‍ പുറത്തേക്കു വരുന്നുവെന്നേയുള്ളു എന്നൊക്കെ ഭരിക്കുന്നവര്‍ക്ക് പറയാം, പറഞ്ഞൊഴിയാം. പക്ഷേ, കേരളം മുഴുവനായി ഒരു 'റേപ്പ് ഡെസ്റ്റിനേഷന്‍' ആയി മാറിയിരിക്കുന്നു എന്നത് നിഷേധിച്ചിട്ടു കാര്യമില്ല.

Kerala, Article, Travel & Tourism, Crime, Harassment, SA Gafoor, God's Own Country, Kerala must delete that slogan, God's own country


എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നരാധമന്മാരുടെയും അര്‍ധരാത്രിയില്‍ മകളെ കാണാനില്ലെന്ന പരാതിയുമായി ചെല്ലുന്ന മാതാപിതാക്കളോട് രാവിലെ വരാന്‍ പറയുന്ന പൊലീസിന്റെയും നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കാതിരിക്കാനുള്ള ഔചിത്യം കാണിക്കണം. വേണമെങ്കില്‍ ഇവന്മാരെയൊക്കെ ശിക്ഷിച്ച്, ഈ പൊലീസിനെ നന്നാക്കിയിട്ട് നമുക്ക് ഈ മുദ്രാവാക്യം പുന:സ്ഥാപിക്കാം. അതുവരെ, ദയവായി ദൈവത്തിന്റെ മഹത്തായ നാമം ചെകുത്താന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പശ്ചാത്തലമായി പറഞ്ഞുകൊണ്ടിരിക്കരുത്.
ബ്ലേഡ് മാഫിയയുടെ കൈയില്‍ നിന്ന് പണം വാങ്ങുന്ന സി ഐ, പത്ത് വയസുള്ള ചെറുമകളെ പീഢിപ്പിച്ചിട്ട് അത് ആ കുട്ടിയുടെ അഛന്റെ തലയില്‍ വച്ചുകെട്ടുന്ന മുത്തഛന്‍, പള്ളിമേടയില്‍ പാവപ്പെട്ട പെണ്‍കുട്ടിയെ ആസ്വദിച്ച് ഗര്‍ഭിണിയാക്കിയിട്ട് കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വൈദികന്‍, ആ വൈദികനെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ അച്ചനും കന്യാസ്ത്രീമാരും, യത്തീംഖാനയില്‍ താമസിക്കുന്ന അനാഥപ്പെണ്‍കുട്ടികളെ സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ കടയില്‍ വിളിച്ചുകയറ്റി പീഢിപ്പിക്കുന്ന ക്രിമിനലുകള്‍..............ശരിക്കും ആരുടെ നാട് എന്നാണ് നമ്മുടെ നാടിനെ വിശേഷിപ്പിക്കേണ്ടത്? ഏതായാലും ദൈവം ഇതൊക്കെ കാണുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം. അവിടുത്തെ കോടതിയില്‍ സത്യം സത്യമായും നീതി നീതിയായും നടപ്പാകും എന്നതും. പക്ഷേ, മനുഷ്യര്‍ക്ക് നീതിപാലന സംവിധാനങ്ങള്‍ നല്‍കിയത് അത് നീതിപൂര്‍വം നടപ്പാക്കാന്‍ കൂടിയാണ്. അത് അങ്ങനെതന്നെ വേണം. ഒപ്പം, നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളേക്കുറിച്ച് ശരിയായ തിരിച്ചറിവ് ഉണ്ടാവുകയും അത് പ്രകടിപ്പിക്കുകയും വേണം. മനോഹരമായ ആ പരസ്യ വാചകം ഫ്രീസ് ചെയ്യുക വഴി ആ തിരിച്ചറിവാണ് കേരളം പ്രകടിപ്പിക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Travel & Tourism, Crime, Harassment, SA Gafoor, God's Own Country, Kerala must delete that slogan, God's own country