Follow KVARTHA on Google news Follow Us!
ad

അണ്ടര്‍ഗ്രൗണ്ടില്‍ കളികളൊരുങ്ങുന്നു; തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ കേസിനു പോകാന്‍ സ്‌ക്രിപ്റ്റ് റെഡി, അത് ഇങ്ങനെ

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചാല്‍ അതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ 'അണ്ടര്‍ഗ്രൗണ്ട്' Thiruvananthapuram, Kerala, P.K Kunjalikutty, Muslim-League, Election, Featured, Trending, Politics,
തിരുവനന്തപുരം: (www.kvartha.com 27.03.2017) മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചാല്‍ അതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ 'അണ്ടര്‍ഗ്രൗണ്ട്' ധാരണ എന്ന് സൂചന. കുഞ്ഞാലിക്കുട്ടിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഫൈസലിനും ബി ജെ പി സ്ഥാനാര്‍ത്ഥി പ്രകാശിനും പുറമേ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളിലൊരാളായിരിക്കും തെരഞ്ഞെടുപ്പു കേസ് കൊടുക്കുക.

If Malappuram result is favorable to Kunhalikkutty, somebody will approach ECI

വിജയം റദ്ദാക്കണമെന്നും മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്ന കേസ് കൊടുക്കുന്നത് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ച ശേഷമായിരിക്കും എന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില കരുനീക്കങ്ങള്‍ സജീവമാണ്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ എതിരാളികളേക്കാള്‍ മറ്റുചില വിരോധങ്ങള്‍ അദ്ദേഹത്തോട് ഉള്ളവരാണ് കരുനീക്കങ്ങള്‍ക്കു പിന്നില്‍.

തെരഞ്ഞെടുപ്പു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ അതില്‍ ഭാര്യയുടെ സ്വത്തുവിവരങ്ങളേക്കുറിച്ചു പറയേണ്ട ഭാഗം പൂരിപ്പിക്കാതിരുന്നത് ചൂണ്ടിക്കാട്ടി ബി ജെ പിയാണ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നത്. എങ്കിലും തെരഞ്ഞെടുപ്പു വരണാധികാരിയായ മലപ്പുറം ജില്ലാ കലക്ടര്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചു. അതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയിട്ടില്ല. താന്‍ ഡല്‍ഹിയില്‍ എത്തുന്നത് ഭയക്കുന്നവരാണ് വിവാദത്തിനു പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ തങ്ങള്‍ക്ക് ഭയമില്ലെന്നും നിയമപരമായി ഈ പ്രശ്‌നം നേരിടുമെന്നുമാണ് ബി ജെ പി പറയുന്നത്. അതിനിടയിലാണ്, തെരഞ്ഞെടുപ്പു കഴിഞ്ഞ് വേങ്ങര സീറ്റും രാജിവച്ച ശേഷം കുഞ്ഞാലിക്കുട്ടിക്കെതിരേ കേസിനു പോകാനുള്ള ധാരണ ചില കേന്ദ്രങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നത്. അത് കമ്മീഷന്‍ അംഗീകരിച്ച് കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയാല്‍ എം പിയുമല്ല എം എല്‍ എയുമല്ല എന്ന സ്ഥിതിയുണ്ടാകും. ജനപ്രാതിനിധ്യ നിയമപ്രകാരമായിരിക്കും നടപടി. തുടര്‍ന്ന് നിശ്ചിത കാലത്തേക്ക് മത്സരിക്കുന്നതിന് അയോഗ്യതയും ഉണ്ടായേക്കാം. അതുതന്നെയാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നത്.

ഭാര്യയുടെ സ്വത്തു വിവരം മറച്ചുവച്ചത് ജനപ്രാതിനിധ്യ നിയമം 125-ാം വകുപ്പനുസരിച്ച് ക്രിമിനല്‍ കേസ് ആണെന്ന് ഇപ്പോഴത്തെ പരാതിക്കാരനായ എ കെ ഷാജി വാദിക്കുന്നു. എന്നാല്‍ സി പി എമ്മോ ഇടതുമുന്നണിയോ ഈ പ്രശ്‌നം ഏറ്റെടുത്തിട്ടില്ല. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള കൈപുസ്തകത്തില്‍ നോമിനേഷന്‍ പരിശോധനയെപ്പറ്റി നല്‍കുന്ന നിര്‍ദേശമനുസരിച്ച്, അപേക്ഷയില്‍ തെറ്റായ വിവരമോ തെറ്റിദ്ധാരണാജനകമായ വിവരമോ ചെറിയ തെറ്റുകളോ ഉണ്ടായാല്‍ പത്രിക തള്ളരുത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എതിര്‍പ്പ് തള്ളി കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ച് ഉത്തരവിറക്കിയത്.

അതേസമയം, സമീപ കാലത്ത് ജനപ്രാതിനിധ്യ നിയമത്തില്‍ വലിയ മാറ്റങ്ങളുണ്ടായത് കുഞ്ഞാലിക്കുട്ടിക്ക് വിനയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥാനാര്‍ത്ഥിയുടെയും ആശ്രിതരുടെയും സകല സ്വത്തുവിവരങ്ങളും ക്രിമിനല്‍ കേസ് വിവരങ്ങളും തുടങ്ങി എല്ലാം അറിയാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ടെന്നും ഇതെല്ലാം സത്യവാങ്മൂലത്തോടൊപ്പം സമര്‍പിക്കണമെന്നും സുപ്രീംകോടതി വിധിയുമുണ്ട്. എന്നുമാത്രമല്ല, ഏതെങ്കിലും കോളം പൂരിപ്പിക്കാതെ ബാക്കിയിട്ടാല്‍, സ്വത്തുവിവരമോ ക്രിമിനല്‍ കേസോ മനഃപൂര്‍വം മറച്ചുവെച്ചാല്‍, അത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും അത്തരം പത്രിക സ്വീകരിച്ചതുതന്നെ തെറ്റാണെന്നും വിധിന്യായങ്ങളുണ്ട്.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള കൈപ്പുസ്തകത്തില്‍ നിന്ന് നോമിനേഷന്‍ തള്ളാതിരിക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഉദ്ധരിച്ച നിര്‍ദേശത്തിനു താഴെ പത്താമതായി പറഞ്ഞിരിക്കുന്നത്, അവസരം നല്‍കിയ ശേഷവും ഏതെങ്കിലും കോളം ഒഴിച്ചിട്ട നോമിനേഷന്‍ നിശ്ചയമായും തള്ളണം എന്നുതന്നെയാണ്. സ്വത്തു കാണിച്ചപ്പോള്‍ രണ്ടു കോടി കുറച്ചു കാണിച്ച ആ തെറ്റായ വിവരമല്ല, മറിച്ച് പൂരിപ്പിക്കാത്ത ആ കോളമാണ് കുഞ്ഞാലിക്കുട്ടിക്ക് ഭാവിയില്‍ വിനയാവുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, P.K Kunjalikutty, Muslim-League, Election, Featured, Trending, Politics, By-election, Malappuram, If Malappuram result is favorable to Kunhalikkutty, somebody will approach ECI.